'കപില്‍ മിശ്രക്കെതിരെ കേസെടുക്കേണ്ടതില്ല, വിദ്വേഷ പ്രസംഗങ്ങള്‍ വേറെയുമുണ്ട്'; ഹൈക്കോടതിയില്‍ തുഷാര്‍ മേത്ത
India
'കപില്‍ മിശ്രക്കെതിരെ കേസെടുക്കേണ്ടതില്ല, വിദ്വേഷ പ്രസംഗങ്ങള്‍ വേറെയുമുണ്ട്'; ഹൈക്കോടതിയില്‍ തുഷാര്‍ മേത്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2020, 3:21 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് വഴിവെക്കുന്ന രീതിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ദല്‍ഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് ദല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു തുഷാര്‍ മേത്ത ഇക്കാര്യം പറഞ്ഞത്. കപില്‍ മിശ്രക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും കോടതിക്ക് മുന്‍പില്‍ എത്തിയ ദൃശ്യങ്ങള്‍ ഗൂഢ ഉദ്ദേശ്യത്തോടെയുള്ളതാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.

പരാതിക്കാരന്‍ ഇവിടെ മൂന്ന് വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ആണ് ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ വേറെയുമുണ്ട്.

ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് തുഷാര്‍ മേത്തയുടെ കീഴിലുള്ള അഭിഭാഷകരാണ്. തുഷാര്‍ മേത്തയേയും മറ്റ് മൂന്ന് പേരെയുമായിരുന്നു ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരാകാന്‍ നിര്‍ദേശിച്ചത്.

പൗരത്വ നിയമപ്രശ്‌നത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ദല്‍ഹി ഹൈക്കോടതിയില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രസംഗങ്ങള്‍ കേട്ടില്ലെന്ന് കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞപ്പോഴായിരുന്നു ജസ്റ്റിസ് എസ് മുരളീധര്‍ വീഡിയോ ക്ലിപ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

സംഘര്‍ഷത്തെ കുറിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു.

അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ദല്‍ഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിനെ അര്‍ധരാത്രിയില്‍ സ്ഥലം മാറ്റിയ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കായിരുന്നു അടിയന്തര സ്ഥലംമാറ്റം.

കലാപം സംബന്ധിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണമാവശ്യപ്പെട്ടുള്ള കേസ് ഇന്നലെ തന്നെ ദല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് എസ്. മുരളീധറിന്റെ ബെഞ്ചില്‍നിന്നു മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്നു കേസ് പരിഗണിച്ചത്

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജി ജസ്റ്റിസ് എസ്. മുരളീധറിന്റെ വസതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി 12.30 ന് അടിയന്തരമായി വാദം കേട്ടത്.

അക്രമത്തില്‍ പരുക്കേറ്റവരെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ സഹായം ആവശ്യപ്പെട്ടിട്ടും 8 മണിക്കൂര്‍ പൊലീസ് അനങ്ങിയില്ലെന്ന വിവരം ജഡ്ജി തന്നെ ആശുപത്രിയിലേക്കു നേരിട്ടു വിളിച്ചപ്പോഴാണ് ബോധ്യമായത്.

ന്യൂ മുസ്തഫാബാദ് അല്‍ ഹിന്ദ് ആശുപത്രിയിലെ ഡോക്ടര്‍ ഫോണില്‍ കോടതിയോട് പറഞ്ഞതിങ്ങനെയായിരുന്നു, ‘ആശുപത്രിയില്‍ 2 മൃതദേഹങ്ങളുണ്ട്, 22 പരുക്കേറ്റവരുമുണ്ട്. ഇവരെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ വൈകിട്ട് നാലു മുതല്‍ പൊലീസിനെ വിളിക്കുകയാണ്’, എന്നായിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് അര്‍ധരാത്രിയായിരുന്നു അല്‍ ഹിന്ദ് ആശുപത്രിയിലുള്ളവരെ ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റാന്‍ പൊലീസ് തയ്യാറായത്.

മാത്രമല്ല വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും മുരളീധര്‍ നിര്‍ദേശിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