| Tuesday, 1st January 2019, 8:03 pm

ആര് പറഞ്ഞു തോറ്റെന്ന്.. വരൂ ഇതാ കണ്ടോളു; മുഷ്ടി ചുരുട്ടി കൈക്കുഞ്ഞുമായി യുവതിയുടെ മുദ്രാവാക്യം: വനിതാ മതിലിന്റെ വിജയാഹ്ലാദം - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേരി: നവോത്ഥാനമൂല്യങ്ങള്‍ക്ക് കാവല്‍ തീര്‍ത്ത് വനിതകളുടെ വന്‍മതില്‍ സംസ്ഥാനമാകെ ഉയര്‍ന്നപ്പോള്‍ അതിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഒരു ചിത്രമാണ് ഒരു കുഞ്ഞിനേയും കയ്യിലെടുത്തു മുദ്രാവാക്യം വിളിക്കുന്ന സ്ത്രീയുടെ ചിത്രവും വീഡിയോയും.

എന്‍.എസ്.എസ് കോളേജിലെ മുന്‍ എസ്.എഫ്.ഐ നേതാവ് ആതിരയാണ് ആറു മാസം പ്രായമായ മകള്‍ ദുലിയ മല്‍ഹാറിനെ കയ്യിലെടുത്ത് വനിതാ മതിലിന്റെ വിജയാഹ്ലാദം പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിച്ചത്.

Read Also : കാസര്‍ഗോഡ് വനിതാ മതില്‍ പൊളിക്കാന്‍ ആര്‍.എസ്.എസ് ശ്രമം; സ്ത്രീകള്‍ക്കു നേരെ വ്യാപക ആക്രമണം: അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

“ആര് പറഞ്ഞു തോറ്റെന്ന്, വരൂ ഇതാ കണ്ടോളു, കേരളത്തിന്‍ തെരുവോരത്ത, ഞങ്ങള്‍ തീര്‍ത്തൊരു പെണ്‍മതില്‍, ഇന്‍ക്വുലാബ് സിന്ദാബാദ്, ജനുവരി ഒന്ന് സിന്ദാബാദ്, വനിതാ മതിലില്‍ കണ്ണികളായ എല്ലാവര്‍ക്കും അഭിവാദ്യം”. ഇതായിരുന്നു മുഷ്ടി ചുരുട്ടി ആതിര വിളിച്ചു കൊടുത്ത മുദ്രാവാക്യം.

നിരവധിപേരാണ് ആതിരയുടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രം പങ്കുവെക്കുന്നത്. “എന്‍.എസ്.എസ് കോളേജിന്റെ വരാന്തകളിലൂടെ മുദ്രാവാക്യങ്ങള്‍ വിളിച്ച്  എസ്.എഫ്.ഐയെ മുന്നില്‍ നിന്ന് നയിച്ചവള്‍, വനിതാമതില്‍ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനത്തില്‍ 6 മാസം പ്രായമായ മകള്‍ ദുലിയ മല്‍ഹാറിനൊപ്പം” എന്നാണ് മാളൂട്ടി പത്മജ എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

അതേസമയം അതിശയകരമായ സ്ത്രീപങ്കാളിത്തമാണ് സംസ്ഥാനത്തൊട്ടാകെ വനിതാ മതിലില്‍ അണിനിരന്നത്. സര്‍ക്കാരിന്റേയും ഇടതുമുന്നണിയുടേയും സമുദായസംഘടനകളുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാമതിലില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. വര്‍ഗീയമതിലെന്ന ആരോപണം ഭേദിച്ച് ജാതിമത വ്യത്യാസമില്ലാതെയാണ് സ്ത്രീകള്‍ ഒഴുകിയെത്തിയത്.

620 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ സ്ത്രീകള്‍ തോളുരുമ്മിനിന്ന് പ്രതിജ്ഞയെടുത്തത്. കാസര്‍കോട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജയില്‍ തുടങ്ങിയ വന്‍മതിലിന്റെ തെക്കേയറ്റത്ത് അവസാനകണ്ണിയായത് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടായിരുന്നു.

വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാമതിലിനൊപ്പംചേര്‍ന്നത്. മന്ത്രിമാരും നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രമുഖരുടെ വന്‍നിര മതിലിന്റെ ഭാഗമായി.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുനടന്ന സമരങ്ങളിലെ സ്ത്രീപങ്കാളിത്തത്തിനുള്ള മറുപടിയെന്ന നിലയിലാണ് വിവിധസമുദായസംഘടനകളെ അമരത്തുനിര്‍ത്തി സര്‍ക്കാര്‍ വനിതകളുടെ മതില്‍ സംഘടിപ്പിച്ചത്. സി.പി.ഐ.എമ്മിന്റേയും ഇടതുമുന്നണിയുടേയും സംഘടനാശേഷി പരിപാടിയുടെ എല്ലാതലത്തിലും ദൃശ്യമായിരുന്നു.

We use cookies to give you the best possible experience. Learn more