കോഴിക്കോട്: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംഘപരിവാറുകരാനായ ഗജേന്ദ്ര ചൗഹനെ നിയമിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് കോഴിക്കോട് ഐക്യദാര്‍ഢ്യ പ്രകടനം.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം കേവലം വിജയ് ചൗഹാന്റെ നിയമനത്തിനെതിരായ സമരം മാത്രമല്ലെന്നും മറിച്ച് ഫാസിസത്തിനെതിരായ പോരാട്ടം കൂടിയാണെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ചിന്തയും ആവിഷ്‌കാര സ്വാതന്ത്ര്യവും നില നില്‍ക്കുന്ന എഫ്.ടി.ഐ.ഐയുടെ തലപ്പത്തേക്ക് ഗജേന്ദ്ര ചൗഹാനെ പോലെയുള്ള രാഷ്ട്രീയക്കാരന്‍ കടന്ന് വരുമ്പോള്‍ അടിസ്ഥാന തത്വങ്ങള്‍ ഇല്ലാതാകുമെന്ന് വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നുണ്ടെന്നും ഗോപാല്‍ മേനോന്‍ പറഞ്ഞു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ സാമൂഹിക സാംസ്‌കാരിക മേഖലകളിലും കോര്‍പറേറ്റ് കാവിവത്കരണം നടത്തുകയാണെന്നും അതിനെതിരായ സമരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാഭാരതത്തിലെ യുധിഷ്ഠിരന്‍ ആവാന്‍ പോലും യോഗ്യതയില്ലാത്ത ആളാണ് ഗജേന്ദ്ര ചൗഹാനെന്ന് പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ പറഞ്ഞു. എഫ്.ടി.ഐ.ഐയിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണെന്നും ഷഹബാസ് അമന്‍ അഭിപ്രായപ്പെട്ടു.
കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് പേരാണ് പാട്ടു പാടിയും മുദ്രാവാക്യം വിളിച്ചും ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്തത്.