| Monday, 29th September 2014, 5:03 pm

'ഞാനൊരു മുസ്‌ലീം നിരീശ്വരവാദി'- സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവാദത്തിലേയ്ക്ക്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇക്കഴിഞ്ഞ മാസം സല്‍മാന്‍എന്ന നാമം വളരെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തു നിന്ന് ഈ യുവ സാമൂഹ്യപ്രവര്‍ത്തകന്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്നത് ദേശീയതയുമായി ബന്ധപ്പെട്ട കേസിലാണ്. ദേശീയ ഗാനത്തിനു നേരെ അനാദരവു കാണിച്ചു എന്നാണ് പോലീസ് സല്‍മാന്റെ അറസ്റ്റിനു കണ്ടെത്തുന്ന ന്യായീകരണം. എന്നാല്‍ ഇക്കാര്യം ഇതുവരെയും തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പോലീസും പരാതിക്കാരും പറഞ്ഞതിനുമപ്പുറം സല്‍മാന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത് എന്ന ചോദ്യവും ബാക്കി നിന്നിരുന്നു.

ഇതിലേയ്ക്ക് വെളിച്ചം വീശുക എന്ന ഉദ്ദേശത്തോടുകൂടി ഡൂള്‍ന്യൂസ് സല്‍മാനുമായി ദീര്‍ഘസംഭാഷണം നടത്തിയിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട തന്റെ ഭാഗം മുന്നോട്ടു വെയ്ക്കാനും ഒപ്പം താന്‍ സൂക്ഷിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ പങ്കുവെയ്ക്കാനും സല്‍മാന്‍അഭിമുഖത്തിലൂടെ ശ്രമിക്കുകയും ചെയ്തു. സല്‍മാനുമായി നടന്ന രാഷ്ട്രീയ ദാര്‍ശനിക സംഭാഷണവും താനൊരു “നിരീശ്വരവാദിയായ മുസ്‌ലീം” ആണെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം രാഷ്ട്രീയ-രാഷ്ട്രീയേതര വ്യക്തത്വങ്ങള്‍ പ്രകതികരിക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ വായനക്കാര്‍ക്കായി പുനപ്രസിദ്ധീകരിക്കുന്നു.

അഭിമുഖം വായിക്കാന്‍:

-1-

ജഹാംഗീര്‍ റസാഖ് പാലേരി

പ്രിയ സല്‍മാന്‍,

താങ്കളെ അറസ്റ്റ് ചെയ്തപ്പോള്‍ അതിനനുകൂലമായും, ഭരണകൂടം വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെയും എഴുതുകയും സംസാരിക്കുകയും ചെയ്തയാളാണ് ഞാന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് താങ്കള്‍ക്കു വേണ്ടി ഒരു കത്തെഴുതുകയും അതിനൊരു മറുപടി ലഭിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ താങ്കള്‍ക്കു വേണ്ടിയുള്ള വാദം ഹൈക്കോടതിയില്‍ നടക്കുമ്പോള്‍ മുന്‍നിരയില്‍ ശ്വാസം അടക്കിപ്പിടിച്ചു നിന്നവരില്‍ ഒരാളും ഞാനായിരുന്നു. താങ്കള്‍ മോചിതനായപ്പോള്‍ അതില്‍ സന്തോഷിക്കുകയും ചെയ്തു. താങ്കള്‍ക്കനുകൂലമായ വിധി ജഡീഷ്യറിയുടെ അന്തസ്സിനെ സൂചിപ്പിക്കുന്നു എന്നും എഴുതുകയുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് doolnewsന് താങ്കള്‍ നല്‍കിയ ഇന്റര്‍വ്യൂ വായിച്ചത്.

സുഹൃത്തേ ,

പ്രായം കൊണ്ട് താങ്കള്‍ എന്നെക്കാള്‍ 2-3 വയസ്സിനു ഇളയതാണ്. പക്ഷേ താങ്കള്‍ക്കു ആവശ്യത്തിനു വായനയും, സാമൂഹ്യ നിരീക്ഷണവുമെല്ലാം ഉണ്ടെന്നാണ് മനസ്സിലാകുന്നത്. എങ്കിലും ഈ നിരീക്ഷണങ്ങള്‍ക്കെല്ലാം ഒടുവില്‍പോലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ കൂവണം എന്നൊരു മാനസിക ബോധ്യത്തിലേക്ക് ആണ് താങ്കള്‍ എത്തിച്ചെര്‍ന്നതെങ്കില്‍ താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക്, ആശയങ്ങളെയും, പ്രത്യയശാസ്ത്രങ്ങളെയും, സമീപിക്കുന്നിടത്ത് എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കേണ്ടതുണ്ട്. (താങ്കള്‍ എഴുന്നേല്‍ക്കണമോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ സൗകര്യം. പക്ഷേ കൂവുന്നത് ദേശീയഗാനത്തെ മാത്രമല്ല എഴുന്നേറ്റ് നില്‍ക്കുന്ന മനുഷ്യരെക്കൂടി അപമാനിക്കലാണ്. പിന്നെ കേള്‍ക്കുമ്പോഴത്തെക്ക് ഓക്കാനം അനുഭവപ്പെടാനും, കൂവാന്‍ തോന്നാനും മാത്രം മ്ലേച്ഛമാണോ സ്‌നേഹിതാ നമ്മുടെ ദേശീയ ഗാനം?)

doolnews ഇന്റര്‍വ്യൂവില്‍ താങ്കള്‍ Anarchism, Abtsraction തുടങ്ങിയ പദങ്ങള്‍ കൊണ്ട് നടത്തിയ ഒരു വാചകക്കസര്‍ത്തല്ലാതെ വേറെന്താണ് പറഞ്ഞിട്ടുള്ളത്? Anarchism ആഘോഷിക്കുന്നതിനിടയില്‍ മുകളിലെ വാക്കുകളുടെ അര്‍ത്ഥം നല്ല ഒരു ഡിക്ഷ്ണറി നോക്കിപ്പഠിക്കണം. (നിങ്ങളെ ഇന്റര്‍വ്യൂ ചെയ്തയാള്‍ എവിടുന്നാണ് പത്രപ്രവര്‍ത്തനം പഠിച്ചത് എന്ന് അതിന്റെ എഡിറ്ററും, പ്രിയ സഖാവുമായ Muhammed Suhailനെ തന്നെ ഞാന്‍ വിളിച്ചു ചോദിക്കുകയുണ്ടായി, അത് പോട്ടെ) താങ്കള്‍ക്കറിയുമോ താങ്കളുടെ വീട്ടില്‍ അസമയത്ത് താടിയും തൊപ്പിയുമുള്ള ആളുകള്‍ വരാറുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായത്. താങ്കളെ സഹായിക്കാന്‍ മുതിര്‍ന്ന ബി.ആര്‍.പി ഭാസ്‌ക്കര്‍ സാറിനെപ്പോലും നമ്മുടെ ഭരണകൂടം വേട്ടയാടുന്ന സന്ദര്‍ഭം ഉണ്ടായതും..?

