2011ല്‍ മമ്മൂട്ടിയെയും നദിയ മൊയ്ദുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡബിള്‍സ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്ന വ്യക്തിയാണ് സോഹന്‍ സീനുലാല്‍. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, ഒരേ മുഖം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദ ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സൈജു കുറുപ്പ് നായകനാകുന്ന ഭാരതനാട്യമാണ് സോഹന്‍ സീനുലാലിന്റെ വരാനിരിക്കുന്ന ചിത്രം.
കുട്ടികാലത്ത് സോഹന്‍ സീനുലാലും സുഹൃത്തുക്കളും കാബൂളിവാല എന്ന സിനിമയില്‍ ഒരു ഗാനരംഗത്ത് അഭിനയിച്ചിട്ടുണ്ടായിരുന്നു. അന്ന് തന്റെ കൂടെ ആ ഗാനരംഗത്തില്‍ അഭിനയിക്കാന്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരുന്നെന്ന് പറയുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സോഹന്‍ സീനുലാല്‍.
അന്ന് സൗബിന്‍ സെറ്റില്‍ നിന്നും തെറ്റിപ്പോയെന്നും പിന്നീട് കാലങ്ങള്‍ക്ക് ശേഷം സൗബിന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സോഹന്‍ പറയുന്നു.
‘കാബൂളിവാല സിനിമയില്‍ ‘പാല്‍ നിലാവിലും ഒരു നൊമ്പരം’ എന്ന ഗാനത്തില്‍ കന്നാസിന്റെയും കടലാസിന്റെയും പിന്നാലെ നടക്കുന്ന കുഞ്ഞുങ്ങളില്‍ ഒരാള്‍ ഞാനാണ്. ക്യാമറാമാന്‍ ആല്‍ബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശിഹാബ് ഇവരൊക്കെ ആയിരുന്നു മറ്റുള്ള കുട്ടികള്‍.
വേറെയും കുറെ കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഇത്രയും പേരായിരുന്നു കമ്പനിക്കാര്‍. സൗബിന്‍ ഒരു ദിവസം വന്നിട്ട് പോയി. എന്തോ വഴക്കിട്ടായിരുന്നു അന്ന് സൗബിന്‍ പോയത്. കുറെ വര്‍ഷം കഴിഞ്ഞ് സിനിമയില്‍ സജീവമായപ്പോഴാണ് അന്ന് വഴക്കിട്ട് പോയ കുട്ടിയാണ് ഇന്നത്തെ സൗബിന്‍ ഷാഹിര്‍ എന്നറിയുന്നത്. സൗബിന്‍ തന്നെയാണ് ആ കാര്യം എന്നോട് പറഞ്ഞത്,’ സോഹന്‍ സീനുലാല്‍ പറയുന്നു.
Content highlight: Sohan Seenulal talks about Soubin Shahir