| Friday, 11th December 2015, 6:05 pm

തെളിവെടുപ്പ് പരാജയപ്പെട്ടതിന് മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ സോളാര്‍ കമ്മീഷന്റെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തെളിവുകളടങ്ങിയ സി.ഡി കണ്ടെത്താനുള്ള ശ്രമം മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയെന്ന് സോളാര്‍ കമ്മീഷന്‍. നീക്കം രഹസ്യമായി നടത്തണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും ഇത് മാധ്യമങ്ങള്‍ പരാജയപ്പെടുത്തിയെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

രാവിലെ 9 മണിക്ക് ബിജുവിനെ കമ്മീഷന് മുന്നില്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ 10.30 യ്ക്കാണ് ബിജുവിനെ എത്തിച്ചത്. ആദ്യപരാജയം അവിടെയാണുണ്ടായതെന്നും കമ്മീഷന്‍ പറഞ്ഞു. സത്യം കണ്ടുപിടിക്കാനുള്ള ശ്രമം പാളിയെന്നും നേരത്തെ എത്തിച്ചിരുന്നെങ്കില്‍ തെളിവ് ലഭിക്കുമായിരുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.

ശെല്‍വപുരത്ത് മാധ്യമങ്ങള്‍ ആഘോഷാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തിയ കമ്മീഷന്‍ മത്സരത്തിലൂടെ മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിനാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു.

മുഖ്യമന്ത്രിക്കും മറ്റ് രണ്ട് മന്ത്രിമാര്‍ക്കും എതിരെ താനുന്നയിച്ച ലൈംഗികാരോപണത്തിന്റെ തെളിവുകള്‍ കൊണ്ടുവരാന്‍ തനിക്ക് പത്ത് മണിക്കൂര്‍ അനുവദിക്കണമെന്ന ബിജുരാധാകൃഷ്ണന്റെ ആവശ്യം അനുസരിച്ചാണ് ഇന്നലെ കമ്മീഷന്‍ അംഗങ്ങളും പൊലീസും കോയമ്പത്തൂരേക്ക് തിരിച്ചത് എന്നാല്‍. കോയമ്പത്തൂരിലുള്ള ബിജുവിന്റെ ബന്ധു ശെല്‍വിയുടെ വീട്ടില്‍ നിന്നും ആരോപണവുമായി ബന്ധപ്പെട്ട സി.ഡിയോ മറ്റ് തെളിവുകളോ ലഭിച്ചില്ല.

ബിജു രാധാകൃഷ്ണനൊപ്പം ഉള്ളവര്‍ക്ക് ആശയവിനിമയത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സംഘത്തിന്റെ നീക്കം ആദ്യാവസാനം എല്ലാ മാധ്യമങ്ങളും ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം താന്‍ കൊടുത്ത പൊതിയില്‍ നിന്നും സിഡി ആരോ മാറ്റിയതാണെന്നും തെളിവ് ഉള്ളിടത്തേക്ക് തന്നെയാണ് താന്‍ പോയതെന്നുമുള്ള നിലപാടില്‍ ബിജു രാധാകൃഷ്ണന്‍ ഉറച്ച് നില്‍ക്കുകയാണ്.

We use cookies to give you the best possible experience. Learn more