| Monday, 11th September 2023, 3:45 pm

സോളാറില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചന, ദല്ലാള്‍ നന്ദകുമാറിനെ ഇടനിലക്കാരനാക്കി പരാതിക്കാരിയില്‍ നിന്നും പരാതി എഴുതി വാങ്ങിയത് മുഖ്യമന്ത്രി: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സോളാര്‍ കേസില്‍ തങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണെന്ന് സതീശന്‍ പറഞ്ഞു. പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നത് മുതലാണ് ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നതെന്നും പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ടുപോയതും മുഖ്യമന്ത്രിയാണെന്നും പരാതിക്കാരിക്ക് പണം കൊടുത്ത് കത്ത് വാങ്ങിയത് ദല്ലാള്‍ നന്ദകുമാറാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

യേശുവിനെ ക്രൂശിക്കാന്‍ പടയാളികള്‍ക്കും ആള്‍ക്കൂട്ടത്തിനും വിട്ടുകൊടുത്ത് വിധിന്യായം പറഞ്ഞതിന് ശേഷം പീലാത്തോസ് ചെയ്തത് കൈ കഴുകുകയായിരുന്നു എന്നിട്ട് പറഞ്ഞു, ഈ നീതിമാന്റെ രക്തത്തില്‍ എനിക്കൊരു പങ്കുമില്ലെന്ന്.

ബഹുമാന്യരായ ഭരണകക്ഷി അംഗങ്ങള്‍ ഇവിടെ സംസാരിച്ചപ്പോള്‍ എനിക്ക് ഓര്‍മവന്നത് പീലാത്തോസിനെയാണ്. ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്ത ആളുകള്‍ ഇപ്പോള്‍ നിയമസഭയില്‍ വന്ന് പറയുകയാണ് അദ്ദേഹം നീതിമാനായിരുന്നു. ആ നീതിമാന്റെ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്ന്.

ഇവിടെ ഭരണകക്ഷിയുടെ ഒരു നരേറ്റീവ് ഉണ്ട്. നിങ്ങള്‍ ഈ വിഷയം ഒന്നാക്കി. രണ്ട് വിഷയമാണ് ഇത്. 2021 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പരാതിക്കാരിയുടെ കയ്യില്‍ നിന്ന് പരാതി എഴുതി വാങ്ങി ശ്രീ പിണറായി വിജയന്‍. തുടര്‍ന്ന് ലൈംഗിക ആരോപണമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് വിട്ടു.

ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്ക് നേരെയാണ്. ഷാഫി പറമ്പില്‍ പറഞ്ഞതുപോലെ ഇവിടെ ഒരു ക്രിമിനല്‍ ഗൂഡാലോചന ഈ കേസില്‍ നടന്നു എന്നതാണ്. അതാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. എവിടെ നിന്നാണ് ഇത് ആരംഭിക്കുന്നത്. 2016 ല്‍ അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസം ഈ പരാതിക്കാരിയെ മുഖ്യമന്ത്രി കാണുന്നു.

ആരാണ് ഇടനിലക്കാരന്‍, വലിയ കോര്‍പ്പറേറ്റ് ബിസിനസ് ഇടനിലക്കാരനായി അറിയപ്പെടുന്ന ദല്ലാള്‍ നന്ദകുമാര്‍. അദ്ദേഹം ഇടനിലക്കാരായി ഈ പരാതിക്കാരിയെ കാണുന്നു. അവരുടെ അടുത്തു നിന്ന് പരാതി എഴുതി വാങ്ങിക്കുന്നു. നേരത്തെ തന്നെ പത്തനംതിട്ട ജയിലില്‍ നിന്ന് ഗണേഷ് കുമാറിന്റെ പി.എ കളക്ട് ചെയ്ത ഒരു പരാതിയുണ്ട്. അത് ശ്രീ ബാലകൃഷ്ണപിള്ളയുടെ കയ്യിലുണ്ട്.

