സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ്: ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട് കോടതി
national news
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ്: ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st December 2018, 12:21 pm

 

മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ടു. മുംബൈയിലെ സി.ബി.ഐ കോടതിയുടേതാണ് വിധി.

പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.

തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും കോടതി വ്യക്തമാക്കി.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥറും ഉള്‍പ്പെടെ 38 പേര്‍ പ്രതിപ്പട്ടികയുണ്ടായിരുന്ന കേസില്‍ അമിത് ഷായുള്‍പ്പെടെ 16 പേരെ 2014ല്‍ കോടതി വെറുതെ വിട്ടിരുന്നു.

ഗുജറാത്ത് രാജസ്ഥാന്‍ പൊലീസ് സംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ 21 പൊലീസ് ഉദ്യോഗസ്ഥറും ഗുജറാത്തിലെ ഒരു ഫാം ഹൗസ് ഉടമയുമാണ് പ്രതികളായിരുന്നത്.

സോഹ്‌റാബുദ്ദീന് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുമായും പാക് ചാരസംഘടന ഐ.എസ്.ഐയുമായും ബന്ധമുണ്ടെന്നും ഗുജറാത്തിലെ ഉന്നത രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ആരോപിച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയേയും കൊലപ്പെടുത്തിയെന്നാണ് കേസ്.

സൊഹ്‌റാബുദ്ദീന്റെ സഹായിയായിരുന്ന തുളസീറാം പ്രജാപതിയേയും പിന്നീട് കൊലപ്പെടുത്തി.