| Sunday, 30th June 2013, 4:46 pm

സോളാര്‍ തട്ടിപ്പ്: എ. ഫിറോസിന് ജാമ്യം നല്‍കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ##സോളാര്‍തട്ടിപ്പ് സസ്‌പെന്‍ഷനിലായ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ ##എ.ഫിറോസിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്. നാളെ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് പോലീസ് റിപ്പോര്‍ട്ട് വന്നത്.

മുമ്പ് പലതവണ ഫിറോസ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്നൊക്കെ ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ട് പോവുകയായിരുന്നെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച്ച ഫിറോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാതിരിക്കുകയായിരുന്നു.[]

അതേസമയം, ഫിറോസ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സോളാര്‍  കേസിലെ പ്രതിയായ സരിത എസ്. നായര്‍ നടത്തിയ 40 ലക്ഷത്തിന്റെ തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് എ. ഫിറോസ്.

ആരോപണത്തെ തുടര്‍ന്ന് ഫിറോസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ദക്ഷിണേന്ത്യന്‍ മേധാവി ചമഞ്ഞ് സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയായ സലിം കബീറില്‍ നിന്ന്‌ 2009ല്‍ 40.09 ലക്ഷം തട്ടിയ കേസിലാണ് ഫിറോസ് പ്രതിയായിട്ടുള്ളത്.

2009 ഡിസംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരിലാണ് ഫിറോസിനെതിരെ നടപടി എടുത്തിരിക്കുന്നത്.

സരിതയും,ബിജുവും, ഫിറോസും, ചേര്‍ന്ന് സലീം കബീര്‍ എന്നയാളില്‍ നിന്ന് 40,20000 രൂപ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സലീമിന് 25 കോടി രൂപ കരപ്പെടുത്തി കൊടുക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

നേരത്തെ കേസില്‍ ഫിറോസിന്റെ പങ്കിനെ കുറിച്ച് പോലീസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.  എന്നാല്‍ ഫയല്‍ കാണാതെ പോവുകയായിരുന്നു. ആ ഫയല്‍ കണ്ടെടുത്ത് വീണ്ടും പരിശോധന നടത്തിയാണ് ഫിറോസിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more