| Thursday, 14th November 2019, 12:47 pm

സാമൂഹിക പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ ധൈര്യവും ദൃഢനിശ്ചയവും വേണം; സുപ്രീം കോടതിക്ക് ഇല്ലാതെ പോയതും അത്; ശബരിമല വിധിയില്‍ മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാഗ്‌ലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശബരിമല വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷനുമായ നിഖില്‍ വാഗ്‌ലെ.

‘സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് ധൈര്യവും ദൃഢനിശ്ചയവും ആവശ്യമാണെന്നും സുപ്രീം കോടതിക്ക് ഇന്ന് ഇല്ലാതെ പോയതും അതാണ് ‘ എന്നായിരുന്നു നിഖില്‍ വാഗ്‌ലെ ട്വിറ്ററില്‍ കുറിച്ചത്.

സുപ്രീം കോടതിയുടേത് ഞെട്ടിക്കുന്ന വിധിയാണെന്നും ലിംഗനീതി പ്രശ്നങ്ങളില്‍ സുപ്രീം കോടതിക്ക് ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നമ്മള്‍ ഉന്നയിക്കുന്ന ആധുനികതയെന്ന അവകാശവാദം അസംബന്ധമാണെന്നും നിഖില്‍ പ്രതികരിച്ചു.

റഫാല്‍ കേസില്‍ പുന:പരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും തള്ളിയ സുപ്രീം കോടതി നടപടിയേയും നിഖില്‍ വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥാനമൊഴിയുന്നതിന് മുന്‍പ് മോദിക്ക് നല്‍കിയ സമ്മാനമാണ് ഈ വിധിയെന്നായിരുന്നു നിഖില്‍ ട്വിറ്ററില്‍ കുറിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനപരിശോധന വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

റഫാലിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബര്‍ 14ലെ വിധിയില്‍ അപാകതയൊന്നും ഇല്ലെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ കശ്മീര്‍ വിഷയത്തിലും അയോധ്യ കേസിലെ വിധിയിലും സുപ്രീം കോടതിക്കെതിരെ വിമര്‍ശനവുമായി നിഖില്‍ വാഗ്‌ലെ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more