സല്‍മാന്‍,

ദീര്‍ഘിപ്പിക്കുന്നില്ല. മൂക്കാതെ പഴുക്കുന്ന ഒരു ഫലത്തിന്റെ അരുചിയും, മധുരക്കുറവും താങ്കളുടെ ചിന്തകള്‍ക്കുണ്ട് എന്ന് മാത്രം സൂചിപ്പിക്കട്ടെ. താങ്കളെപ്പോലെ ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരന്, ജാതിയും, മത വൈരവും, വര്‍ഗ്ഗീയതയും, സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന രാഷ്ട്രീയവും നിലനില്‍ക്കുന്ന ഈ ഒരു സമൂഹത്തില്‍ ധാരാളം ക്രിയാത്മകമായി ചെയ്യാനുണ്ട് .

അരാജകവാദിയായ സൂര്യന്‍ ഒരു ദിവസം രാവിലെ പടിഞ്ഞാറ് ഉദിക്കാന്‍ തീരുമാനിച്ചിട്ടില്ല സ്‌നേഹിതാ. അരാജകത്വത്തിന്റെ പേരില്‍ താങ്കള്‍ ഒരു ദിവസം ഇടം കൈകൊണ്ടു ഭക്ഷണം കഴിക്കാന്‍ തുനിഞ്ഞിട്ടുണ്ടോ? പ്രഭാത കൃത്യങ്ങള്‍ ചെയ്യാന്‍ നടുറോട്ടിലേക്ക് പോവാറുണ്ടോ? ചൂട് അനുഭവപ്പെടുമ്പോള്‍ ഫാന്‍ ഇടുന്നതിനു പകരം കമ്പിളി പുതക്കാറുണ്ടോ? ഇല്ലല്ലോ, അപ്പോള്‍ ഭൂമിക്കും, പ്രകൃതിക്കും, മനുഷ്യ ജീവിതത്തിനും എല്ലാം അതിന്റെയൊരു താളം (Rhythm) ഉണ്ട്. അതില്ലാതെ ഒന്നിനുമേതിനും ചലിക്കാനാവില്ല. മനുഷ്യര്‍ക്കും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും പോലും ..!

താങ്കളുടെ ധിഷണയിലും, പ്രതിഭയിലും, വായനാശീലത്തിലും പ്രതീക്ഷകള്‍ ഉണ്ട്. നിങ്ങളിലെ മുള്ളുകള്‍ എടുത്തുമാറ്റി തിളങ്ങുന്ന ഒരു വ്യക്തിത്വം നിങ്ങള്‍ക്കേകാന്‍ നിങ്ങളുടെ പക്വമതികളായ സുഹൃത്തുക്കള്‍ക്കും സഹായിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു. കൂട്ടത്തില്‍ ഒരു ഭരണകൂട വേട്ടയുണ്ടാകുമ്പോള്‍ താങ്കള്‍ക്കു ആവശ്യമെങ്കില്‍ പൂര്‍ണ്ണമായും സൗജന്യമായി നിയമസഹായം നല്‍കാന്‍ എനിക്കുള്ള ആഗ്രഹവും ഇവിടെ പ്രഖ്യാപിക്കട്ടെ.

ധിഷണക്കും, പ്രതിഭയ്ക്കും, പക്വതയും, നട്ടെല്ലും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..!

ഒരു അഭ്യുദയകാംക്ഷി..

-2-
അബ്ദുല്‍ കരീം  

ഒന്നുകില്‍ നിരീശ്വരവാദി അല്ലെങ്കില്‍ മുസ്‌ലീം എന്ന ഐഡന്റിറ്റി മാത്രമേ അംഗീകരിക്കാനാവൂ എന്ന നിലപാട് നിരീശ്വരവാദത്തോടും ഇസ്‌ലാമിനോടുമുള്ള രക്ഷാകര്‍തൃമനോഭാവങ്ങളില്‍ നിന്നുള്ളതാണ്. കൂടെ ചില വിമുഖതകളില്‍നിന്നും. മതവിശ്വാസവും നിരീശ്വരവാദവും കേവലം ദൈവം എന്ന ഒരൊറ്റ സങ്കല്‍പ്പത്തിന്റെ പുറത്തു രൂപപ്പെടുത്തപ്പെടുന്ന ആശയങ്ങളല്ല. മറിച്ചു നീതി, അധികാരം, സ്വാതന്ത്ര്യം, അവകാശം എന്നിങ്ങനെ അനേകം വശങ്ങള്‍ (ആസ്‌പെക്റ്റ്‌സ്) വ്യവഹരിക്കപ്പെടുന്ന ആശയങ്ങളാണ്. മതവിശ്വാസത്തില്‍ ഇവയ്ക്കു ചുറ്റും രൂപപ്പെടുന്ന അഭിപ്രായങ്ങളോ നിയമങ്ങളോ നിരീശ്വരവാദത്തിനു പൂര്‍ണ്ണമായും അസ്വീകാര്യമോ എതിരോ ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ മതവിശ്വാസം, നിരീശ്വരവാദം എന്നിവയെ ഒരു ബൈനറിയില്‍ തളക്കുന്നത് അര്‍ത്ഥശൂന്യമാണ്.

