| Wednesday, 18th September 2019, 5:50 pm

മരട് കേസില്‍ കേരളത്തിനു തിരിച്ചടി; സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരട് കേസില്‍ കേരളത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകില്ല. തനിക്കു ഹാജരാകാന്‍ കഴിയില്ലെന്ന് മേത്ത സര്‍ക്കാരിന്റെ അഭിഭാഷകനെ അറിയിച്ചു.

നേരത്തേ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മേത്തയുടെ നിയമോപദേശം തേടിയിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്കു നഗരസഭ നോട്ടീസ് നല്‍കിയത് സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്.

കോടതിവിധിയുമായി ബന്ധപ്പെട്ട സാധ്യതകള്‍ അദ്ദേഹം പരിശോധിക്കുമെന്നായിരുന്നു ഒരാഴ്ച മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാമെന്നു കാണിച്ച് സുപ്രീംകോടതിയില്‍ ഹരജി ലഭിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള അക്യുറേറ്റ് ഡിമോളിഷേഴ്സ് കമ്പനിയാണ് ഹരജി നല്‍കിയത്.

കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ തുടങ്ങാമെന്നും കമ്പനി കോടതിയെ അറിയിച്ചു. രണ്ട് മാസം കൊണ്ട് ഫ്ളാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കാം.

30 കോടി രൂപയാണ് ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് കമ്പനി ചെലവ് പ്രതീക്ഷിക്കുന്നത്. മലിനീകരണം ഉണ്ടാവില്ലെന്നും കമ്പനി കോടതിയില്‍ അറിയിച്ചു. ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്നും കമ്പനി നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ 13 കമ്പനികള്‍ സമീപിച്ചതായി നഗരസഭ അറിയിച്ചിരുന്നു. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്.

സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികളില്‍നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്.

We use cookies to give you the best possible experience. Learn more