|

ഉണങ്ങാത്ത പെല്ലറ്റ് മുറിവുകൾ; കശ്മീരിൽ സൈന്യം യുവാവിനെ വെടിവെച്ച് കൊലപ്പടുത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീന​ഗർ: കശ്മീരിൽ സൈനികർ യുവാവിനെ ചെക്ക് പോയിന്റിൽ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നൂറ് കണക്കിനാളുകൾ തെരുവിൽ പ്രതിഷേധവുമായി രം​ഗത്ത്. ‌ബുധനാഴ്ച്ചയാണ് ഹിമാലയൻ മേഖലയിൽ യുവാവിനെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.
നൂറ് കണക്കിന് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം വിളിച്ച് തെരുവുകളിൽ പ്രതിഷേധിക്കുകയാണ്. കൊല്ലപ്പെട്ട യുവാവിന്റ മ‍ൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിൽ സംഘർഷം ഉടലെടുത്തതോടെ സൈന്യം പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് ആക്രമണം നടത്തി. പ്രതിഷേധത്തെ തുടർന്ന് കശ്മീരിൽ ഇന്റർനെറ്റിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാരിപ്പോൾ.

വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവാവ് നിർത്താത്തതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഇന്ത്യൻ സെന്റർ റിസർവ്വ് പൊലീസിന്റെ വാദം. എന്നാൽ പൊലീസിന്റെ വാദങ്ങൾ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് നിരസിച്ചു. തന്റെ മകൻ ഒരു ചെക്ക് പോയിന്റിലൂടെയും വാഹനം ഓടിച്ചിട്ടില്ലെന്നും വാഹനം നിർത്തിപ്പിച്ചതിന് ശേഷം സൈന്യം അവനെ വെടിവെക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന് ദൃക്സാക്ഷിയായ ഫിറോദൂസ എന്ന യുവതിയും സംഭവത്തിൽ സൈന്യത്തിന്റെ വാദം നിരസിച്ച് രം​ഗത്തെത്തി. യുവാവ് വണ്ടി നിർത്തിയെങ്കിലും സൈന്യം വെടിവെക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു.

ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥൻ അവനോട് എന്തോ പറയുന്നത് കേട്ടു. തനിക്ക് തിരക്ക് ഉണ്ടെന്ന് പറഞ്ഞ് അവൻ തിരികെ വണ്ടിയിലേക്ക് കയറുന്നതിനിടയിലാണ് സൈന്യം അവനെ വെടിവെച്ചത്. അവർ പറഞ്ഞു. ഒരു തെറ്റും ചെയ്യാതെ ബോധപൂർവ്വം അവനെ വെടിവെക്കുകയായിരുന്നു എന്നും ഫിറോദൂസ കൂട്ടിച്ചേർത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories