| Friday, 28th December 2018, 9:28 am

സുഹൃത്തിന്റെ മകന്‍റെ കല്യാണമാണോ മുത്തലാഖ് ബില്ലാണോ വലുത്; കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്താത്തത് ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താത്തത് മുസ്‌ലിം ലീഗിനുള്ളില്‍ ചര്‍ച്ചയാകുന്നു.സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം.

മുത്തലാഖ് ബില്‍ ലോക്സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നിട്ടും അതിന് പ്രാധാന്യം നല്‍കാതെ സുഹൃത്തിന്റെ കല്യാണത്തിന് പോയതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുത്തലാഖ് ബില്ലിനെതിരെ സമരം ചെയ്ത പാര്‍ട്ടിയുടെ പ്രധാന നേതാവ് തന്നെ ഇങ്ങനെ മാറി നിന്നതില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Read Also : ഇപ്പോള്‍ അല്പം സുരക്ഷ തോന്നുന്നു; പശുഭീകരുടെ അത്ര പേടിക്കേണ്ടല്ലോ ഐ.എസ്.ഐ.എസിനെ; എന്‍.ഐ.എയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തക

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം.

കേവലം രണ്ട് പേര്‍ മാത്രമുണ്ടായിരുന്നിട്ടു പോലും കേന്ദ്രസര്‍ക്കാറിന്റെ മുത്തലാഖ് നയത്തിനെതിരെ ശക്തമായി നിലപാടെടുത്ത വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി എന്നായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരായ സമസ്ത നേതൃത്വത്തിന്റെ വിമര്‍ശനത്തിന് സാദിഖലി തങ്ങള്‍ കോഴിക്കോട്ടെ ശരീഅത്ത് സമ്മേളനത്തില്‍ അന്ന് നല്‍കിയ മറുപടി.

Read Also : അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു; ശോഭാ സുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച ലീഗ് നേതാവിനെ നീക്കി

മുത്തലാഖ് ബില്‍ മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി അന്ന് പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്ത് നില്‍പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം തന്നെ കുഞ്ഞാലിക്കുട്ടി ഇല്ലാതിരുന്നത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുകയാണ്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസം കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ പോകാതിരുന്ന സംഭവവും ഒരു വിഭാഗം ഇപ്പോളുയര്‍ത്തുന്നുണ്ട്. ലീഗിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിനെതിരെ ആഞ്ഞടിച്ചിരുന്നു.

We use cookies to give you the best possible experience. Learn more