സോളാര്‍ സമരം; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകളെ തള്ളി ജോണ്‍ ബ്രിട്ടാസ്
Kerala News
സോളാര്‍ സമരം; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകളെ തള്ളി ജോണ്‍ ബ്രിട്ടാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2024, 1:57 pm

തിരുവനന്തപുരം: സോളാര്‍ സമരം സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെ ഒത്തുതീര്‍പ്പാക്കിയെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകളെ തള്ളി ജോണ്‍ ബ്രിട്ടാസ് എം.പി. സോളാര്‍ സമരവുമായി ബന്ധപ്പെട്ട് ജോണ്‍ മുണ്ടക്കയവുമായി സംസാരിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് തന്നെ ചെറിയാന്‍ ഫിലിപ്പ് വഴി ഇങ്ങോട്ട് വിളിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എം.പി. പറഞ്ഞു. അതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഏത് നിലക്കുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറാണെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ചു. എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നും സി.പി.ഐ.എം നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടതായി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍മുണ്ടക്കയം, അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ലെന്നും അക്കാലത്തെ ഫോണ്‍രേഖകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും നേരില്‍ വന്ന് കാണാമെന്ന് പറഞ്ഞപ്പോള്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഇങ്ങോട്ട് വരേണ്ട താന്‍ അങ്ങോട്ട് വരാമെന്ന് പറയുകയുമായിരുന്നു എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഈ സംസാരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് തിരുവഞ്ചൂരിനെ പോയി കണ്ടതെന്നും അന്ന് ഇടതുപക്ഷത്തുണ്ടായിരുന്ന ചെറിയാന്‍ ഫിലിപ്പും കൂടെയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂരുമായി സംസാരിച്ച കാര്യങ്ങള്‍ ചെറിയാന്‍ ഫിലിപ്പിന് അറിയാമെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

തിരുവഞ്ചൂരിനെ അന്ന് സി.പി.ഐ.എമ്മിന്റെ നിലപാട് അറിയിച്ചെന്നും, ജുഡീഷ്യല്‍ അന്വേഷണം പരസ്യമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നതുമായിരുന്നു എല്‍.ഡി.എഫിന്റെ നിലപാട് എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇക്കാര്യത്തില്‍ ആദ്യം വിമുഖത കാണിച്ച തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടു എന്നും ബ്രിട്ടാസ് പറയുന്നു.

ആ സമയത്ത് തിരുവഞ്ചൂരും കുഞ്ഞാലിക്കുട്ടിയും കൂടെയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താതിരുന്ന സര്‍ക്കാര്‍ ഈ ചര്‍ച്ചകളുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയതെന്നും ശിവരാജന്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കൊണ്ട് ജോണ്‍ബ്രിട്ടാസ് പറഞ്ഞു.

മലയാള മനോരമ തിരുവനന്തപരും ബ്യൂറോ ചീഫായിരുന്ന ജോണ്‍മുണ്ടക്കയം സമകാലിക മലയാളത്തില്‍ എഴുതിയ ലേഖനത്തിലാണ് സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടാസ് ഇടപെട്ടു എന്ന് വെളിപ്പെടുത്തിയത്.

സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയാണ് ജോണ്‍ ബ്രിട്ടാസ് ഇടപെട്ടതെന്നും ജോണ്‍ ബ്രിട്ടാസ് തിരുവഞ്ചൂരിനെ വിളിച്ച് സമരം തീര്‍ക്കേണ്ടേ എന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനത്തില്‍ പറയുന്നു. “സോളാര്‍ സത്യത്തെ മറക്കുന്ന സൂര്യന്‍” എന്ന പരമ്പരയുടെ മൂന്നാം ലക്കത്തിലാണ് വെളിപ്പെടുത്തലുകള്‍.

content highlights: Solar Strike; John Brittas rejects John Mundakkayam’s revelations