തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ പോരാട്ടത്തിന് സമരൈക്യം പ്രഖ്യാപിച്ച് കെ.കെ രമ എം.എല്‍.എ. വിജയം വരെ ആശാവര്‍ക്കര്‍മാരുടെ പോരാട്ടത്തിനൊപ്പമുണ്ടാവുമെന്നും വേണ്ടിവരികയാണെങ്കില്‍ സമരത്തിന് ഒപ്പമിരിക്കാന്‍ തയ്യാറാവുമെന്നും കെ.കെ. രമ ഫേസ്ബുക്കില്‍ കുറിച്ചു.
സാമൂഹ്യാരോഗ്യ രംഗത്തും മാതൃശിശു സംരക്ഷണ രംഗത്തും സര്‍ക്കാറിന് വേണ്ടി ഏറ്റവും അടിത്തട്ടില്‍ ഇടപെടുന്ന ആശാവര്‍ക്കര്‍മാര്‍ ന്യായമായ വേതന വര്‍ദ്ധനവിന് വേണ്ടി നടത്തുന്ന സമാധാനപരമായ സമരത്തെ, അപമാനിക്കാനും അപഹസിക്കാനും വേണ്ടിയാണ് ഒരു ട്രേഡ് യൂണിയന്‍ നേതാവായി വളര്‍ന്നുവന്ന എളമരം കരീം ദേശാഭിമാനി പോലൊരു പത്രത്തില്‍ ‘ആര്‍ക്കുവേണ്ടിയാണ് ഈ സമര നാടകം? ‘എന്ന പേരില്‍ ഒരു മുഴുനീള ലേഖനം എഴുതിയതെന്നും കെ.കെ. രമ പറഞ്ഞു.
തൊഴിലാളി വര്‍ഗത്തിന്റെ ജിഹ്വ എന്ന് പൂര്‍വ്വസൂരികള്‍ വിശേഷിപ്പിച്ച ഒരു പത്രത്തിനും ഒരു തൊഴിലാളി നേതാവിനും ഇതില്‍ കൂടുതല്‍ അധ:പതനം വരാനില്ലെന്നും ‘അരാജകവാദികളുടെ സമരം’ എന്നാണ് അദ്ദേഹം ഈ സമരത്തെ പരിഹസിച്ചതെന്നും കെ.കെ.രമ പറഞ്ഞു.
തങ്ങളുടെ നേതൃത്വത്തിലോ ആശിര്‍വാദത്തിലോ അല്ലാതെ നടക്കുന്ന എല്ലാ സമരങ്ങളും സി.പി.ഐ.എമ്മിന് അരാജക സമരങ്ങളാണെന്നും കൂട്ടത്തില്‍ മൂന്നാറില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരത്തെയും അപഹസിക്കാന്‍ അദ്ദേഹം മറന്നില്ലെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.
പെമ്പിളൈ ഒരുമൈ സമരത്തെ തങ്ങള്‍ പിന്തുണച്ചില്ലെന്നാണയിടുന്ന എളമരം കരീമിന് ആ സമരത്തെ പിന്തുണച്ച വി.എസ് അച്ചുതാനന്ദനെ തള്ളിപ്പറയാനാവുമോയെന്നും കെ.കെ. രമ ചോദിച്ചു.
‘തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുകയും, ഭരണമില്ലാത്ത സന്ദര്‍ഭത്തില്‍ പോലും നിരവധി സഹകരണ സ്ഥാപനങ്ങളിലൂടെയും റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധങ്ങളിലൂടെയും പുത്തന്‍ പണക്കാരുമായുള്ള അവിശുദ്ധ ബന്ധങ്ങളിലൂടെയും സമ്പത്തും അധികാരവും കയ്യടക്കി ഒരു സമാന്തര ഭരണകൂടമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.ഐ.എമ്മിന് ഇത്തരം സമരങ്ങള്‍ ശല്യമായില്ലെങ്കിലേ അത്ഭുതമുള്ളൂ,’കെ.കെ. രമ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിലെ ആശാവര്‍ക്കര്‍മാരെ നോക്കൂ എന്നുപറയുന്ന എളമരം കരീമിനോട് നിങ്ങളുടെ സര്‍ക്കാര്‍ നടത്തുന്ന പാഴ് ചിലവുകളിലേക്കും ധൂര്‍ത്തുകളിലേക്കും പി.എസ്.സി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടത്തിക്കൊടുക്കുന്ന അന്യായമായ വേതന വര്‍ദ്ധനവിലേക്കും നോക്കണമെന്നാണ് ആ പാവം തൊഴിലാളികള്‍ പറയുന്നതെന്നും കെ.കെ. രമ പറഞ്ഞു.
അതുകൊണ്ട് എളമരം കരീമിനും സി.പി.ഐ.എമ്മിനും ഇഷ്ടമായാലും ഇല്ലെങ്കിലും ഇത്തരം ജീവല്‍സമരങ്ങള്‍ കേരളത്തില്‍ ഇനിയും നടക്കുമെന്നും, അവ നിങ്ങളുടെ അധികാര പ്രമത്തതയും സ്വേച്ഛാധിപത്യ മനോഭാവവും വീണ്ടും വീണ്ടും വെളിച്ചത്തു കൊണ്ടുവരുമെന്നും അധികാരികള്‍ കണ്ണടച്ചാല്‍ പോര്‍നിലങ്ങളില്‍ ഇരുട്ടല്ലെന്നും കെ.കെ.രമ കൂട്ടിച്ചേര്‍ത്തു.
Content Highlight: Solidarity for Asha workers; Elamaram Karim’s article to insult Asha workers: K.K. Rama