സല്‍മാനെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദം അനാര്‍ക്കിസത്തിനു സമാനാര്‍ത്ഥകമായ പദമാണ്. “ദൈവമില്ലായെന്ന കാഴ്ച്ചപ്പാടില്‍ നിന്നല്ല, മറിച്ച് എല്ലാവരെയും സൃഷ്ടിച്ചത്, എല്ലാവര്‍ക്കും രക്ഷാധികാരി, രക്ഷകര്‍ത്താവ്, എല്ലാത്തിനേയുംകാള്‍ വലിയശക്തി, പവര്‍ എന്റിറ്റി (transcendental enttiy) എന്ന totalizing enttiyക്കെതിരെയുള്ള നിഷേധമാണ് എനിക്ക് നിരീശ്വരവാദം” എന്നാണ് സല്‍മാന്‍ പറഞ്ഞത്. ഇത് ഇസ്‌ലാം മതത്തിന്റെ സാംസ്‌കാരികചരിത്രത്തെയോ രാഷ്ട്രീയപ്രാധാന്യത്തെയോ നിഷേധിക്കുന്ന ഒന്നല്ല. എന്നാല്‍ മുസ്‌ലീമായിരിക്കാന്‍ ഫര്‍ള് (obligatory) ആയ കാര്യമായി വിശ്വസിക്കപ്പെടുന്ന “അല്ലാഹുവിലുള്ള വിശ്വാസ”ത്തെ നിഷേധിക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെടാം.

ഇതില്‍ കുറഞ്ഞത് രണ്ടു പ്രശ്‌നങ്ങളുണ്ട് എന്ന് തോന്നുന്നു. ഒന്ന്, അല്ലാഹു ഉണ്ടോ ഇല്ലയോ എന്ന വിശ്വാസമല്ല അല്ലാഹുവിലുള്ള വിശ്വാസം. അല്ലാഹുവിനോടുള്ള വിധേയത്വം, അല്ലാഹുവിന്റെ ഗുണങ്ങള്‍, കഴിവുകള്‍ എന്നിവയെ അംഗീകരിക്കല്‍ എന്നിവയാണ്. ഇത് മതത്തിനുള്ളില്‍ തര്‍ക്കമില്ലാത്ത സംഗതിയല്ല. ഉദാഹരണത്തിന് സഹായത്തിനു അല്ലാഹുവിനെയല്ലാതെ വേറെ ആരെയും നേരിട്ട് വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്ന കാര്യത്തിലുള്ള തര്‍ക്കം.

ഇതുപോലുള്ള തര്‍ക്കങ്ങളില്‍, പലപ്പോഴും ബാലിശമായ വിഷയങ്ങളില്‍ വരെ, വിവിധ നിലപാടുകള്‍ ഉള്ളവര്‍ പരസ്പരം അവിശ്വാസികളായി മുദ്രകുത്താറുപോലുമുണ്ട്. അല്ലാഹു ഉണ്ട് എന്ന മിനിമം ധാരണയിലാണ് ഈ മുദ്രകുത്തല്‍ ഒരു വിധത്തില്‍ മതത്തിനുള്ളിലെ സംവാദമായി മാറുന്നതും ഇവര്‍ മുസ്‌ലീം എന്ന സ്വത്വത്തിനുള്ളില്‍ തന്നെ നിലനില്‍ക്കുന്നതും. അല്ലാതെ “അല്ലാഹുവിലുള്ള വിശ്വാസം” എന്ന ഫര്‍ള് പോലും നിശ്ചിതമായി തീരുമാനിക്കപ്പെട്ടുകൊണ്ടല്ല.

[]രണ്ടാമതായി, അല്ലാഹു ഉണ്ടോ എന്ന കാര്യം പോലും ഒരു സംശയവും അവശേഷിക്കപ്പെടാതെ സ്വീകരിക്കപ്പെടുന്ന ഒന്നല്ല. ഉറച്ചു വിശ്വസിക്കുന്നു എന്ന് പ്രകടനപരമായി പറയുന്നവരെ ഒഴിവാക്കാം. വിശ്വാസത്തെ ഗൗരവമായെടുത്ത നിരവധി മുസ്‌ലീം ചിന്തകര്‍ക്ക് തീവ്രമായ വിശ്വാസപ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇമാം ഗസ്സാലി അനുഭവിച്ച വിശ്വാസപ്രതിസന്ധി അദ്ദേഹത്തെ സൂഫിസത്തിലേക്ക് എത്തിച്ചത് ചരിത്രമാണ്.

മുസ്‌ലീങ്ങള്‍ക്ക് മാത്രമല്ല ഈ പ്രതിസന്ധി. മദര്‍ തരേസയ്ക്ക് നീണ്ട 50 വര്‍ഷക്കാലം ദൈവമുണ്ട്, പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടും എന്നിവയില്‍ വിശ്വാസമുണ്ടായിരുന്നില്ല എന്നത് അവരുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ പുറമേ മതത്തില്‍ നിര്‍ബന്ധമില്ല എന്ന് പറയുന്ന ഖുര്‍ആന്‍ “വിശാസം” എന്നത് എളുപ്പത്തില്‍ ബോധ്യപ്പെടുന്ന കാര്യമായി അല്ല അവതരിപ്പിക്കുന്നത്. പ്രാവചകന്‍ പോലും ഹീരാഗുഹയിലെ അനുഭവത്തെ ഉള്‍കൊള്ളാനാവാതെ ആത്മഹത്യചെയ്യാന്‍ വരെ ചിന്തിച്ചുപോയിട്ടുണ്ട്.

മുസ്‌ലീമായിരിക്കാന്‍ അല്ലാഹുവിലെ വിശ്വാസം അനിവാര്യമെന്ന ഉപാധി പൗരോഹിത്യത്തിന്റെ നിര്‍മ്മിതിയാണ്. ഇസ്‌ലാമില്‍ ഇതുപോലെ നിര്‍മ്മിക്കപ്പെട്ട പല നോഷനുകളെയും അപനിര്‍മ്മിച്ചും പൊളിച്ചെഴുതിയുമാണ് സ്ത്രീകളും ലൈംഗീകന്യൂനപക്ഷങ്ങളും ഇസ്‌ലാമിലെ തങ്ങളുടെ അവകാശങ്ങളും ഇടവും സ്ഥാപിച്ചെടുക്കുന്നത്.

