മിശ്ര വിദ്യാഭ്യാസം: ജമാഅത് നിലപാടിനെതിരെ സോളിഡാരിറ്റി
Kerala
മിശ്ര വിദ്യാഭ്യാസം: ജമാഅത് നിലപാടിനെതിരെ സോളിഡാരിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2013, 9:20 am

കോഴിക്കോട്: സത്രീകള്‍ക്കെതിരായുള്ള അതിക്രമം തടയാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായം നിര്‍ത്തലാക്കണമെന്നുള്ള ജമാഅതെ ഇസ്‌ലാമി നിര്‍ദേശത്തിനെതിരെ ജമാഅത് യുവജന സംഘടന രംഗത്ത്.[]

മിശ്രവിദ്യാഭ്യാസത്തിനെതിരായുള്ള ജമാഅത് നിലപാടിനെ അംഗീകരിക്കുന്നില്ലായെന്നും ലിംഗ സമത്വത്തിലും ലിംഗനീതിയിലുമാണ് സംഘടന വിശ്വസിക്കുന്നതെന്നും സോളിഡാരിറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രത്യേക വിദ്യാഭ്യാസ രീതി വേണമെന്ന് സോളിഡാരിറ്റിക്ക് അഭിപ്രായമില്ല.

ജമാഅതെ ഇസ്‌ലാമിയുടെ നിലപാടും സ്ത്രീവിവേചനത്തിന്റേതല്ല എന്നാണ് സോളിഡാരിറ്റി മനസ്സിലാക്കുന്നത്. 1942 മുതല്‍ ജമാഅതെ ഇസ്‌ലാമിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ കൂടെ മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ട്.

സംഘടനയുടെ ഉയര്‍ന്ന ഘടകത്തില്‍ വരെ സ്ത്രീപ്രാധിനിത്യമുണ്ട്. പുതിയ ഭരണഘടന ഭേദഗതി പ്രകാരം ജമാഅത്തിലെ സത്രീകളുടെ മെമ്പര്‍ഷിപ്പിന് അനുസരിച്ച് കേന്ദ്ര കമ്മിറ്റിയില്‍ പ്രാധിനിത്യം നല്‍കണമെന്ന നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഭരണഘടനാ പ്രകാരം ഒരു സ്ത്രീ ജമാഅത് കേന്ദ്ര അമീറായി വരുന്നതിനും തടസ്സമില്ലെന്നും സോളിഡാരിറ്റി നേതാക്കള്‍ അവകാശപ്പെട്ടു.

ഇത് അന്തര്‍ദേശീയ തലത്തിലുള്ള ജമാഅതെ സംഘടനകളുടെ പൊതു നിലപാടാണ്. മിശ്രവിദ്യാഭ്യാസത്തിനെതിരായി ടുണീഷ്യയിലെ സലഫി പ്രസ്ഥാനം പ്രക്ഷോഭത്തിലാണെങ്കിലും മിശ്ര വിദ്യാഭ്യാസം തുടരുന്ന നിലപാടാണ് അറബ് വസന്തത്തിന് ശേഷം അധികാരത്തില്‍ വന്ന പുതിയ ഭരണകൂടവും സ്വീകരിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് വര്‍മ കമ്മീഷന് മുന്നില്‍ വെച്ച ശുപാര്‍ശയില്‍ മിശ്രവിദ്യാഭ്യാസത്തിനെതിരായി വന്ന നിലപാട് എങ്ങനെ വന്നു എന്ന് മനസ്സിലായിട്ടില്ല. എന്നാല്‍ അത്തരമൊരു നിര്‍ദേശം ജമാഅത് കേന്ദ്ര നേതൃത്വം സമര്‍പ്പിച്ചത് സ്ഥിരീകരിക്കാനും സോളിഡാരിറ്റി നേതാക്കള്‍ തയ്യാറായി.

ടി. മുഹമ്മദ് വേളം ജന.സെക്രട്ടറി, സി.എം ഷരീഫ് മീഡിയ സെക്രട്ടറി, സാദിഖ് ഉളിയില്‍ സെക്രട്ടറി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനായി മിക്‌സഡ് സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാതാക്കണമെന്നായിരുന്നു ജമാഅതെ ഇസ്‌ലാമി ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറഞ്ഞിരുന്നത്.

എല്ലാ തലങ്ങളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം ഒരുക്കണം. അവിവാഹിതരായ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്നത് വിലക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്യുക, വിവാഹം പെട്ടന്ന് നടത്തുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നീ നിര്‍ദേശങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.

മൊത്തം 11 നിര്‍ദേശങ്ങളാണ് ജമാഅതെ ഇസ്‌ലാമി വര്‍മ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെ ജെ.ഐ.എച്ച് സ്വാഗതം ചെയ്തു. പെണ്‍കുട്ടികള്‍ “മാന്യമായ” വേഷം ധരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സ്ത്രീപീഡകരെ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് തൂക്കിലേറ്റണമെന്നും സംഘടന ശുപാര്‍ശ ചെയ്യുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കുള്ള ശിക്ഷ എന്താവുമെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും ജമാഅതെ ഇസ്‌ലാമി നിര്‍ദേശത്തില്‍ പറയുന്നു.