തിരുവനന്തപുരം: സോളാര്‍ കേസ് കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് പരാതിക്കാരി. കേസില്‍ ജോസ് കെ. മാണിയ്‌ക്കെതിരെയും പരാതി നല്‍കിയതായി പരാതിക്കാരി പറഞ്ഞു. മീഡിയ വണ്ണിനോടായായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.
ജോസ് കെ.മാണിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ താന്‍ പരാതി നല്‍കിയെന്നും അതില്‍ അന്വേഷണമുണ്ടാകണമെന്നും പരാതിക്കാരി പറഞ്ഞു. രാഷ്ട്രീയം നോക്കിയല്ല താന്‍ പരാതി നല്‍കിയതെന്നും വ്യക്തികള്‍ക്കെതിരെയാണ് അന്വേഷണമുണ്ടാകേണ്ടതെന്നും അവര്‍ പറഞ്ഞു.
അതേസമയം കേരള പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് വിശ്വസിക്കുന്നില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കേസാണ് സോളാര്‍ ലൈംഗിക പീഡന കേസ്. ഇവ കൂടുതല്‍ അന്വേഷണത്തിനായി സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ. സി വേണുഗോപാല്‍, എ. പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ. പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സി.ബി.ഐക്ക് വിട്ടത്.
പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ മേല്‍ നോട്ട ചുമതല ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ സോളാര്‍ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ തലത്തില്‍ പുതിയ ചലനങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കണക്കുകൂട്ടല്‍.
2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ. സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ. പി അനില്‍കുമാര്‍ അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തിയിരുന്നു. നിലവില്‍ ആറുകേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Solar Petitioner Demands Case Aganist Jose K Mani