അനിസ്‌ലാമികം എന്ന ആരോപണവും നിരാകരണവും അതിജീവിച്ചുകൊണ്ടുതന്നെ. ദൈവം എന്ന സങ്കല്‍പത്തെ ഒരധികാരരൂപകമാക്കുന്നതിന് പിന്നില്‍ ചില താല്‍പര്യങ്ങളുണ്ട്. മതാധികാരത്തെ ചോദ്യം ചെയ്യുന്നത് മതനിഷേധമായി വ്യാഖ്യാനിക്കുവാന്‍ തന്നെയാണ് അതുപയോഗിക്കുന്നതും. അതുകൊണ്ടുതന്നെ ദൈവനിഷേധത്തിനും മതത്തിന്റെ വ്യവഹാരത്തില്‍ തന്നെ സ്ഥാനമുണ്ട്.

ഈ വിഷയത്തില്‍ മുസ്‌ലീങ്ങള്‍ക്കിടയില്‍ നിന്നും വരുന്ന എതിര്‍പ്പിനേക്കാള്‍ പ്രതിലോമകരം സെകുലര്‍ സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പും അത്ഭുതവും തന്നെയാണ്. മുസ്‌ലീങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ സെകുലര്‍ പൊതുബോധത്തില്‍ എത്ര രൂഢമാണെന്നും പക്ഷപാതപരവുമാണെന്ന് സല്‍മാന്റെ “ഞാന്‍ മുസ്‌ലീമും നിരീശ്വരവാദിയുമാണ്” എന്ന പ്രസ്താവനയെത്തുടര്‍ന്നുള്ള പോസ്റ്റുകളും കമന്റുകളും കാണിക്കുന്നുണ്ട്. നിരീശ്വരവാദവും മിഥ്യാധാരണകളെ നേരിടുന്നുണ്ട് എന്നും.

അടുത്തപേജില്‍ തുടരുന്നു

-3-
രഞ്ജിത്ത് പി.ടി.

സല്‍മാന്‍ എന്ന സ്വയം പ്രഖ്യാപിത അനാര്‍ക്കിയോടു (അരാജക വാദിയോടു) എന്നെ പോലെ ഒരു സ്വയം പ്രഖ്യാപിത കമ്മ്യൂണിസ്റ്റിനു പറയാനുള്ളത് !

ഒന്ന് എനിക്കിഷ്ട്ടമായി നിങ്ങളുടെ ഈ തുറന്നു പറച്ചില്‍ , ” ഞാന്‍ ഇസ്‌ലാം  ആണ് അതെ സമയം ഒരു ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്നല്ല ഒരു അധികാര ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല അതുകൊണ്ട് തന്നെ ഞാന്‍ എതീസ്റ്റ് ആണ് ”

ഈ ആശയത്തിന് ഒരു സല്യൂട്ട് മിസ്റ്റര്‍ സല്‍മാന്‍.. ഇത് ഒറ്റ നോട്ടത്തില്‍ നമ്മുടെ സമൂഹത്തിനു മനസ്സിലാവില്ല സല്‍മാന്‍. അതാണ് അവര്‍ നിന്നെ തെറി പറയുന്നത്.. ഇത് മനസ്സിലാക്കണം എങ്കില്‍ നിന്റെ അനാര്‍ക്കിസത്തെ ആദ്യം പറയണം.. ഞാന്‍ നിന്റെ അനാര്‍ക്കിസത്തെ തള്ളി കളയുന്നു, അതിനു കാരണം ഞാന്‍ പിന്നാലെ വിശദമാക്കാം സമയം കൈപ്പിടിച്ചുള്ള ഓട്ടത്തിനിടയില്‍ പാതിരാക്ക് ഇരുന്നു ഇങ്ങനെ സംവാദം നടത്തുമ്പോള്‍ അതിനു പരിമിതിയുണ്ടല്ലോ .

[]സല്‍മാന്‍ അനാര്‍ക്കിയാണ്.. ആ ആനാര്‍ക്കിസം എന്തെന്നാല്‍ ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലും അത് അംഗീകരിക്കുന്നില്ല എന്നതാണ് !!! അതായത് സമത്വം എന്നത് പോലും ഒരു അടിച്ചമര്‍ത്തല്‍ ആവരുത് എന്ന് !! ആ അടിച്ചമര്‍ത്തല്‍ സ്വരൂപം ആവുന്നത് കൊണ്ടാണ് താന്‍ ദൈവത്തെ എതിര്‍ക്കുനത് അഥവാ ദൈവം ഉണ്ടെങ്കില്‍ പോലും ആ രൂപം ആണെകില്‍ ആ അധികാര സ്വഭാവത്തെ താന്‍ വെല്ലു വിളിക്കും.. എല്ലാ അനാര്‍ക്കികളും വെല്ലുവിളിക്കും..

കാരണം എല്ലാവര്‍ക്കും എല്ലാ ജന വിഭാഗങ്ങള്‍ക്കും എല്ലാ സ്വത്വങ്ങള്‍ക്കും എല്ലാ വംശങ്ങള്‍ക്കും എല്ലാ ഭാഷാ രൂപങ്ങള്‍ക്കും ആദിവാസികള്‍ക്കും അതിന്റേതായ സ്വത്വ ബോധങ്ങള്‍ ഉണ്ട്.. അവയെ വികസനത്തിന്റെ പേരിലോ തങ്ങള്‍ പറയുന്നതാണ് ശാസ്ത്രീയത, തങ്ങള്‍ പറയുന്നത് എല്ലാവരെയും തുല്യര്‍ ആയി കാണാന്‍ ആണ് എന്നാണെങ്കില്‍ പോലും അതും അടിച്ചമര്‍ത്തല്‍ ആണ്, അവരെ അവരുടെ പാട്ടിനു അവരുടെ നൈതികതക്ക് അനുസരിച്ച് ജീവിക്കാന്‍ വിടൂ എന്നാണു ഈ അനാര്‍ക്കിസത്തിന്റെ സല്‍മാന്റെ പക്ഷം എന്നാണു നമുക്ക് ആ അഭിമുഖത്തില്‍ നിന്നും വ്യക്തമാവുന്നത്…

