ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു
Daily News
ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd December 2015, 10:16 am

Dayabaiതൃശൂര്‍: പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കെതിരെ കേസ്. പാലക്കാട് വടക്കഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ കെ.എന്‍ ഷൈലനെതിരെയാണ് കേസെടുത്തത്.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. അശ്ലീലച്ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചെന്നും പോലീസ് പറയുന്നു. കണ്ടക്ടറോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഷൈലനെയും ബസ് ഡ്രൈവര്‍ ഇ. യൂസുഫിനെയും കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ദയാബായിയുടെ ആരോപണം അന്വേഷിച്ച കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ആന്റണി ചാക്കോയാണ് ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

ഫാ. വടക്കന്‍ മെമ്മോറിയല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂരിലെത്തിയ ദയാബായി പാവറട്ടിയിലെ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരുന്നു. അവിടെനിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വൈകിട്ട് അഞ്ചോടെ ദയാബായിയെ തൃശൂര്‍ ബസ് സ്റ്റാന്റിലെത്തിക്കുകയായിരുന്നു.

വടക്കാഞ്ചേരി ഡിപ്പോയില്‍നിന്നുള്ള ബസിലാണ് ഇവര്‍ കയറിയത്. ആലുവ ഗ്യാരേജില്‍ ഇറങ്ങേണ്ടിയിരുന്ന ഇവര്‍ ഇടയ്ക്കിടെ വഴി ചോദിച്ചതോടെ ഡ്രൈവര്‍ കൈ ഉയര്‍ത്തിയാണ് മറുപടി നല്‍കിയത്. കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ആലുവയില്‍ ഇറങ്ങിക്കോളണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും തട്ടിക്കയറാന്‍ തുടങ്ങിയപ്പോള്‍ ആലുവയില്‍തന്നെ ഇറങ്ങാന്‍ തീരുമാനിച്ചു.

“പ്രായമുള്ള ആളാണെന്ന് നോക്കില്ലെന്നും നല്ലത് തരുമെന്നും” പറഞ്ഞാണ് കണ്ടക്ടര്‍ ഭീഷണിപ്പെടുത്തിയതെന്നാണ് ദയാബായി പരാതിയില്‍ പറയുന്നത്. തന്റെ വസ്ത്രധാരണം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോഴും കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന് ദയാബായി പറയുന്നു.

ആലുവ ബൈപ്പാസില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റൊരിടത്താണ് ബസ് നിറുത്തിയത്. ഇറങ്ങിയ ശേഷം ബസിന്റെ ഡോര്‍ ശക്തിയായി അടച്ചുകൊണ്ട് ആക്ഷേപവാക്കുകള്‍ പറഞ്ഞുവെന്നും ദയാബായി പരാതിപ്പെട്ടിരുന്നു.