തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസമായി കേരള രാഷ്ട്രീയത്തെ ആകെമാനം പിടിച്ചുലച്ച സംഭവമായിരുന്നു ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം. കോളേജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം. പ്രക്ഷോഭങ്ങള്‍ക്കും നിരാഹാര സമരങ്ങള്‍ക്കും ആത്മഹത്യാ ഭീഷണികള്‍ക്കും വിരാമമിട്ടു കൊണ്ട് സമരം പിന്‍വലിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതില്‍ നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റാന്‍ കോളേജ് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.
ലോ അക്കാദമി സമരം പിന്‍വലിച്ചത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മാനേജുമെന്റുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്‌ക്കെടുവില്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റാമെന്ന് എസ്.എഫ്.ഐയ്ക്ക് ഉറപ്പ് ലഭിച്ചിരുന്നു. എസ്.എഫ്.ഐയുണ്ടാക്കിയ കരാറും ഇന്ന് സംയുക്ത മുന്നണിയുണ്ടാക്കിയ ഉടമ്പടിയും തമ്മിലുള്ള സാമ്യതയെയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. എന്നാല്‍ മുന്‍കരാറില്‍ നിന്ന് വ്യത്യസ്തമായി ഇത് സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയാണെന്നും വിദ്യാഭ്യാസ മന്ത്രിയാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥി ഐക്യം ആക്രമണങ്ങളെ പ്രതിരോധിക്കുന്നത്. കരാര്‍ ലംഘിക്കപ്പെട്ടാല്‍ സര്‍ക്കാരിന് ഇടപെടാമെന്ന വ്യവസ്ഥയുണ്ടെന്നും പുതിയ പ്രിന്‍സിപ്പാളിന് കാലാവധിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
എസ്.എഫ്.ഐ വിജയിപ്പിച്ച സമരം ” സാമ്പാര്‍ മുന്നണി ” വീണ്ടും വിജയിപ്പിച്ചു എന്നാണ് ട്രോള്‍ മലയാളത്തില്‍ വിദ്യാര്‍ത്ഥി ഐക്യത്തിനെതിരെ പ്രത്യക്ഷപ്പെട്ട ട്രോളുകളിലൊന്ന്. പഴയകാല സിനിമയില്‍ നസീര്‍ സിനിമകളില്‍ താരം ആള്‍മാറാട്ടം നടത്തുന്നതിനോടാണ് വി.കെ എന്ന ട്രോളന്‍ സമരത്തെ ഉപമിക്കുന്നത്. രണ്ട് നസീറിനേയും വ്യത്യസ്തരാക്കുന്നത് കവിളില്‍ ഒട്ടിച്ച കറുത്ത മറുക് മാത്രമാണെന്നതാണ് ഇതിന്റെ രസം. സമാനമായ രീതിയില്‍ എസ്.എഫ്.ഐയ്ക്ക് കിട്ടിയ കരാറും അവിയല്‍ മുന്നണിയ്ക്ക് കിട്ടിയ കരാറും ഒന്നു തന്നെയാണെന്നാണ് ഈ ട്രോള്‍ പറയുന്നത് .
ഒറ്റനോട്ടകത്തില്‍ ഒരുപോലെ ഉണ്ടെങ്കിലും രണ്ട് കരാറും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് മറ്റൊരു ട്രോള്‍ പറയുന്നത്. രണ്ടും രണ്ടും ദിവസമാണ് ഒപ്പിട്ടത് എന്നതാണ് ആ വ്യത്യസ്തത. സംയുക്ത സമരമുന്നണിക്കാരുടെ സമരത്തെ ഓര്‍ത്ത് ചിരിയടക്കാന്‍ കഴിയാതെ ആരും ഇനി അവരെ കളിയാക്കരുതെന്ന് പറഞ്ഞ് ചിരിക്കുകയാണ് അജിമാത്യൂ മറ്റൊരു ട്രോളിലൂടെ .
അതേസമയം ചിത്രം സിനിമയില്‍ മോഹന്‍ലാലിന് കാശ് കൊടുക്കാം എന്ന് പറയുകയും പിന്നെ ഞാനങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയും ചെയ്ത നെടുമുടി വേണുവാണ് എസോ ജോര്‍ജ് എന്ന ട്രോളന് സംയുക്ത മുന്നണി.
സംയുക്ത മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കരാറില്‍ ഒപ്പിട്ട എസ്.എഫ്.ഐയേയും കണക്കിന് ട്രോളുന്നുണ്ട് സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ പ്രണയകഥയിലെ ഫഹദ് ഫാസിലിനെപ്പോലെ ഓടി വരികയാണ് എസ്.എഫ്.ഐ കരാറില്‍ ഒപ്പിടാനായി എന്ന് ഒരു ട്രോളില്‍ പറയുന്നു. സമരം തീര്‍ന്നതോടെ മതിലിന് പിന്നില്‍ ഒളിക്കുന്ന എസ്.എഫ്.ഐ നേതാക്കന്മാരും ട്രോളുകളിലുണ്ട്.