കോഴിക്കോട്: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിക്കെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക പി.ഗീത. കൂടുതല്‍ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയോടെ പെരുമാറേണ്ട ഘട്ടത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് നിരാശാജനകമാണെന്നും പി.ഗീത ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സുപ്രീം കോടതിയെ പോലെ പരമോന്നത സ്ഥാനത്ത് നില്‍ക്കുന്ന കോടതിയില്‍ നിന്നും ഏതൊരു പെണ്‍കുട്ടിയുടെയും ദയനീയ സ്ഥിതിയോടുണ്ടാവേണ്ട പരാമര്‍ശമല്ല ഇന്നുണ്ടായിരിക്കുന്നത്.രാജ്യത്ത് കൂടുതല്‍ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ലെങ്കിലും എഴുതിയിരിക്കുന്ന നിയമങ്ങള്‍ പാലിക്കാനും അത് കൃത്യമായി നടപ്പാക്കാനും ബാധ്യത സുപ്രീം കോടതിക്കുണ്ട്. അത്തരത്തിലുള്ളൊരു ഇഛാശക്തിയുടെ കുറവ് മൊത്തത്തില്‍ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ടെന്നത് രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തെ ഹനിക്കുന്നതാണെന്നും പി.ഗീത പറഞ്ഞു.
അനീതിക്കെതിരായി പ്രതികരിക്കാനുള്ള സ്ത്രീകളുടെ ഊര്‍ജത്തെ ഇല്ലാതാക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ സുപ്രീം കോടതിയുടെ പരമാര്‍ശം ഉണ്ടാക്കി തീര്‍ക്കുന്നുണ്ടെന്നും ഗീത പറഞ്ഞു.
രാജ്യത്ത് നിരവധി പീഡന സംഭവങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. നല്ല റോഡുകളും കെട്ടിടങ്ങളും നിര്‍മിച്ചത് കൊണ്ട് രാജ്യം വികസിക്കുകയില്ല. അവിടെ ജീവിക്കുന്നവര്‍ക്ക് നീതി കിട്ടിയില്ലെങ്കില്‍ വികസനത്തിലേക്കല്ല നാശത്തിലേക്കാണ് ആ രാജ്യം പോവുകയെന്നും പി.ഗീത പ്രതികരിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സൂര്യനെല്ലി പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നെന്നും എന്നാല്‍, ഇത് ഉപയോഗിച്ചില്ലെന്നും പെണ്‍കുട്ടി സ്വമേധയാ ഇറങ്ങിവന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പരാമര്‍ശം നടത്തിയിരുന്നത്.
നേരത്തെ ഹൈ്‌ക്കോടതി ചീഫ് ജസ്റ്റിസായിരുന്ന പി.ബസന്ത് സൂര്യനെല്ലി പെണ്‍കുട്ടിയെ വഴി തെറ്റിപ്പോയവളെന്ന് വിളിച്ചാക്ഷേപിച്ചിരുന്നു. ഇന്ത്യാവിഷന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ബസന്ത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചിരുന്നത്.