| Tuesday, 29th September 2020, 2:56 pm

വിജയ്. പി നായര്‍ക്കെതിരെ സൈനികരുടെ സംഘടന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ്. പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

യൂട്യൂബ് ചാനലിലൂടെ ഇയാള്‍ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാര്‍ സ്ത്രീലമ്പടന്മാരും ബലാത്സംഗം നടത്തുന്നവരും ആണെന്ന് വീഡിയോയില്‍ വിജയ്. പി നായര്‍ പറയുന്നെന്നാണ് പരാതിയിലുള്ളത്.

അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോയില്‍ വിജയ് പി നായരെ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പത്തുമണിയോടെ ഇയാള്‍ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്ജ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്.

തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൈയേറ്റ പരാതിയില്‍ പൊലീസ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മൊഴിയെടുത്തു. കേരള പൊലീസ് ആക്റ്റിലെ വകുപ്പുകള്‍ക്ക് പുറമെ ഐ.ടി ആക്റ്റ് 67, 67എ വകുപ്പുകള്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്.

സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി നായര്‍ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകള്‍ ഇതിനിടെ യൂട്യൂബ് നീക്കം ചെയ്തിരുന്നു. ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്.

യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്.

കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത്.

vitrix scene എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ ആദ്യമാദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു.

‘ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’ സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂര്‍ച്ഛ നല്‍കിയ മകന്‍, (പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ചില പ്രയോഗങ്ങള്‍ കൊടുക്കുന്നില്ല) തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും തലക്കെട്ടിലുമായിരുന്നു ഇയാള്‍ വീഡിയോ അവതരിപ്പിച്ചിരുന്നത്.

ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായ കവയിത്രി സുഗതകുമാരി, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.

തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Soldiers’ organization complaint against Vijay P Nair

We use cookies to give you the best possible experience. Learn more