അയാള്‍ അത് അല്‍പ്പം ഭേദമായി തന്നെ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒന്നോര്‍ക്കുക അനാര്‍ക്കിസം എന്ന ഫിലോസഫിക്ക് എന്ത് രൂപം ആണുള്ളത് എന്ന് എനിക്കറിയില്ല കേട്ടറിവേ ഉള്ളൂ.. പക്ഷെ അത് എന്തുതന്നെ ആയാലും സല്‍മാന്‍ മുന്നോട്ടു വെക്കുന്ന ഒരു ഭാഷ്യം ഉണ്ട്.. അതുകൊണ്ടാണു സ്വയം പ്രഖ്യാപിത എന്ന് തല വാചകത്തില്‍ ഞാന്‍ പറഞ്ഞത്…

ഇതില്‍ എവിടെയാണ് അയാളുടെ കാപട്യം?? ഞാന്‍ ഈ അനാര്‍ക്കിസത്തോട് യോജിക്കുന്നില്ല! എങ്കില്‍ പോലും സല്‍മാന്‍ മുന്നോട്ടു വെക്കുന്ന ഈ കാഴ്കപ്പാട് ആരെയാണ് ദ്രോഹിക്കുന്നത്?? എല്ലാ ദേശീയതകളെയും അയാള്‍ തള്ളി കളയുന്നത് അത് ഇങ്ങനെ ബഹുസ്വരതകളെ, ബഹു വ്യക്തിത്വങ്ങളെ അവരവരുടെ സ്വത്വ ബോധങ്ങളെ ഒരു ദേശീയതയിലേക്ക്, ഒരു അച്ചടക്കത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും അതിനു അടിച്ചമര്‍ത്തല്‍ ഉപയോഗിക്കുകയും ചെയ്യുന്നത് കൊണ്ടാണ് !!

ഇതില്‍ എവിടെയാണ് അക്രമം?? ഈ രാജ്യത്തെ ഒറ്റുകൊടുത്തു മറ്റു രാജ്യങ്ങളെ ഇതില്‍ എവിടെയാണ് സഹായിക്കുന്നത്?? ഇത് എങ്ങനെ ആണ് രാജ്യദ്രോഹം ആകുന്നതു?? ഇത് രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറത്ത്, ഈ ലോകം ഈ ലോകത്തെ എല്ലാ വൈചിത്ര്യങ്ങളോടെയും എല്ലാ സ്വത്വബോധങ്ങള്‍ക്കും സ്വതന്ത്രരായി ജീവിക്കാനുള്ള അവകാശം ഉണ്ടെന്നല്ലേ… ഇത് ആരെയാണ് ദ്രോഹിക്കുന്നത് ??

നമ്മുടെ ഒരു പ്രശ്‌നം ആണിത്, ഒരു ആശയത്തെ ഒന്ന് വൃത്തിയായി സമീപിക്കാന്‍ പോലും നമ്മുടെ മുന്‍വിധികള്‍ നമ്മെ അനുവദിക്കില്ല !! അയാളുടെ പ്രവൃത്തിയും മറ്റുമല്ല ഞാന്‍ ഇവിടെ പറയുന്നത്..അയാള്‍ വൃത്തിയായി പറഞ്ഞ ആശയത്തെ കുറിച്ചാണ് …

ഞാനീ ആശയങ്ങളെ തള്ളി കളയുന്നു. അതിനു എനിക്ക് എന്റേതായ വീക്ഷണം ഉണ്ട്. പക്ഷെ അത് പറയാന്‍ ഒരാള്‍ വൃത്തിയായി പറഞ്ഞ ആശയത്തെ തെറി വിളിക്കേണ്ട കാര്യം എനിക്കില്ല..അയാള്‍ പറഞ്ഞതിലെ സ്‌പെല്ലിംഗ് മിസ്റ്റേക്കുകളെ പര്‍വ്വതീകരിക്കുന്ന സ്വഭാവവും എനിക്കില്ല.. പകരം അയാള്‍ പറഞ്ഞതിലെ എന്നെ ബോധിപ്പിക്കാന്‍ ശ്രമിച്ച ആശയത്തെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുകയും അതിനെ ആരോഗ്യകരമായി സംവദിക്കാന്‍ ശ്രമിക്കുകയും ആണ് ഞാനിവിടെ ചെയ്യുന്നത്.. ഇന്ന് അയാളുടെ അനാര്‍ക്കിസത്തെ ആണ് ഞാന്‍ പറഞ്ഞത്. അയാള്‍ എന്തുകൊണ്ട് നിരീശ്വരവാദിയായ ഇസ്‌ലാം എന്ന് പറയുന്നത് എനിക്കിഷ്ടമായി എന്ന് നാളെ പറയാം. പിന്നീട് ഇവയെ ഞാന്‍ എന്തുകൊണ്ട് പലതും തള്ളികളയുന്നു എന്നും… ദയവായി സഹിക്കുക.. ഇത് തുടരും

-4-
ജിഷ ജോഷ്

തൊളയുണ്ടോ, തൊളയില്ലേ എന്നു നോക്കി രാഷ്ട്രീയം നിരീക്ഷിക്കാന് എറങ്ങിയാ ശരിക്കും വെളിവുകേട് വരും, തലയ്ക്ക് മാത്രല്ല, മൊത്തത്തില്. എത്തീസ്റ്റ് ആയ മുസ്‌ലീം എന്നതൊന്നും പുതിയ കണ്ടുപിടിത്തമോ, ബാലികേറാ മലയോ ഒന്നും അല്ല. Cultural Muslim എന്ന ഐഡന്റിറ്റിയെക്കുറിച്ചും രാഷ്ട്രീയാവസ്ഥയെക്കുറിച്ചുമൊക്കെ ലോകത്തുടനീളം പണ്ടേ ചര്‍ച്ചകള്‍ വന്നിട്ടുണ്ട്, ഇപ്പോഴും തുടരുന്നുമുണ്ട്. ബാബറി പള്ളി പൊളിക്കപ്പെട്ടതിന്റെ രാഷ്ടീയ പശ്ചാത്തലത്തില്‍ ഇന്ത്യയിലും കേരളത്തിലും ഇത്തരം ചര്‍ച്ചകള്‍ വ്യാപകമായി നടന്നിരുന്നു.

