| Tuesday, 31st December 2024, 9:00 am

യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിൽ 825 ഇസ്രഈലി സൈനികർ കൊല്ലപ്പെട്ടു; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ഇസ്രാഈൽ- ഫലസ്തീൻ യുദ്ധത്തിൽ ഇതുവരെയും 825 ഇസ്രഈൽ സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഒരു ഇസ്രഈലി ദിനപത്രം റിപ്പോർട്ട് ചെയ്തു. പത്രത്തിന്റെ വെബ്‌സൈറ്റിൻ്റെ അച്ചടി പതിപ്പായ ഐഡിയോട് അഹരോനോത് തിങ്കളാഴ്ച ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം മുതൽ വടക്കൻ ഗസയിലെ ജബാലിയ നഗരത്തിൽ കുറഞ്ഞത് 40 ഇസ്രഈൽ സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വടക്കൻ ഗസയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും ഇതേ ഏറ്റുമുട്ടലിൽ ഒരേ ബ്രിഗേഡിലെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രാഈൽ സൈന്യം പ്രസ്താവന ഇറക്കി. പ്രസ്താവനയിൽ കൂടുതൽ വിശദാംശങ്ങൾ ഇതുവരെയും നൽകിയിട്ടില്ല.

ഹമാസിൻ്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ്, വടക്കൻ പട്ടണമായ ബെയ്റ്റ് ഹനൂനിൽ ഒരു ഇസ്രഈലി വാഹനം നശിപ്പിക്കുകയും നിരവധി സൈനികരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. മറ്റൊരു വടക്കൻ പട്ടണമായ ജബലിയയിൽ ഇസ്രഈൽ സൈനികരെ ലക്ഷ്യമിട്ടതായും അതിൽ അഞ്ച് പേരെ കൊലപ്പെടുത്തിയതായും ഹമാസ് പറഞ്ഞു.

തിങ്കളാഴ്ച വടക്കൻ ഗസയിൽ ഹമാസുമായി പോരാടുന്നതിനിടെ ഇസ്രഈൽ പ്രതിരോധ സേനയുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കഫീർ ബ്രിഗേഡിൻ്റെ നെറ്റ്‌സ യെഹൂദ ബറ്റാലിയനിലെ 23 കാരനായ യൂറിയൽ പെരെറ്റ്‌സ് ആണ് കൊല്ലപ്പെട്ടത്.

2023 ഒക്ടോബര് ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ആരംഭിച്ച ഇസ്രഈൽ- ഫലസ്തീൻ യുദ്ധത്തിൽ ഇതുവരെ 45OOO ത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ഗസയിലെ വംശഹത്യയില്‍ പങ്കെടുത്ത ഇസ്രഈല്‍ സൈന്യത്തിനെതിരെ വിവിധ രാജ്യങ്ങളിലായി നിരവധി പരാതികള്‍ നിലവിലുണ്ട്. 1000 ഇസ്രഈലി സൈനികര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും ഹിന്ദ് റജബ് ഫൗണ്ടേഷന്‍  പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം, ഐ.സി.സിയുടെ പ്രീ-ട്രയല്‍ ചേംബര്‍ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Content Highlight: Soldier KIA in Gaza, bringing IDF wartime toll to 825

We use cookies to give you the best possible experience. Learn more