മൂന്നാര്‍: മൂന്നാര്‍ ടൗണിന് സമീപത്തുകൂടെ ഒഴുകുന്ന മുതിരപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നായിരുന്നു മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായത്. പുഴയുടെ ചില ഭാഗങ്ങളില്‍ മണ്ണിട്ടതും മാലിന്യങ്ങള്‍ കൊണ്ടിട്ടതുമെല്ലാം ദുരിതത്തിന്റെ ആക്കം കൂട്ടിയെന്ന വിലയിരുത്തലും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ മൂന്നാറില്‍ പുഴയെ കൊല്ലുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ നിന്നും മണ്ണ് പുഴയ്ക്കരികിലേക്ക് കൊണ്ടിടുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് മൂന്നാര്‍ റിസഡന്‍സിക്കരികിലായി കോളനി റോഡിനു സമീപം വീണ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് ടിപ്പറിലാക്കി പുഴയ്ക്കരികിലേക്ക് തള്ളുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസിയും അധ്യാപകനുമായ സോജന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
പി.ഡബ്ല്യു.ഡി തന്നെയാണ് ഇത് ചെയ്യുന്നതെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെ മുങ്ങാന്‍ കാരണം ഇത്തരം മണ്ണിട്ട് നികത്തലാണെന്ന് മൂന്നാര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ എം.ജെ ബാബു ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“നേരത്തെ മൂന്നാര്‍ ടൗണ്‍ മുങ്ങാന്‍ കാരണമായത് ദേശീയ പാത റോഡ് വികസനവുമായി ബന്ധപ്പെട്ട് പുഴയില്‍ മണ്ണിട്ട് നികത്തിയതാണെന്ന വിലയിരുത്തലുണ്ടായിരുന്നു. അത് തന്നെയായിരിക്കും ആവര്‍ത്തിക്കപ്പെടുന്നത്. പുഴയില്‍ വ്യാപകമായി മണ്ണിട്ട് നികത്തിയത് മൂന്നാര്‍ ടൗണിലെ ഹെഡ്വര്‍ക്‌സ് ഡാമിന്റെ സംഭരണശേഷി കുറയാന്‍ കാരണമാകുകയും ഇതേത്തുടര്‍ന്ന് ടൗണ്‍ ഉള്‍പ്പെടെ മുങ്ങുകയായിരുന്നു” അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തിനു പിന്നാലെ മൂന്നാറില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പാണ് പുഴ നികത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം പ്രദേശവാസികള്‍ ചേര്‍ന്ന് മുതിരപ്പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മണ്ണിട്ട് നികത്തല്‍ നടക്കുന്നത്.
പഞ്ചായത്ത് ഇത് ചെയ്തിട്ടില്ലെന്നാണ് വാര്‍ഡ് മെമ്പര്‍ പറഞ്ഞതെന്നും പി.ഡബ്ല്യു.ഡിയാണ് ഇതിനു പിന്നിലെന്നു പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകനായ സെന്തില്‍ പറഞ്ഞു. കയ്യേറ്റത്തിന്റെ ഭാഗമായി പലയിടങ്ങളിലും പുഴയുടെ വഴിതിരിച്ചുവിട്ടതാണ് പ്രളയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങളില്‍ നിന്നും ഇനിയെങ്കിലും പിന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയകാലത്ത് ഒഴുകിയെത്തിയ മണ്ണും കല്ലുകളും നിറഞ്ഞത് മുതിരപ്പുഴ ഗതിമാറി ഒഴുകാന്‍ കാരണമായിരുന്നു. പുഴയോരത്തെ പല കെട്ടിടങ്ങള്‍ക്കും നിലവില്‍ ഇത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
പെരിയവരപാലം മുതല്‍ മൂലക്കടവരെയുള്ള ഭാഗത്ത് പുഴയുടെ മധ്യഭാഗത്ത് പത്തടിയോളം ഉയര്‍ത്തില്‍ വലിയ മണ്‍കൂനകളും പാറകളും ഒഴുകിയെത്തിയിരുന്നു. പുഴയുടെ ഭൂരിഭാഗത്തും ഇത്തരത്തില്‍ മണ്‍കൂനയും പാറകളും കിടക്കുന്നതിനാല്‍ വെള്ളം ഒരുവശത്തുകൂടി മാത്രമാണ് ഒഴുകുന്നത്.
പലഭാഗത്തും പുഴയോരത്തുള്ള കെട്ടിടങ്ങളുടെയും വീടുകളുടെയും വശങ്ങള്‍ ചേര്‍ന്നാണ് ഇപ്പോഴത്തെ ഒഴുക്ക്. ഇത്തരത്തില്‍ വെള്ളം ഒഴുകുന്നത് തുടര്‍ന്നാല്‍ അടുത്ത കാലവര്‍ഷത്തില്‍ പുഴയോരത്തുള്ള കെട്ടിടങ്ങള്‍ക്ക് ഇത് കടുത്ത ഭീഷണി സൃഷ്ടിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. യന്ത്രസഹായത്തോടെ പുഴയിലെ മണ്‍കൂനകള്‍ നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്കിനുള്ള സൗകര്യം പഞ്ചായത്ത് ചെയ്യണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് പി.ഡബ്ല്യു.ഡി തന്നെ പുഴ നികത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ. മൂന്നാറിലെ വന്‍തോതിലുള്ള വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ വലിയ തോതില്‍ മലിനമാക്കിയിരുന്നു. മുതിരപ്പുഴയുടെ ജീവജാല വ്യവസ്ഥയെ തന്നെ ഇത് താളം തെറ്റിച്ചെന്നാണ് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. മലിനീകരണത്തിനു പുറമേ പ്രദേശത്തെ വ്യവസായ ആവശ്യങ്ങള്‍ക്കായി മുതിരപ്പുഴയില്‍ നിന്നും മണല്‍വാരുന്നതും പുഴയുടെ നാശത്തിന് കാരണമായിരുന്നു.
മൂന്നാര്‍ പ്രദേശത്തെ ഇറച്ചിക്കടകളില്‍ നിന്നും മീന്‍കടകളില്‍ നിന്നും മറ്റുമുള്ള അവശിഷ്ടങ്ങള്‍ രാത്രിയില്‍ ചാക്കില്‍ക്കെട്ടി പുഴയില്‍ തള്ളുന്നതും നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുഞ്ചിത്തണ്ണി, പള്ളിവാസല്‍ മേഖലകളിലുള്ളവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. പുഴ മലിനമാക്കുന്നവര്‍ക്കെതിരെ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവന്നിരുന്നു.