ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.ഐ.എം നേതാക്കളും ഇടത് മാധ്യമപ്രവര്‍ത്തകരും പടവാളെടുക്കുന്നത് മൂന്ന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി: സോളിഡാരിറ്റി
Kerala News
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.ഐ.എം നേതാക്കളും ഇടത് മാധ്യമപ്രവര്‍ത്തകരും പടവാളെടുക്കുന്നത് മൂന്ന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി: സോളിഡാരിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th February 2023, 9:58 pm

കോഴിക്കോട്: ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി സംവാദത്തെ രഹസ്യ ചര്‍ച്ചയായി അവതരിപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ് ഇടതുപക്ഷമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. മുസ്‌ലിം സമുദായത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇടപെടല്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള സ്വാധീനങ്ങളെ ഇല്ലാതാക്കാന്‍ ഇടത് പക്ഷം നടത്തുന്ന തീവ്രവാദ ആരോപണങ്ങളുടെ തുടര്‍ച്ചയാണ് നിലവിലെ പ്രചരണങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സുഹൈബിന്റെ പ്രതികരണം. മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാക്കളും ഇടത് പത്രപ്രവര്‍ത്തകരും സൈബര്‍ പോരാളികളും ഇത്തരത്തില്‍ ജമാഅത്തെക്കെതിരെ പടവാളെടുത്ത് ഇറങ്ങിയതിന് പിന്നില്‍ മൂന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്ന് സി.ടി. സുഹൈബ് പറഞ്ഞു.

മുസ്‌ലിം സമുദായത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ കക്ഷി ചേര്‍ന്ന് പരമാവധി ഭിന്നിപ്പുണ്ടാക്കുക എന്നത് കുറച്ച് കാലമായി ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രമാണ്. മുസ്‌ലിം സമൂഹത്തിലെ ചില വിഭാഗങ്ങളെ കൂടെ നിര്‍ത്തുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് പിന്നിലെ ആദ്യ ലക്ഷ്യമെന്ന് സുഹൈബ് ആരോപിച്ചു.

മുസ്‌ലിങ്ങളുടെ കര്‍തൃത്വം ഇല്ലാതാക്കുകയും ന്യൂനപക്ഷത്തിന്റെ രക്ഷ ഇടതിന്റെ കൂടെയും കീഴിലും നില്‍ക്കുന്നതിലൂടെയാണെന്നും സ്ഥാപിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് സുഹൈബ് പറഞ്ഞു. സി.എ.എ വിരുദ്ധ സമരകാലത്ത് ഇത് കണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി, യോജിപ്പിന്റെ ആശയ രൂപീകരണത്തിന് പ്രധാന പങ്കുവഹിക്കാന്‍ സാധ്യതയുള്ള ജമാഅത്തെ ഇസ്‌ലാമിയെ പരമാവധി പൈശാചികവത്കരിച്ച് ചിത്രീകരിക്കുകയാണെന്ന് സോളിഡാരിറ്റി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളും ഹിന്ദുത്വ പ്രീണന നയങ്ങളും തുറന്ന് കാണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത്, മുസ്‌ലിം സമൂഹത്തില്‍ നിന്നുയര്‍ന്ന് വരാന്‍ സാധ്യതയുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ചെലവില്‍ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ പടയൊരുക്കത്തിന്റെ മറ്റൊരു ഉദ്ദേശമെന്നും സുഹൈബ് മൂന്നാമത്തെ ലക്ഷ്യമായി പറഞ്ഞു.

ആര്‍.എസ്.എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്‌ലാമി നേതൃത്വം വ്യക്തമാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടും സോളിഡാരിറ്റി പ്രതികരിച്ചു.

‘മുസ്‌ലിം സംഘടനകള്‍ ആര്‍.എസ്.എസുമായി സംസാരിച്ച കാര്യങ്ങള്‍ അവരും മാധ്യമങ്ങളും പുറത്ത് വിട്ടതാണ്. ഇനി സി.പി.ഐ.എം ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയും അതിലുണ്ടായ ഡീലുകളും എന്താണെന്ന് അറിയാന്‍ കൗതുകമുണ്ട്,’ സുഹൈബിന്റെ കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങള്‍ രാജ്യഭരണം നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന് മുന്നില്‍ അവതരിപ്പിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന വാദം വിചിത്രമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

‘ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കിയത്? ചര്‍ച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാര്‍? അത്തരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക?,’ പിണറായി വിജയന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി-ആര്‍.എസ്.എസ് ചര്‍ച്ചക്കെതിരെ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു. കൂടിക്കാഴ്ച അനാവശ്യമാണെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മതേതരശക്തികള്‍ ബി.ജെ.പിയുമായി പൊരുതുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നും ആര്‍.എസ്.എസ് നയം മാറ്റാന്‍ ആര് വിചാരിച്ചാലും നടക്കില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പിയുടെ പ്രതികരണം.

ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ വിവരം ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി ടി. ആരീഫ് അലിയാണ് കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ജനുവരി 14ന് ന്യൂദല്‍ഹിയില്‍ വെച്ചാണ് ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ. ഖുറേഷിയാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ചര്‍ച്ച നടത്തിയെന്ന് ആര്‍.എസ്.എസും പിന്നാലെ സമ്മതിച്ചിരുന്നു. മറ്റ് മതവിശ്വാസികളെ കാഫിര്‍ എന്ന് വിളിക്കരുത്, ലവ് ജിഹാദടക്കമുള്ള വഴികളിലൂടെ മതംമാറ്റം നടത്തരുത്, പശുഹത്യ ഉപേക്ഷിക്കണം എന്നീ കാര്യങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിക്ക് മുന്നില്‍ വെച്ചതെന്നായിരുന്നു ആര്‍.എസ്.എസ് ദേശീയ സമിതിയംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.

Content Highlight: Solidarity against CPIM over RSS-Jamate e Islami meeting