തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വെച്ച് ഇന്ന് രാവിലെ ആയിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 9 മുതല്‍ 12:30 വരെ ആയിരുന്നു ചോദ്യ ചെയ്യല്‍.
2013ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിന്മേലാണ് സിബി.ഐ ചോദ്യം ചെയ്തത്. അബ്ദുള്ളക്കുട്ടി എം.എല്‍.എ ആയിരുന്ന സമയത്ത് സോളാര്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുവരുത്തി പീഢിപ്പിച്ചുവെന്നാണ് പരാതി.
സോളാര്‍ പീഡന പരാതിക്കേസില്‍ കേരള പൊലീസ് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു അബ്ദുള്ളക്കുട്ടിയുടേത്. പീന്നീട് സംസ്ഥാന സര്‍ക്കാരും ക്രൈം ബ്രൈാഞ്ചും പീഡന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളും അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും കേസില്‍ അകപ്പെട്ട നേതാക്കളുടെ ചോദ്യം ചെയ്യലുകള്‍ നടക്കുമെന്നാണ് വിവരം
കേസുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കളെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അടൂര്‍ പ്രകാശിനെ ദല്‍ഹിയിലും, അനില്‍കുമാറിനെ മലപ്പുറത്തും വെച്ചാണ് ചോദ്യം ചെയ്തത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നു.
അതേസമയം, പീഡന കേസില്‍ ഹൈബി ഈഡന്‍ എം.പിക്ക് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. തെളിവില്ലെന്ന് കണ്ടെത്തിയാണ് കേസ് സി.ബി.ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എം.എല്‍.എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.
നാല് വര്‍ഷത്തോളം കേരള പൊലീസ് അന്വേഷിച്ചിട്ടും സോളാര്‍ ലൈംഗിക പീഡന പരാതിയില്‍ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടപടി അന്ന് വന്‍ രാഷ്ട്രീയ വിവാദവുമായി. സോളാര്‍ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോണ്‍ഗ്രസ് വാദിക്കുന്നത്.
Content Highlight: Solar rape case CBI questions BJP Leader AP Abdullakutty