മഞ്ചേരി: നവോത്ഥാനമൂല്യങ്ങള്‍ക്ക് കാവല്‍ തീര്‍ത്ത് വനിതകളുടെ വന്‍മതില്‍ സംസ്ഥാനമാകെ ഉയര്‍ന്നപ്പോള്‍ കൈക്കുഞ്ഞുമായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന യുവതിയുടെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും നിലവിലെ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ആതിരയാണ് കൈക്കുഞ്ഞുമായി കൂടെയുള്ളവര്‍ക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊടുത്തത്.
പിന്നാലെ സോഷ്യല്‍ മീഡിയ ആതിരയുടെ ചിത്രവും വീഡിയോയും ഏറ്റെടുക്കുകയായിരുന്നു. വനിതാമതില്‍ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനത്തില്‍ 6 മാസം പ്രായമായ മകള്‍ ദുലിയ മല്‍ഹാറിനെ കൈയ്യിലെടുത്തു കൊണ്ടായിരുന്നു മുദ്രാവാക്യം വിളിച്ചു കൊടുത്തത്. മലപ്പുറം മങ്കട ഏരിയയുടെ കീഴില്‍ കൂട്ടിലങ്ങാടിയിലാണ് ആതിര വനിതാ മതിലില്‍ അണിനിരന്നത്.
എന്ത് കൊണ്ട് ഇങ്ങനെ മുദ്രാവാക്യം വിളിച്ച് പ്രകടനമായി നടന്നു എന്ന് ആതിര ഡൂള്‍ന്യൂസിനോട് പറയുന്നു.
ഒരുപാട് ദുഷ്പ്രചരണങ്ങളും എതിര്‍പ്പുകളും ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് വനിതാ മതില്‍ ചരിത്ര വിജയം നേടിയപ്പോള്‍ ഉണ്ടായ ആവേശത്തിന് പുറത്താണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ച് പ്രകടനമായി പോയതെന്ന് ആതിര പറഞ്ഞു.
“നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഇന്ന് നടന്ന വനിതാ മതിലിനെ പരാജയപ്പെടുത്താന്‍ വലിയ രീതിയുലുള്ള ദുഷ്പ്രചരണമാണ് നടന്നത്. ഞങ്ങളുടെ പ്രദേശത്ത് അതിന് മുന്നില്‍ നിന്നത് മുസ്‌ലിം ലീഗും ഇ.കെ വിഭാഗം സമസ്തക്കാരുമായിരുന്നു. ഇ.കെ വിഭാഗം സുന്നികള്‍ വീട്ടില്‍ കയറിയാണ് വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞതും അതിനെതിരെ പ്രചരിപ്പിച്ചതും. പര്‍ദ്ദക്കെതിരെയാണ് ഇന്ന് നടക്കുന്ന മതിലെന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രചരണം.
എന്നാല്‍ അതിനെയൊന്നും ചെവി കൊള്ളാതെ മുസ്‌ലിം സ്ത്രീകളൊന്നാകെ വനിതാ മതിലില്‍ അണിനിരക്കുകയായിരുന്നു. രണ്ട് വരികളിലായാണ് സ്ത്രീകള്‍ അണിനിരന്നത്. ഇങ്ങനെ പ്രതീക്ഷിക്കുന്നതിനും അപ്പുറം സ്ത്രീകള്‍ പങ്കാളികളായപ്പോള്‍ വളരെ സന്തോഷം തോന്നി അപ്പോഴുണ്ടായ ആവേശത്തിന്റെ പുറത്താണ് അത് വിജയിപ്പിച്ചവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചത്”
അത് സ്വാഭാവികമായുണ്ടായ പ്രതികരണമാണ്. കുഞ്ഞ് ഭര്‍ത്താവിന്റെ കൈയ്യിലായിരുന്നു പെട്ടന്ന് കരഞ്ഞപ്പോള്‍ ഞാന്‍ വാങ്ങിയതായിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല. വനിതാ മതില്‍ കേരളത്തിലെ സ്ത്രീകള്‍ ഏറ്റെടുത്തെന്നും ആതിര പറഞ്ഞു.
ആതിര വിളിച്ചു കൊടുത്ത മുദ്രാവാക്യം. “ആര് പറഞ്ഞു തോറ്റെന്ന്, വരൂ ഇതാ കണ്ടോളു, കേരളത്തിന്‍ തെരുവോരത്ത, ഞങ്ങള്‍ തീര്‍ത്തൊരു പെണ്‍മതില്‍, ഇന്‍ക്വുലാബ് സിന്ദാബാദ്, ജനുവരി ഒന്ന് സിന്ദാബാദ്, വനിതാ മതിലില്‍ കണ്ണികളായ എല്ലാവര്‍ക്കും അഭിവാദ്യം”.