| Wednesday, 15th March 2017, 8:08 pm

സിയാച്ചിനില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ നോട്ട് നിരോധനം അറിയുന്നത് കഴിഞ്ഞ ദിവസം; ബാങ്കിലെത്തിയപ്പോള്‍ നോട്ട് മാറാനാവില്ലെന്ന് റിസര്‍വ് ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിയാച്ചിനിലെ വന മേഖലയില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന വാര്‍ത്തയറിയുന്നത് കഴിഞ്ഞ ദിവസം. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനായി റിസര്‍വ് ബാങ്കിലെത്തിയ സൈനികനെ ബാങ്ക് അധികൃതര്‍ തിരിച്ചയക്കുകയും ചെയ്തു.


Also read: കണ്ണൂരില്‍ ബി.ജെ.പി മഹിളാ നേതാവിനു നേരെ സദാചാര അക്രമണം


നായിക് മഹേന്ദ്ര സിങ് എന്ന സൈനികനാണ് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനം മൂലം കയ്യിലുള്ള നോട്ടുകള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥ വന്നിരിക്കുന്നത്. സിയാച്ചിനില്‍ ആശയ വിനിമയത്തിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതാണ് സൈനികന്‍ വാര്‍ത്തയറിയാതിരിക്കാന്‍ കാരണം. വാര്‍ത്തയറിഞ്ഞ് പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ രേഖകള്‍ സഹിതം റിസര്‍വ് ബാങ്കിലെത്തിയപ്പോള്‍ സൈനികനെന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നും മഹേന്ദ്ര സിങ് സാക്ഷ്യപ്പെടുത്തുന്നു.

“വനത്തില്‍ ഡ്യൂട്ടിയിലായിരുന്ന തനിക്ക് ഫോണുകളോ റേഡിയോ ആശയവിനിമയമോ അവിടെ ലഭ്യമായിരുന്നില്ല. ഹെലികോപ്ടറിലാണ് റേഷന്‍ എത്തിയിരുന്നത്. അവിടെയാണെങ്കില്‍ ഒരൊറ്റ ബാങ്കുമില്ല. ആ നിലയ്ക്ക് നോട്ടുനിരോധനം അറിഞ്ഞ് അവധിയെടുത്ത് നോട്ടുമാറാന്‍ കഴിയുമോ”യെന്ന് മഹേന്ദ്ര സിങ് ചോദിക്കുന്നു.

പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയ്യതി മാര്‍ച്ച് 31ല്‍ നിന്ന് മാറ്റിയ കാര്യം തനിക്കറിയില്ലായിരുന്നെന്ന് സൈനികന്‍ പറയുന്നു. നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി സിയാച്ചിനില്‍ നിന്ന് റിസര്‍വ് ബാങ്ക് കേന്ദ്രത്തിലെത്തിയെങ്കിലും തന്നെ തിരിച്ചയക്കുകയായിരുന്നെന്നും മഹേന്ദ്ര സിങ് പറഞ്ഞു.

നവംബറില്‍ അവധിയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഈ മാസമാണ് മഹേന്ദ്ര സിങിന് അവധി ലഭിക്കുന്നത്. മാര്‍ച്ച് 31 വരെ നോട്ടുകള്‍ മാറാന്‍ സമയമുള്ളതിനാല്‍ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന വിശ്വാസത്തിലാണ് ഇയാള്‍ ബാങ്കിലെത്തുന്നത്. എന്നാല്‍ നവംബര്‍ എട്ടിനും ഡിസംബര്‍ 30നും ഇടയില്‍ വിദേശത്തുണ്ടായവര്‍ക്ക് മാത്രമേ റിസര്‍വ് ബാങ്ക് നിലവില്‍ പണം മാറ്റി നല്‍കുന്നുള്ളു.


Dont miss: യു.പിയില്‍ മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍:ട്രംപിനെ അനുകരിച്ച് യു.പിയില്‍ ബി.ജെ.പി 


നോട്ട് നിരോധനത്തെ വിമര്‍ശിച്ചവരെ സൈനികരുടെ ത്യാഗത്തെ ഓര്‍മ്മിപ്പിച്ച് ആശ്വസിപ്പിച്ച കേന്ദ്രങ്ങള്‍ക്ക് കീഴലാണ് രാജ്യസേവനത്തിന്റെ പേരില്‍ നോട്ടുകള്‍ മാറാനാവാതെ നിസ്സഹയാനായി സൈനികന്‍ നില്‍ക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more