കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും രാഷ്ട്രീയ ചൂഷണവും പ്രധാന വിഷയമാക്കി കെ. എല്‍.എഫ് വേദിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകയും മുന്‍ രാജ്യസഭാംഗവുമായ ബൃന്ദ കാരാട്ട് സംസാരിച്ചു. ‘ഫെയ്ത്ത് ആന്‍ഡ് ഫ്യൂരി: വുമണ്‍ അണ്ടര്‍ സെയ്ജ്’ എന്ന സെഷനില്‍ തന്റെ ‘ഹിന്ദുത്വ ആന്‍ഡ് വയലന്‍സ് എഗൈന്‍സ്റ്റ് വുമണ്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിനയുമായാണ് ബൃന്ദ കാരാട്ട് ചര്‍ച്ച നടത്തിയത്.
കുറ്റവാളി ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാളാണെങ്കില്‍, ഇരയായ സ്ത്രീയെ ചോദ്യം ചെയ്യുകയോ അവളെ സംശയിക്കുകയോ ആണ് ആദ്യ നിലപാടെന്ന് സ്ത്രീപീഡനങ്ങളെ സമീപിക്കുന്നതിലുള്ള സാമൂഹിക പക്ഷപാതത്തെ വിലയിരുത്തി ബൃന്ദ കാരാട്ട് പറഞ്ഞു. ലൈംഗിക അതിക്രമങ്ങളെ സമൂഹത്തിന്റെ പ്രിസമുകളില്‍ നിന്ന് ഒഴിവാക്കി മറ്റേത് കുറ്റകൃത്യവും പോലെ സ്വതന്ത്ര കുറ്റമായി കാണണമെന്ന അവശ്യകതയും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെയും പ്രത്യേകിച്ച് ബി.ജെ.പിയുടെ ഹിന്ദുത്വ വല്‍ക്കരണത്തെയും കുറിച്ചും ബൃന്ദ കാരാട്ട് സംസാരിച്ചു. സ്ത്രീകള്‍ക്ക് നേതൃസ്ഥാനങ്ങളില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യത്തിനെതിരാണെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി സ്ത്രീകളെ സ്ത്രീശക്തീകരണത്തിനായല്ല രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നുവെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യങ്ങളുടെ മാറ്റത്തിനായി സ്ത്രീകള്‍ സ്വയം ചുമതല ഏറ്റെടുക്കണമെന്നും രാഷ്ട്രീയപരമായും ആശയപരമായും സജീവമാകണമെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. ഒരു സ്ത്രീയുടെ മുന്നേറ്റം സമൂഹത്തിന്റെ തന്നെ നേട്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ വല്‍ക്കരണത്തെ എതിര്‍ക്കാനായി എന്ത് ചെയ്യണമെന്നുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് വിവരമുള്ളവരാകുക, ശക്തരാകുക, രാഷ്ട്രീയമായും ആശയപരമായും സജീവമാകുക എന്ന് ബൃന്ദ കാരാട്ട് നിര്‍ദേശം നല്‍കി.
സ്ത്രീകളുടെ നേരെയുള്ള പീഡനത്തെ നിസ്സാരവല്‍ക്കരിക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്തുകയും ചെയ്തുക്കൊണ്ടാണ് കെ.കെ. ഷാഹിന സെഷന്‍ അവസാനിപ്പിച്ചത്.
Content Highlight: Society’s first reaction is to question or suspect the female victim if the perpetrator belongs to the majority: Brenda Karat