| Thursday, 14th September 2023, 11:31 am

സോളാറിലെ പുതിയ വിവാദം കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുകയാണെന്ന് എം.വി ഗോവിന്ദന്‍; ഫെനിയുടെ ആരോപണം തള്ളി ഇ.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം വേണ്ട എന്ന യു.ഡി.എഫ് സമീപനത്തില്‍ പരിഹാസവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സോളാറില്‍ വീണ്ടും അന്വേഷണം വന്നാല്‍ യു.ഡി.എഫിലെ വൈരുധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാമെന്നും ഇടതുപക്ഷത്തിനെതിരായ ഈ ശ്രമം കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചവരുടെ വിവരങ്ങള്‍ എല്ലാം പൊതുജനമധ്യത്തില്‍ തെളിഞ്ഞു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നുകഴിഞ്ഞു.

അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് യു.ഡി.എഫ് ഭയക്കുന്നു. അതുകൊണ്ടാണ് അന്വേഷണം വേണമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ അന്വേഷണം വേണ്ട എന്ന് പറയുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി വ്യത്യസ്ത കാര്യങ്ങള്‍ പറയുകയാണെന്നും അന്വേഷണം ആവശ്യപ്പെട്ടാല്‍ നടത്താമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

തങ്ങളതില്‍ കക്ഷിയല്ല. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷണത്തിന് കമ്മീഷനെ വെച്ചതും മറ്റും കോണ്‍ഗ്രസും അവരുടെ സര്‍ക്കാരുമാണ്.

‘ഞങ്ങള്‍ക്ക് കത്ത് പുറത്ത് വിടേണ്ട കാര്യമെന്താണ്. കത്ത് പുറത്ത് വരാന്‍ ആഗ്രഹിച്ചവര്‍ ആരാണെന്ന് വ്യക്തമാക്കപ്പെട്ടല്ലോ. കത്ത് പുറത്ത് വന്നാലും ഇല്ലെങ്കിലും എല്‍.ഡി.എഫിന് ഗുണമാണ്. ഞങ്ങളുന്നയിച്ച പ്രശ്നം ജുഡീഷ്യല്‍ അന്വേഷണമാണ്’ ഗോവിന്ദന്‍ പറഞ്ഞു.

സോളര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പറഞ്ഞു.

ഫെനി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ ജയരാജന്‍ ഫെനി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും ഫെനിക്ക് പിന്നില്‍ മറ്റാരോ ഉണ്ടാകുമെന്നും പറഞ്ഞു.

‘ഇത്തരത്തിലുള്ള ആളുകളുടെ പിന്നാലെ നടക്കലല്ല എന്റെ പണി. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണ്. ഫെനിയുമായി നേരിട്ട് ബന്ധമോ പരിചയമോ എനിക്കില്ല. കൊല്ലം ഗസ്റ്റ് ഹൗസില്‍ രണ്ടുതവണ മാത്രമാണ് ഞാന്‍ താമസിച്ചത്. അത് പാര്‍ട്ടി സമ്മേളനത്തിനും പിണറായിയുടെ ജാഥയ്ക്കുമായാണ്.

ഉമ്മന്‍ ചാണ്ടി നമ്മുടെ കൂടെ ഇപ്പോഴില്ല. കോണ്‍ഗ്രസിനകത്ത് ശക്തമായ രണ്ടുചേരിയുണ്ട്. ആ ഗ്രൂപ്പിന്റെ മത്സരത്തിന്റെ ഭാഗമായി മണ്‍മറഞ്ഞുപോയ നേതാവിനെ നിയമസഭയില്‍ ചര്‍ച്ചചെയ്തു കീറിമുറിക്കുന്നത് തെറ്റാണ്. ആ പ്രവണതകളില്‍നിന്ന് യു.ഡി.എഫ് പിന്തിരിയണമെന്നും ജയരാജന്‍ പറഞ്ഞു.

ഇ.പി. ജയരാജനെ കാണാന്‍ ഹരിപ്പാട് നിന്നും കാറില്‍ തന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ആദ്യം കൊല്ലത്തെ ഒരു ഗസ്റ്റ് ഹൗസിലെ ജയരാജന്റെ മുറിയിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് കാറില്‍ കറങ്ങിനടന്നു. ലൈംഗികാരോപണ പരാതികള്‍ സജീവമായി നിലനിര്‍ത്തണമെന്നും പരാതിക്കാരിയുമായി സംസാരിക്കണമെന്നും ഇ.പി. ആവശ്യപ്പെട്ടു എന്നായിരുന്നു ഫെനി ഉന്നയിച്ച ആരോപണം.

Content Highlight: Solar case E.P jayarajan and M.V Govindan Comment

We use cookies to give you the best possible experience. Learn more