| Friday, 10th March 2023, 6:57 pm

ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍, ധ്യാന്‍ റൂമിലേക്ക് തിരികെ പോയി, ടാക്‌സി കാശ് പോലുമില്ലാതെ ഞാന്‍ അവിടെ നിന്നു: സോഹന്‍ സീനുലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാക്‌സ്‌വെല്‍ ജോണ്‍സന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമയാണ് ഖാലി പേഴ്‌സ്. ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദുബായില്‍ പോയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ സോഹന്‍ സീനുലാല്‍.

ധ്യാന്‍ ശ്രീനിവാസനും താനും ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയെന്നും കറങ്ങി നടന്ന് ഇരുവരും രണ്ട് വഴിയെ തിരിഞ്ഞ് പോയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് തിരിച്ച് റൂമിലേക്ക് വരാന്‍ ടാക്‌സി കാശ് പോലും തന്റെ കയ്യിലില്ലായിരുന്നെന്നും ആ സമയംകൊണ്ട് ധ്യാന്‍ റൂമിലെത്തിയിരുന്നെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സോഹന്‍ സിനുലാല്‍ പറഞ്ഞു.

‘ഞാനും ധ്യാനും കൂടി ദുബായില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ ഒരു സ്ഥലത്ത് പോയി. അവിടെ പിന്നെ ഒരുപാട് സ്ഥലങ്ങളൊക്കെയുണ്ട്. അതുവഴി കറങ്ങിതിരിഞ്ഞ് നടന്ന് ഞങ്ങള്‍ രണ്ടും രണ്ട് വഴിക്കായി. ധ്യാന്‍ കരുതി ഞാന്‍ തിരിച്ച് പോയെന്ന്. അങ്ങനെ എന്നെ കാണാതെ വന്നപ്പോള്‍ ധ്യാന്‍ തിരിച്ച് റൂമിലേക്ക് പോയി.

അപ്പോള്‍ തന്നെ സമയം ഏതാണ്ട് വെളുപ്പിനെ അഞ്ചര ആറുമണിയായി. ആ സമയം ആയപ്പോള്‍ ഞാന്‍ ധ്യാനിനെ വിളിച്ചു. എവിടെയാണെന്ന് ചോദിച്ചപ്പോഴാണ് ധ്യാന്‍ പറയുന്നത്, ഞാന്‍ ചേട്ടനെ നോക്കിയിട്ട് കണ്ടില്ല അതുകൊണ്ട് റൂമിലേക്ക് പോയെന്ന്. ഒരു ടാക്‌സിക്ക് പോലും കാശില്ലാതെ ദുബായ് നഗരത്തില്‍ നിക്കുകയാണപ്പോള്‍ ഞാന്‍.

രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടക്കുന്നത്. ഞാന്‍ ധ്യാനിനോട് ചോദിച്ചു ഞാനിപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന്. ആലോചിക്കണം വെളുപ്പിനെ അഞ്ചരവരെ ഞാനവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ കണ്ണ് നനയിച്ച കാര്യം ഇതൊന്നുമായിരുന്നില്ല. ഞാന്‍ ടാക്‌സിയൊക്കെ പിടിച്ച് അവിടെ ചെന്ന് ടാക്‌സി കാശ് ധ്യാനിന്റെ കയ്യില്‍ നിന്നും വാങ്ങികൊടുത്ത് പിന്നെ പ്രൊഡ്യൂസറിന്റെ കയ്യില്‍ നിന്നും വാങ്ങാം എന്നൊക്കെയാണ് കരുതിയത്.

അഞ്ചര മണിക്ക് ഞാന്‍ ടാക്‌സിയില്‍ വന്നിറങ്ങുമ്പോള്‍ ലോബിയില്‍ ധ്യാന്‍ നില്‍ക്കുകയാണ്. അത് ലോകത്തിലെ ആരും ചെയ്യാത്ത കാര്യമാണ്. കാരണം അത്രയും ക്ഷീണിതനായി നില്‍ക്കുന്ന ഒരാളാണ് അവിടെ എനിക്ക് വേണ്ടി കാത്ത് നിന്നത്,’ സോഹന്‍ സീനുലാല്‍ പറഞ്ഞു.

content highlight: sohan seenulal about dhyan sreenivasan

We use cookies to give you the best possible experience. Learn more