സൊഹ്‌റാബുദ്ദീനെ കൊന്നില്ലായിരുന്നെങ്കില്‍ മോദി കൊല്ലപ്പെടുമായിരുന്നു: ഡി.ജി വന്‍സാര
Sohrabuddin Fake Encounter
സൊഹ്‌റാബുദ്ദീനെ കൊന്നില്ലായിരുന്നെങ്കില്‍ മോദി കൊല്ലപ്പെടുമായിരുന്നു: ഡി.ജി വന്‍സാര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 6:22 pm

അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊന്നില്ലായിരുന്നെങ്കില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കൊല്ലപ്പെടുമായിരുന്നുവെന്ന് ഡി.ജി വന്‍സാര. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 22 പ്രതികളേയും വെറുതെ വിട്ട പ്രത്യേക സി.ബി.ഐ. കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് വന്‍സാരെയുടെ പ്രതികരണം.

ഗോധ്ര സംഭവത്തിന് ശേഷം ഗുജറാത്ത് പൊലീസ് നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ദിരാഗാന്ധിയെ പോലുള്ള ലോകനേതാക്കളുടെ വിധി മോദിയ്ക്കും വരുമായിരുന്നുവെന്നും രക്ഷകനായ മോദിയുടെ ജീവന്‍ കാത്തത് തങ്ങളാണെന്നും വന്‍സാര പറഞ്ഞു.

ഗുജറാത്ത് കശ്മീര്‍ ആയി മാറുമായിരുന്നുവെന്നും വന്‍സാര പറഞ്ഞു. അന്ന് ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിയും കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ബലിയാടുകളാണ് തന്നെ പോലുള്ള പൊലീസ് ഉദ്യോഗസ്ഥരെന്നും വന്‍സാര പറഞ്ഞു.

സൊഹ്‌റാബുദ്ദീന്‍ കേസില്‍ പ്രതിയായിരുന്ന വന്‍സാരയെ 2017ല്‍ കോടതി വെറുതെ വിട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെ കൂടി സി.ബി.ഐ കോടതി വെറുതെ വിട്ടത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥറും ഉള്‍പ്പെടെ 38 പേര്‍ പ്രതിപ്പട്ടികയുണ്ടായിരുന്ന കേസില്‍ അമിത് ഷായുള്‍പ്പെടെ 16 പേരെ 2014ല്‍ കോടതി വെറുതെ വിട്ടിരുന്നു.

ഗുജറാത്ത്, രാജസ്ഥാന്‍ പൊലീസ് സംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ 21 പൊലീസ് ഉദ്യോഗസ്ഥരും ഗുജറാത്തിലെ ഒരു ഫാം ഹൗസ് ഉടമയുമാണ് പ്രതികളായിരുന്നത്.

സൊഹ്‌റാബുദ്ദീന് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുമായും പാക് ചാരസംഘടന ഐ.എസ്.ഐയുമായും ബന്ധമുണ്ടെന്നും ഗുജറാത്തിലെ ഉന്നത രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ആരോപിച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയേയും കൊലപ്പെടുത്തിയെന്നാണ് കേസ്.

സൊഹ്‌റാബുദ്ദീന്റെ സഹായിയായിരുന്ന തുളസീറാം പ്രജാപതിയേയും പിന്നീട് കൊലപ്പെടുത്തിയിരുന്നു.