പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്ത്, രണ്ടര വര്‍ഷം മുമ്പ് കണ്ണൂരില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസ് വേദിയിലെ സംഭവത്തെ വീണ്ടും വിവാദമാക്കുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 2019 ഡിസംബര്‍ 28ന് കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗുണ്ടയാണെന്നാണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്.
കണ്ണൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ആരോപിക്കുന്നത്. തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍വെച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്നും ഈ ഗൂഢാലോചനയില്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിയും പങ്കാളിയാണെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ആരോപിച്ചു.
രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവത്തില്‍ താന്‍ നിര്‍ദേശിച്ച അന്വേഷണത്തോട് സഹകരിക്കാന്‍ വി.സി. ഗോപിനാഥ് രവീന്ദ്രന്‍ തയ്യാറായില്ലെന്നും ഗവര്‍ണര്‍ പറയുന്നു. കണ്ണൂര്‍ വി.സി ക്രിമിനലാണെന്നും ഗവര്‍ണര്‍ പറഞ്ഞുവെച്ചു.
വി.സിയും ഇര്‍ഫാന്‍ ഹബീബും കായികമായി തന്നെ നേരിടാന്‍ ശ്രമിച്ചെന്ന് ഇപ്പോള്‍ അരോപിക്കുന്ന ഗവര്‍ണര്‍ എന്നാല്‍ അന്ന് വിഷയത്തില്‍ പൊലീസിനെയോ കോടതിയെയോ സമീപിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനും ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിഞ്ഞ് മാറുകയാണുണ്ടായത്.
ഒരു ക്രിമിനല്‍ പ്രവൃത്തി നടന്നെങ്കില്‍ അതിനെ നിയമപരമായി നേരിടാതെ രണ്ടര വര്‍ഷത്തിന് ശേഷം ആരോപണം ആവര്‍ത്തിക്കുന്നതിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദല്‍ഹിയില്‍വെച്ച് ഗൂഢാലോചന നടന്നെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദല്‍ഹി പൊലീസില്‍ പരാതി നല്‍കാത്തത് സംബന്ധിച്ചും ചോദ്യമുയരുന്നു.
ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ സംഭവിച്ചത്
കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യം വഹിച്ച ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. പൗരത്വ ഭേഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ഗവര്‍ണര്‍ സംസാരിക്കവേയായിരുന്നു പ്രതിഷേധം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണറും എതിര്‍ത്ത് ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെയുള്ള ചരിത്രകാരന്‍മാരും വിദ്യാര്‍ഥി സംഘടനകളും നേര്‍ക്കുനേര്‍വരികയായിരുന്നു.
പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇര്‍ഫാന്‍ ഹബീബ് വേദിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. വി.സിയും അന്നത്തെ എം.പിയായിരുന്ന കെ.കെ. രാഗേഷുമാണ് ഇര്‍ഫാന്‍ ഹബീബിനെ അനുനയിപ്പിച്ച് സീറ്റില്‍ ഇരുത്തിയത്.
പ്രസംഗം തുടങ്ങി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയുകയും, ഇത് രാഷ്ട്രീയ പ്രശ്നമാണെന്നും അതില്‍ ഇടപെടില്ലെന്നും പറഞ്ഞ് ഗവര്‍ണര്‍ തടിയൊഴിയുകയായിരുന്നു. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധസ്വരമുയര്‍ത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.
ഇതിനിടയില്‍ ഗവര്‍ണര്‍ക്ക് മുന്നോടിയായി പ്രസംഗിച്ച കെ.കെ.രാഗേഷ്, രാജ്യം ഭരിക്കുന്നവര്‍ വര്‍ഗീയതയുടെ പേരില്‍ ചരിത്രം തിരുത്തിക്കുറിക്കുന്നുവെന്നു വിമര്‍ശനമുന്നയിച്ചിരുന്നു.
പിന്നീട് ഉദ്ഘാടന സമ്മേളനം ബഹളമയമായെങ്കിലും വേദിയില്‍ ഒരുതരത്തിലുള്ള സംഘര്‍ഷമോ കയ്യേറ്റ നീക്കമോ ഉണ്ടായിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല രാജ്ഭവന്‍ അധികൃതര്‍ക്ക് 2019ല്‍ തന്നെ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ചരിത്ര കോണ്‍ഗ്രസില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റുചെന്ന് ഗവര്‍ണറോടു സംസാരിച്ചുവെന്നത് ശരിയാണ്. എന്നാല്‍, സംഘര്‍ഷാന്തരീക്ഷം ഉണ്ടായിരുന്നില്ലെന്നും പ്രോട്ടോകോള്‍ ലംഘനവുമുണ്ടായിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ അവസാനിച്ചെന്നുകരുതിയ വിവാദവുമായാണ് ഗവര്‍ണര്‍ വീണ്ടുമെത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ വിവാദങ്ങളില്‍ ഇര്‍ഫാന്‍ ഹബീബിന് പറയാനുള്ളത്
ഗവര്‍ണറുടെ ആരോപണം അടിമുടി തെറ്റാണെന്നും ഗവര്‍ണര്‍ എന്തുകൊണ്ടാണ് വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ല. അബ്ദുള്‍ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചത് താന്‍ ചോദ്യം ചെയ്യുകയാണ് ഉണ്ടായിരുന്നത്. ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് നുണയാണ്. തന്റെയും ഗവര്‍ണറുടെയും ശരീരവും ആരോഗ്യ സ്ഥിതിയും കണ്ടാല്‍ അത് ബോധ്യമാകുമെന്നും ഇര്‍ഫാന്‍ ഹബീബ് കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: Social report about happened on the stage of the National History Congress held in Kannur