നമുക്ക് മനസിലാവാത്തതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ലോകത്തുണ്ട്. ഒന്നുകില്‍ അറിയാനും മനസിലാക്കാനും ശ്രമിക്കുക, അല്ലെങ്കില്‍ നമുക്ക് മനസ്സിലാവാത്ത പല കാര്യങ്ങളും ഉണ്ടെന്നു കരുതി സമാധാനിക്കുക. അല്ലാതെ വെളിവുകേട്, തലയ്ക്കസുഖം എന്നെക്കെ വ്യാഖ്യാനിച്ചുവശാവുന്നത് നമ്മുടെ രാഷ്ട്രീയ ബോധമില്ലായ്മയും അറിവില്ലായ്മയുമാണ് എന്നു പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.

എല്ലാവര്‍ക്കും സല്മാനോവാകം.

-5-
സാബ്ലൂ തോമസ്

നിരീശ്വര വാദിയായ മുസ്‌ലിം എന്ന പ്രയോഗത്തില്‍ അപാകത തോന്നിയവര്‍ക്ക് Richard Dawkinsനെ പോലുള്ള യുക്തിവാദികള്‍ തങ്ങള്‍ cultural christianനാണു എന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്.

കല്‍ച്ചറല്‍ ഐഡന്റിറ്റിയെന്നൊക്കെ പറയുന്നത് ഒരാള്‍ വളര്‍ന്ന സഹാചര്യവുമൊക്കെയായി ബന്ധപ്പെട്ടതാണ് സാറന്മാരെ.

സെബാസ്റ്റ്യന്‍ വട്ടമറ്റം ഒരു ലേഖനത്തില്‍ ഇങ്ങനെ നീരിക്ഷിക്കുന്നുണ്ട്: “യുക്തിവിചാരംകൊണ്ട് ആട്ടിയോടിക്കാവുന്നതാണോ ദൈവവിചാരം? അല്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്നെനിക്കു പറയാനാവും. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കുറ്റിപ്പുഴയുടെ വിചാരവിപ്ലവം വായിച്ചിട്ട്, അന്നുവരെ മനസ്സില്‍ കൊണ്ടുനടന്ന ക്രൈസ്തവദൈവത്തെ കുടിയിറക്കി എന്നു വിശ്വസിച്ചവനാണു ഞാന്‍. അരനൂറ്റാണ്ടിനു ശേഷം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഏതു സത്യവിശ്വാസിയുടെയും മനസ്സിലെന്നതിനെക്കാള്‍ ശക്തമായി ആ ദൈവം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു.

ബോധതലത്തിലേക്കു കടന്നുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം, യുക്തിബലത്താല്‍ ചവുട്ടിത്താഴ്‌ത്തേണ്ട ഒരു മാവേലിയായി അബോധത്തിലെവിടെയോ അയാള്‍ പതുങ്ങിക്കിടന്നിരുന്നു. ഇതുറപ്പുവരുത്തുന്ന ഒരു സംഭവമുണ്ടായി. എസ്. ബി. കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് ഒരുബോട്ടപകടത്തില്‍ ഒരു സഹപ്രവര്‍ത്തകന്റെ കുട്ടിയും മറ്റൊരു സഹപ്രവര്‍ത്തകനും മുങ്ങിത്താഴുന്നത് എനിക്കു നോക്കിനില്‍ക്കേണ്ടി വന്നു. ഞാനെന്തൊക്കെയോ അന്തംവിട്ടു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പിന്നീടാണറിഞ്ഞത്, അത് “എന്റെ ഈശോയേ, എന്റെ ഈശോയേ” എന്നായിരുന്നെന്ന്. അപ്പോഴത്തെ ആ തികഞ്ഞ നിസ്സഹായാവസ്ഥയില്‍, അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദൈവസങ്കല്‍പം എന്നെ ആശ്വസിപ്പിക്കാനെത്തുകയല്ലേ ചെയ്തത്.

പ്രതിസന്ധികളെ മറികടക്കാനുതകുന്ന മാനസികോല്‍പന്നമാണു ദൈവസങ്കല്‍പമെന്നാണ് ഇവിടെ തെളിയുന്നത്. യാതൊരു ഭൗതികപരിഹാരവുമില്ലാത്ത പ്രതിസന്ധികള്‍ മനുഷ്യനു നേരിടേണ്ടി വരുന്ന കാലത്തോളം അത് അനിവാര്യവുമാണ്. “”
http://utharakalam.com/?p=10215
http://news.bbc.co.uk/2/hi/uk_news/politics/7136682.tsm

അടുത്തപേജില്‍ തുടരുന്നു

-6-

ബഷീര്‍ വള്ളിക്കുന്ന്

ഡൂള്‍ന്യൂസിലെ സല്‍മാന്റെ അഭിമുഖം വായിച്ചു. എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്.. മുഴുത്ത വട്ട് എന്ന് ഒറ്റവാക്കില്‍ പറയാം. അനാര്‍ക്കിസമാണത്രേ.. അനാര്‍ക്കിസം ..

പൊതുവായ എല്ലാത്തിനും എതിരാവുക. പൊതുവായ നിയമം, പൊതുവായ രാജ്യം, അതിര്‍ത്തികള്‍, പൊതുവായ വിശ്വാസം അങ്ങിനെ എല്ലാത്തിനും എതിര്.. പൊതുവായ നിയമങ്ങള്‍ പാടില്ല. (അതായത് എനിക്ക് നിങ്ങളെ തല്ലണമെന്ന് തോന്നിയാല്‍ തല്ലാം. പൊതുവായ നിയമം പറഞ്ഞ് എന്നെ ചോദ്യം ചെയ്യരുത് എന്ന ഒരു ലൈന്‍)

ചിലയിടങ്ങളില്‍ അനാര്‍ക്കിസവും കടന്ന് മുന്നോട്ട് പോകുന്നുണ്ട്. കക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. (“സ്റ്റേറ്റ്” ഇതിലൊന്നും ഇടപെടരുത് എന്ന് വ്യംഗ്യം) അങ്ങനെ തലയും വാലുമില്ലാത്ത മുഴുത്ത വട്ട്.. ഇങ്ങനെയുള്ള ചിന്താഗതിക്കാരെ ജയിലില്‍ ഇടുന്നത് വെറുതെയാണ്.. കുതിരവട്ടത്ത് റൂം ഒഴിവുണ്ടെങ്കില്‍ അവിടെ ഇട്ടാല്‍ ഇത്തിരി ആശ്വാസം കിട്ടിയേക്കും..

