പഠിക്കാന്‍ മിടുക്കിയായ പതിനാറ് വയസ്സുള്ള പെണ്‍കുട്ടി. കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി പോലീസ് പിടിയിലാകുകയും നിര്‍ഭയ കേന്ദ്രത്തിലെത്തുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം കേസ് നടക്കുന്നു. ബന്ധുക്കളില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തപ്പെട്ട പെണ്‍കുട്ടി പഠനം തുടരാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയാണ് പങ്കുവെയ്ക്കുന്നത്.
അതേ സമയം തന്നെയാണ് നിര്‍ഭയ കേന്ദ്രങ്ങളിലെ അന്തേവാസികളായ 28 കുട്ടികള്‍ എസ്. എസ്. എല്‍.സി പരീക്ഷയില്‍ വിജയിച്ച വാര്‍ത്തയും പുറത്ത് വരുന്നത്. മാസങ്ങള്‍ നീണ്ട പ്രയത്‌നമാണ് കുട്ടികളെ വിജയത്തിലേക്ക് നയിച്ചത്. ഈ രണ്ട് സംഭവങ്ങളും നിര്‍ഭയ കേന്ദ്രങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതില്‍ ഗൗരവമായ ചര്‍ച്ച ആവശ്യപ്പെടുന്നു. ചില കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് അതിജീവിക്കാന്‍ കഴിയാത്ത ഇടങ്ങളായി മാറുന്നു എന്നാണ് ഉയരുന്ന ആരോപണം.
ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്നതിനായാണ് നിര്‍ഭയ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഇപ്പോള്‍ പന്ത്രണ്ട് ഹോമുകളാണ് ഉള്ളത്. മഹിളാ സാമാഖ്യയുടെ കീഴിലുള്ള എട്ട് ഹോമുകളിലായി 298 കുട്ടികളാണ് ഇപ്പോഴുള്ളത്. ഒരു ഹോമില്‍ ഇരുപത്തിയഞ്ച് കുട്ടികളെ താമസിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും കൂടുതല്‍ കുട്ടികളെത്തുന്നതിനാലാണ് ഇത്രയധികം പേരെ ഉള്‍ക്കൊള്ളിക്കേണ്ടി വരുന്നത്.
എന്നാല്‍ ഇരുപത്തിയഞ്ച് പേരെ പോലും താമസിപ്പിക്കാനുള്ള സൗകര്യം മിക്ക ഹോമുകളിലുമില്ല. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ പുതിയ ഹോമുകള്‍ തുറക്കുന്നുണ്ട്. വാടക കെട്ടിടങ്ങളിലാണ് ഇപ്പോഴുള്ള ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയധികം കുട്ടികളെ താമസിപ്പിക്കാന്‍ സൗകര്യമുള്ള കെട്ടിടം ലഭിക്കുന്നില്ലെന്നതാണ് പ്രതിസന്ധി.
“വാടക വീടുകളാണ് കിട്ടാനുള്ളത്. എന്നാല്‍ അവിടെ ഇരുപത്തിയഞ്ച് പേരെ താമസിപ്പിക്കുക ബുദ്ധിമുട്ടാണ്. താമസിപ്പിക്കാവുന്നതില്‍ അധികം കുട്ടികള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇവരെ പറഞ്ഞു വിടാന്‍ കഴിയില്ലല്ലോ. സര്‍ക്കാര്‍ കെട്ടിടം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പ്രതിസന്ധി ഒഴിയും. മറ്റ് ജില്ലകളില്‍ കൂടി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതോടെ അധികമുള്ളവരെ അവിടേക്ക് മാറ്റാന്‍ കഴിയും” കേരള മഹിളാ സാമാഖ്യ സൊസൈറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ പി.ഇ. ഉഷ പറയുന്നു.
വാടക കെട്ടിടത്തിലെ തിങ്ങി നിറഞ്ഞ മുറിയില്‍ താമസിക്കുന്നത് ശാരീരികാതിക്രമത്തിന് വിധേയരായി മാനസികമായി തകര്‍ന്ന അഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ്. വൈദ്യപരിശോധന, നിയമോപദേശം, കൗണ്‍സിലിംഗ് എന്നിവ ഇവര്‍ക്ക് നല്‍കണമെന്നാണ് നിയമം. എന്നാല്‍ പല കേന്ദ്രങ്ങളിലും ഇത് ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
“സാമൂഹ്യ ജീവിതമില്ലാത്തവരായി മാറുകയാണ് പല കുട്ടികളും. ആത്മവിശ്വാസമോ തുടര്‍ന്നുള്ള ജീവിതത്തെ നേരിടാനുള്ള കരുത്തോ ഇവര്‍ക്ക് ലഭിക്കുന്നില്ല. സുരക്ഷ നല്‍കുക എന്നതില്‍ ഒതുങ്ങിപ്പോവുകയാണ് ഈ ഹോമുകള്‍” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് കാമുകനെ വിവാഹം കഴിച്ച് ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി. കാമുകന്‍ ജയിലിലായി. ഈ സംഭവങ്ങളോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടിക്ക് മതിയായ കൗണ്‍സിലിംഗ് പോലും ലഭിച്ചില്ല.
“ഷെല്‍ട്ടര്‍ ഹോം ഒരുക്കുക എന്നതല്ല പുനരധിവാസമാണ് വേണ്ടത്. വ്യക്തിത്വവികാസത്തിന് വേണ്ട സാഹചര്യങ്ങള്‍ ഉണ്ടാവണം. അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും അത് വളര്‍ത്തിയെടുക്കുകയും വേണം. നിര്‍ഭയ കേന്ദ്രങ്ങളുടെ പോരായ്മ അതാണ്. പൂര്‍വ്വകലാ ജീവിതത്തില്‍ നിന്നും മോചനമില്ലാത്ത അവസ്ഥ ഉണ്ടാകുന്നു. അത് മാറ്റാനുള്ള പദ്ധതികളാണ് വേണ്ടത്” കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുന്‍ജ്ജനിയിലെ അഡ്വക്കേറ്റ് പി. സപ്‌ന ചൂണ്ടിക്കാട്ടുന്നു.
ശാരീരികാതിക്രമത്തിന് വിധേയരാകുന്ന കുട്ടികളുടെ സുരക്ഷിതത്വം മാത്രമല്ല നിര്‍ഭയ കേന്ദ്രം കൊണ്ട് ഉദ്ദേശിച്ചത്. സാമൂഹിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കുക കൂടിയാണ്. വാടക കെട്ടിടത്തിലെ അടഞ്ഞ മുറികളില്‍ ജീവിതം തളച്ചിടപ്പെടാതെ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ കഴിയുന്നവരാക്കി മാറ്റുകവാനുള്ള കേന്ദ്രങ്ങളാക്കി നിര്‍ഭയ ഹോമുകള്‍ മാറണമെന്നാണ് ഈ മേഖലയില്‍ ഇടപെടുന്ന സ്ത്രീ സംഘടനകളും ആവശ്യപ്പെടുന്നത്.