സോളാര്‍ തട്ടിപ്പ് കേസ്; ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി
Daily News
സോളാര്‍ തട്ടിപ്പ് കേസ്; ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2016, 5:40 pm

ഉമ്മന്‍ചാണ്ടിക്കെതിരായ ശിക്ഷാ വിധി നടപ്പാക്കുന്നതിന് സ്റ്റേ നല്‍കാന്‍ ബംഗളൂരു കോടതി വിസമ്മതിച്ചു. 


ബംഗളൂരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി. കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി നിര്‍ദേശിച്ചു.

ഡിസംബര്‍ 6ന് ഹാജരാകണം എന്നാണ് നിര്‍ദേശം. ഉമ്മന്‍ചാണ്ടിക്കെതിരായ ശിക്ഷാ വിധി നടപ്പാക്കുന്നതിന് സ്റ്റേ നല്‍കാന്‍ ബംഗളൂരു കോടതി വിസമ്മതിച്ചു. തെളിവ് നല്‍കുന്നതിനാണ് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. വിധി നടപ്പാക്കുന്നതിന് ആവശ്യത്തിന് സമയമുണ്ട്. അതിനാല്‍ സ്റ്റേ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സോളര്‍ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്നു പറഞ്ഞ് പണം തട്ടിച്ചെന്ന വ്യവസായി എം.കെ. കുരുവിളുടെ പരാതിയിലായിരുന്നു നടപടി. പരാതിക്കാരനായ വ്യവസായി എം.കെ കുരുവിളയ്ക്ക് ആറു മാസത്തിനകം 1.6 കോടി രൂപ നല്‍കണമെന്നായിരുന്നു കോടതി വിധി. കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയായിരുന്നു.


Also Read: നോട്ട് പിന്‍വലിക്കല്‍; ജോലിഭാരം കാരണം മരിച്ചത് 11 ബാങ്ക് ഉദ്യോഗസ്ഥര്‍


തുടര്‍ന്ന് സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ബംഗളൂരു കോടതി വിധി ഏകപക്ഷീയമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി. എക്‌സ് പാര്‍ട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തന്റെ ഭാഗം കേള്‍ക്കുകയോ തെളിവോ പത്രികയോ നല്‍കാന്‍ അവസരം നല്‍കുകയോ അതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും കൈപ്പറ്റിയെന്നായിരുന്നു എം.കെ കുരുവിളയുടെ പരാതി.