-7-

ദിലീപ് രാജ്

നിങ്ങള്‍ ഒരാളുടെ മനുഷ്യവകാശത്തിനു വേണ്ടി നിലപാടെടുക്കുന്നത് നിങ്ങള്ക്ക് വേണ്ടി ആണ്. അയാള്ക്ക് വേണ്ടി അല്ല. അതുകൊണ്ട് അയാള്‍ക്ക് എങ്ങനെയും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സല്‍മാന്റെ ജയില്‍ അനന്തര സംസാരത്തോടുള്ള പ്രതികരണങ്ങള്‍ പലതും പുലര്‍ത്തുന്ന ഒരു തരം പരാതി, രക്ഷാ കര്‍തൃത്വ ഭാവം കാണുമ്പോള്‍ നല്ല തമാശ തോന്നുന്നു .

ഇവിടെ ആണെങ്കില്‍ കുതിരവട്ടത്ത് ആക്കണം എന്ന പരിഹാര നിര്‍ദേശവും ഉണ്ട്.

തങ്ങള് സ്റ്റേറ്റ് ആണ് എന്ന
മട്ടിലേ ചിലര്‍ക്ക് ചിന്തിക്കാന്‍ പറ്റു .. മേലെ നിന്നും താഴേക്ക് നോക്കി..

ഇത്തരം സരാജക വാദികളും ഒരു സുപ്രഭാതത്തില്‍ ജയിലില്‍ എത്തിക്കൂടാ എന്നില്ല. രാജാവുണ്ടോ അറിയുന്നു, തന്നില്‍ കൂടിയ രാജഭക്തര്‍ ആണ് അതെന്നു..

താഴെ ഇരുന്നു തര്‍ക്കിക്കുന്നവര്‍ തമ്മില്‍ ഒരു തറ ജനാധിപത്യം ആകാം എന്ന് എനിക്ക് തോന്നുന്നു

സന്തോഷവും തോന്നുന്നു. സല്‍മാന് ആരുടേയും കണക്കില്‍ ലക്ഷണമൊത്ത ഇര ആവാതെ തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ ..എളുപ്പമല്ല അത്..

-8-

മായാ ലീല

ദൈവ വിശ്വാസികളായ വൈരുദ്ധ്യാത്മക ഭൗതികവാദികള്‍ ഉള്ള നാടാണിത്, ക്രിസ്തു മത വിശ്വാസികളായ പരിണാമ സൈദ്ധാന്തിക വാദികളും ഉണ്ട്. എന്നിട്ടും ഒരു ചെറുപ്പക്കാരന്‍ സാംസ്‌കാരികമായും രാഷ്ട്രീയപരമായും ഞാന്‍ ഇസ്‌ലാമാണ് എന്ന് പറയുമ്പോള്‍ പെട്ടെന്നെന്തോ ആകാശത്ത് ഇടിത്തീ വരുന്ന പോലെ അവന്റെ നെഞ്ചത്തോട്ട് കേറാതെ; ഞാന്‍ നിരീശ്വരവാദിയാണ് എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടും മുസ്‌ലീം നാമധാരിയായത് കൊണ്ട് മാത്രം ഒരു മാസത്തോളം തടവറയില്‍ അവനെ പിടിച്ചിട്ട വ്യവസ്ഥിതിയോട് ചോദിക്ക് നിരീശ്വരവാദിയായ ഇസ്‌ലാം എവിടുന്നുണ്ടായി എന്ന്. ന്യൂനപക്ഷമായ അവരിലേയ്ക്ക് കടക്കുന്നതിനു മുന്നേ, ഭൂരിപക്ഷ വിഭാഗത്തിന്റെ ഭാഗമായ എല്ലാ ആനുകൂല്യങ്ങളും പറ്റി സുഖിക്കുന്ന നിങ്ങള്‍, സൈദ്ധാന്തികമായി സ്വന്തം ജീവിതം, സംഘടന എന്നിവ എങ്ങോട്ട് പോകുന്നു എന്ന് ചിന്തിക്ക്, ആത്മപരിശോധന നടത്ത്.

-9-

അജയ് കുമാര്‍

ഒരു മുസ്‌ലീം
നിരീശ്വരവാദി !
ഒരു മുസ്‌ലീം
യുക്തിവാദി !!
ഒരു മുസ്‌ലീം
അരാജകവാദി !!!

മത മതഇതര മതേതര മതരഹിത, ഇതൊന്നും ബാധകമല്ലാത്ത  സകലമാന ബുദ്ധിജീവികള്‍ക്കും
ഒരു ഒന്നൊന്നര പണിയാണ് സല്‍മാന്‍ കൊടുതിരിക്കുനത് !

അടുത്തപേജില്‍ തുടരുന്നു

-10-

മഷര്‍ഷാ ഇബ്രാഹീം

Salman Zalman നെ കുറിച്ച് തന്നെ പറയാം.

Basil P Dsaന്റെ പോസ്റ്റ് കണ്ടു. സല്‍മാന്‍ മുസ്‌ലീം ആണെന്ന് പറഞ്ഞത് മഹാഅപരാധം ആയി പോയി എന്നാണു ബാസില്‍ പറഞ്ഞത്. (കൂട്ടത്തില്‍ സല്‍മാന്‍ മുസ്‌ലിം ആണെന്ന് പറഞ്ഞത് ചില മുസ്‌ലിം സ്വതവാദികളെ ആഹ്ലാദിപ്പിക്കുന്നത് കണ്ടു. (അവരുടെ ഒരു രതി സുഖ സാരെ എന്ന മനോനില).