അത് നന്ദകുമാറിന് കൊടുക്കാന്‍ പരാതിക്കാരി പറയുന്നു. നന്ദകുമാര്‍ 50 ലക്ഷം രൂപ കൊടുത്ത് ഈ കത്ത് വാങ്ങിക്കുന്നു. ആ കത്തിന്റെ പുറത്ത് പരാതിക്കാരി പരാതി കൊടുക്കുന്നു. അതിന്റെ പുറത്ത് നിരന്തരമായ പൊലീസ് അന്വേഷണം നടക്കുന്നു. മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ മാറി വന്നു.

പിണറായി വിജയന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്ക് മാത്രമല്ല ആരോപണവിധേയനായ ആര്‍ക്കെതിരെയും ഒരു തെളിവും കൊണ്ടുവരാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. അപ്പോഴാണ് ഏറ്റവും ഒടുവില്‍ പരാതിക്കാരിയില്‍ നിന്ന് പരാതി വാങ്ങിച്ച് ഇത് സി.ബി.ഐക്ക് വിടാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്.

ഇന്ന് രാവിലേയും മുഖ്യമന്ത്രി പറഞ്ഞു പരാതിക്കാരി സി.ബി.ഐക്ക് വിടണമെന്ന് പറഞ്ഞു, അതുകൊണ്ട് വിട്ടു എന്ന്. അതുകൊണ്ടാണോ വിട്ടത്. സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആദ്യം കത്ത് 21 പേജായിരുന്നു. പിന്നെ 19 പേജായി മാറി. ചാനലിന് കൊടുത്തത് 25 പേജുള്ള കത്താണ്. എന്നാല്‍ 30 പേജെന്ന് പരാതിക്കാരി പറഞ്ഞു. പക്ഷേ കോടതിയില്‍ ഹാജരാക്കിയത് 4 പേജുള്ള കത്താണ്.

വ്യാജനിര്‍മിതിയാണ് ആ കത്ത്. പണം മേടിച്ച് ഈ പറയുന്ന രാഷ്ട്രീയ എതിരാളികളെ കുറിച്ച് ഓരോ ദിവസവും കത്തെഴുതുകയാണ്. 1 ലക്ഷം ആദ്യം കൊടുത്തു. പിന്നെ 25000 കൊടുത്തു. പണം കൊടുത്തുവാങ്ങിക്കുകയാണ്. ദല്ലാള്‍ നന്ദകുമാര്‍ വഴി ഇങ്ങനെയൊരു കത്ത് സംഘടിപ്പിക്കാന്‍ പണം കൊടുത്തുവിട്ടത് ആരാണ്. ദല്ലാള്‍ നന്ദകുമാര്‍ കയ്യില്‍ നിന്ന് പൈസയെടുക്കില്ല. നിങ്ങളാണ് പണം കൊടുത്തത്. നിങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ജനഭങ്ങളുടെ മുന്‍പില്‍ അപമാനിക്കുന്നതിന് വേണ്ടി, പണം കൊടുത്ത് പരാതിക്കാരിയില്‍ നിന്ന് വ്യാജനിര്‍മിതിയായ കത്ത് വാങ്ങിച്ച് അഞ്ച് കൊല്ലം അന്വേഷണം നടത്തി. ഒരു തെളിവും കിട്ടാതെ സി.ബി.ഐക്ക് വിട്ടു.

സോളാര്‍ കേസില്‍ ധാരാളം പേര്‍ പരാതി കൊടുത്തിരുന്നു. സോളാറിന്റെ പേരില്‍ തട്ടിപ്പ് നടത്തി എന്നാണ് പരാതി. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരാണ്. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. 33 കേസ് തട്ടിപ്പുകാര്‍ക്കെതിരായി എടുത്തു. അതില്‍ പല കേസിലും പരാതിക്കാരിയെ ശിക്ഷിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ടെനി ജോപ്പനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോഴാണ് അറസ്റ്റ് ചെയ്തത്. ആ സമയത്ത് നിങ്ങള്‍ നിങ്ങള്‍ സെക്രട്ടറിയേറ്റ് വളഞ്ഞു. ഈ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി 100 ദിവസം ജയിലിലായിരുന്നു.

