|

എം.എല്‍.എയുടെ കഥാപാത്രവുമായിട്ടാണ് ഷൈനിനെ സമീപിക്കുന്നതെങ്കില്‍ പുള്ളിയുടെ ഒരു ചോദ്യമുണ്ട്; ചില കാര്യങ്ങള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനാവില്ല: സോഹന്‍ സീനുലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോയുടെ സംശയം ചോദിക്കുന്ന സ്വഭാവം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ലെന്ന് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് സോഹന്‍ സീനുലാല്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സംസാരിച്ചത്. ഷൈനിനെ ഹാന്റില്‍ ചെയ്യാന്‍ ബുദ്ധിമൊട്ടൊന്നുമില്ലെന്നും ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ ഓടി നടന്ന് അഭിനയിക്കുന്ന ആളാണ് ഷൈന്‍ എന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു.

‘ഷൈന്‍ ടോം ചാക്കോയെ മേയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആരും പറയില്ല. ഏതെങ്കിലും അഭിമുഖത്തിലോ സിനിമാക്കാര്‍ക്കിടയിലോ അത്തരമൊരു സംസാരമില്ല. ഇത്രയും കഠിനാധ്വാനം ചെയ്യുന്ന, കൃത്യമായി സെറ്റില്‍ വരുന്ന ഒരു ആക്ടറും വേറെയില്ല. അത് കൊണ്ട് തന്നെ അയാളില്ലാത്ത സിനിമകളില്ലല്ലോ. എല്ലാവരും ഒരു സിനിമ ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ ഏതെങ്കിലുമൊരു ക്യാരക്ടര്‍ ഷൈനിന് കോടുത്താല്‍ നന്നാവുമെന്ന് തോന്നുകയും അതിന് വേണ്ടി ഷൈനിനെ സമീപിക്കുകയും ചെയ്യുന്നുണ്ട്. ഈ സിനിമകളിലൊക്കെ അദ്ദേഹം അഭിനയിക്കുകയും ചെയ്യുന്നു.

പകല്‍ ഒരു സിനിമ, അത് കഴിഞ്ഞ് രാത്രി ഒരു സിനിമ അങ്ങിനെ ഓടി നടന്ന് അഭിനയിക്കുകയാണ് അദ്ദേഹം. അത്രയും പാഷനേറ്റായിട്ടുള്ള നടനാണ് ഷൈന്‍. ഒരിടത്തും ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഓടി നടന്ന് അഭിനയിക്കുന്ന ആളാണ് അദ്ദേഹം. ഒരു സിനിമയും അദ്ദേഹം പ്രതിഫലത്തിന്റെ പേരില്‍ വിട്ടുകളയാറില്ല. ഡേറ്റ് അനുസരിച്ച് അദ്ദേഹം വരും.

ഷൈനിന്റെ വേറൊരു പ്രത്യേകതയുണ്ട്, അത് പക്ഷെ എല്ലാവര്‍ക്കും ഉള്‍ക്കാല്‍ കഴിഞ്ഞെന്നും വരില്ല. ഒരു ആക്ടറെ സംബന്ധിച്ച് അയാള്‍ക്ക് ഒരുപാട് സംശയങ്ങളുണ്ടാകും. അത് ആക്ടിങില്‍ അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയിട്ടാണ്. അഭിനയത്തിലെ ക്ലാരിറ്റിക്ക് വേണ്ടി ചോദിക്കുന്നതാണ്. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ കഥാപാത്രം എത്രവരെ പഠിച്ചിട്ടുണ്ടെന്ന് ചോദിക്കും, അത് അസിസ്റ്റന്റ് ഡയറക്ടര്‍ക്കോ സ്‌ക്രിപ്റ്റ് റൈറ്റര്‍ക്കോ അറിയുന്നുണ്ടാകില്ല.

ഈ അടുത്ത ദിവസം, ഞങ്ങള്‍ ഒരുമിച്ചൊരു സിനിമയില്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ കഥാപാത്രം ഒരു എം.എല്‍.എയാണ്. അസോസിയേറ്റ് ഡയറക്ടര്‍ വന്ന് കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഷൈന്‍ ചോദിച്ചു, ഈ കഥാപാത്രം ആദ്യമായി എം.എല്‍.എയാകുന്നതാണോ, അതോ കാലങ്ങളായി എം.എല്‍.എ ആകുന്നയാളാണോ എന്ന്. കാരണം പുതുതായി എം.എല്‍.എ ആകുന്ന ആളും കാലങ്ങളായി എം.എല്‍.എ ആകുന്നയാളും തമ്മില്‍ ആറ്റിറ്റിയൂഡില്‍ മാറ്റമുണ്ടാകും. കഥാപാത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടിയാണ് അത് ചോദിക്കുന്നത്. അത് അറിയില്ലെന്ന് പറഞ്ഞാലും അദ്ദേഹത്തിന് പ്രശ്‌നമൊന്നുമുണ്ടാകാറില്ല’, സോഹന്‍ സീനുലാല്‍ പറഞ്ഞു.

content highlights: Sohan Seenulal about Shine Tom Chacko