ഞങ്ങള്‍ സെക്രട്ടറിയേറ്റ് വൃത്തികേടാക്കാന്‍ വന്നോ. റസ്റ്റ് എടുത്ത ശേഷം വീണ്ടും അദ്ദേഹം ജയിലില്‍ പോയി, ലൈഫ് മിഷന്‍ കേസില്‍. അതിന്റെ ചെയര്‍മാന്‍ ആരായിരുന്നു. മുഖ്യമന്ത്രി. ലൈഫ് മിഷനില്‍ കോഴ വാങ്ങിയതിന് ആ ഓഫീസില്‍ അമിതാധികാരമുണ്ടായിരുന്ന ശിവശങ്കര്‍ ജയിലില്‍ പോയി. എന്നിട്ടാണ് ടെനി ജോപ്പനെ അറസ്റ്റ് ചെയ്തതിന് ഇത്രയും വലിയ ബഹളമുണ്ടാക്കിയത്.

എത്ര കേസുകളാണ് വരുന്നത്. എ.ഐ കേസിലും കെ ഫോണ്‍ കേസിലും 1000 കോടി 1500 കോടിയാക്കി കത്ത് കൊടുത്തത് ഈ ശിവശങ്കറാണ്. എന്നിട്ട് ടെനി ജോപ്പന്‍. അന്നത്തെ കേസ് തട്ടിപ്പ് കേസാണ്. അതില്‍ ബന്ധമുള്ള പരാതിക്കാരിയേയും അതുമായി ബന്ധമുള്ള മുഴുവന്‍ പേരേയും അകത്താക്കി. മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തരമന്ത്രിക്ക് നടപടിയെടുക്കാന്‍ പറ്റുമോ.

മുഖ്യമന്ത്രിയുടെ അറിവോടുകൂടി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റേയും അറിവോടെയാണ് ഈ കേസെല്ലാം എടുത്തത്. ആ കേസ് വേറെ. ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ കൂടെ ഈ ലൈംഗികാരാപാണവുമായി ബന്ധപ്പെട്ട സ്ത്രീയുടെ പരാതി കൂടി നിങ്ങള്‍ അറ്റാച്ച് ചെയ്തു. എന്നിട്ട് റിപ്പോര്‍ട്ടിന്റെ് ഭാഗമാക്കി. അതില്‍ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ പോയി. ഇതൊരിക്കലും റിപ്പോര്‍ട്ടിന്റെ ഭാഗമല്ല എന്ന് ഹൈക്കോടതി പറഞ്ഞു. ആരോപണത്തിന് വിശ്വാസതയില്ലെന്നും അത് മാറ്റിവെക്കണമെന്നും ഹൈക്കോടതി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ ഭാഗമല്ല എന്ന് ഹൈക്കോടതി പറഞ്ഞ അവരുടെ പരാതിയുടെ പുറത്താണ് ഈ അന്വേഷണം മുഴുവന്‍ നടത്തിയത്.

ഒരു സ്ത്രീ പരാതി പറഞ്ഞാല്‍ അന്വേഷിക്കേണ്ടേ എന്നാണ് നിങ്ങളുടെ ചോദ്യം. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കുമെന്ന് ഞാന്‍ അന്ന് പറഞ്ഞു. നിങ്ങളുടെ കാലത്ത് വേറൊരു അവതാരം വന്നില്ലേ. അവതാരങ്ങളെ കയറ്റില്ലെന്ന് പറഞ്ഞ ആളാണ്. മൂന്നാമത്തെ ദിവസം വന്ന അവതാരത്തെ കണ്ടല്ലോ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കൂട്ടാളിയായി ഒരാള്‍ വന്നല്ലോ.

നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം പറയാം. ഈ രണ്ടാമത് വന്നയാള്‍ നിങ്ങളുടെ പല നേതാക്കളെ കുറിച്ച് ഇത്തരം പരാതി പറഞ്ഞു. ഞങ്ങള്‍ അത് ഏറ്റുപിടിച്ചില്ല. അത് പറയേണ്ട എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. നിയസഭയില്‍ പറഞ്ഞിട്ടില്ല, എവിടേയും പറഞ്ഞിട്ടില്ല, ‘ വി.ഡി സതീശന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more