സല്‍മാന്‍ അത് പറയുന്നത് എനിക്ക് തോന്നുന്നത് അയാളുടെ പോലീസ് കസ്റ്റഡിയും മുഖ പുസ്തകത്തിലെ ദേശീയവാദികളുടെ അക്രമപരമ്പരകളും അയാളെ ആ കള്ളിയില്‍ ആണ് നിര്‍ത്തിയത് എന്നതല്ലേ സത്യം. അയാള്‍ അത് വേണ്ടാന്നു വച്ചാലും അത് അയാളെ പിന്തുടരുക തന്നെ ചെയ്യും. ആ സത്യം അല്ലെ അയാള്‍ പറഞ്ഞുള്ളൂ ??

മുസ്‌ലിം പാരമ്പര്യം ഉള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഒരാള്‍ ഒരിക്കലും ചൈനീസ് ചാരന്‍ ആവില്ല മാവോയിസ്റ്റ് ആവില്ല എന്ന രോദനം പക്ഷെ ബാസില്‍ കേട്ടില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.

അയാളുടെ താഴെ കൊടുക്കുന്ന വാക്കുകള്‍ നിങ്ങളില്‍ ആര്‍ക്കൊക്കെ ഏതൊക്കെ വിധത്തില്‍ മനസ്സിലാവും എന്ന് അറിയില്ല . എങ്കിലും ഇതൊന്നു വായിച്ചു നോക്കൂ…

ഞാന്‍ സല്‍മാന്‍. സല്‍മാനെന്നത് ഒരു മുസ്‌ലീം നാമമാണല്ലോ? അല്ല.. സല്‍മാന്‍ മുസ്‌ലിമാണ്. അത് എന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ക്ക് വന്ന മറുപടികള്‍ വ്യക്തമാക്കുന്നുണ്ട്. എന്നെ പാകിസ്ഥാന്‍കാരനെന്നും മറ്റും പറഞ്ഞുകൊണ്ടും എന്നെയും എന്റെ ഉമ്മച്ചിയെയുമൊക്കെ തെറിവിളിച്ചുകൊണ്ടുമുള്ള കമെന്റുകള്‍. ഇപ്പോഴും അവ തെളിവായി എന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലുണ്ട്. ഞാന്‍ ആരെയും വ്യക്തിപരമായി തെറിവിളിച്ചിട്ടില്ല.

-11-

ജയറാം അറക്കല്‍

സല്മാനോട്…

“നിരീശ്വരവാദിയാണ് ഞാന്‍. എന്നാല്‍ സാംസ്‌കാരികപരമായും രാഷ്ട്രീയപരമായും ഒരു മുസ്‌ലീമാണ്. അതേസമയം ഞാന്‍ നിരീശ്വരവാദിയാണ്. അങ്ങനെ ഞാന്‍ തിരഞ്ഞെടുത്തതാണ്. ഞാന്‍ അനാര്‍ക്കിസ്റ്റുമാണ്, മുസ്‌ലീം നിരീശ്വരവാദിയുമാണ്.”എനിക്കിതിന്റെ അര്‍ഥം മനസ്സിലാവുന്നില്ല. ഒരു മുസ്‌ലീം എങ്ങിനെയാണ് നിരീശ്വരവാദിയാവുന്നത്. ദയവു ചെയ്തു ഗീത വ്യാഖാനകാരന്മാരും മതപണ്ഡിതന്മാരും ചെയ്യുന്നത് പോലെ സമര്‍ത്ഥിക്കാന്‍ കാര്യങ്ങള്‍ വളച്ചൊടിക്കരുത്.

“ശക്തമായ അനാര്‍ക്കിസ്റ്റ് നിലപാടിലേയ്ക്ക് ഞാന്‍ പൂര്‍ണമായും നീങ്ങി എന്നു തന്നെ പറയാം. സ്വാഭാവികമായി കെ. വേണുവിന്റെ നിലപാടുകളുമായി വിയോജിപ്പ് തോന്നി. കാരണം അദ്ദേഹം പാര്‍ലമെന്ററി ജനാധിപത്യത്തിലാണ് നിലകൊള്ളുന്നത്. അതാകട്ടെ പക്കാ അധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് നിലനില്‍ക്കുന്ന ഒരു സ്റ്റേറ്റിസ്റ്റ് കാഴ്ച്ചപ്പാടാണെന്നും മനസിലായത്.” കാര്യം ശരിയാണെന്ന് വായിക്കുമ്പോള്‍ തോന്നും. എന്നാല്‍ കൂട്ടി വായിച്ചാല്‍ ശുദ്ധ വങ്കത്തരമാണ്‌ ഉടനീളം എഴുന്നെള്ളിച്ചത്.

[]എന്ത് കൊണ്ടാണ് സല്‍മാന്‍ ഇസ്‌ലാമിക ഭരണകൂടങ്ങളെ വിമര്‍ശിക്കാത്തത് എന്ന് ഞാന്‍ ചോദിക്കുന്നില്ല. സല്‍മാന്‍ തന്നെ പറഞ്ഞല്ലോ സെക്കുലറിസത്തെ ക്കുറിച്ചൊക്കെ വാചാലമായി.

ഏതു സംഘടനയും അരാജക വാദമാണ്. മുസ്‌ലിമും. താങ്കള്‍ സൂഫി സന്ന്യാസിയൊന്നുമല്ലല്ലോ?

ഈ അഭിപ്രായങ്ങള്‍ ഒക്കെ വെച്ച് പുലര്‍ത്തുന്ന അനാര്‍ക്കിസ്റ്റ്‌ ആയ ഒരാളെ ഏതൊരു ഭരണകൂടത്തിനും ഇത്രയൊക്കെയേ ചെയ്യാനാവൂ. അവര്‍ക്ക് അവരുടെ പരിമിതികളുണ്ട്. ഭരണകൂടം സല്‍മാനോട് വളരെ മാന്യമായാണ് പെരുമാറിയത്. കോടതിയില്‍ ഹാജരാക്കി, കുറ്റപത്രം സമര്‍പ്പിച്ചു. ജയിലിലടച്ചു, ഇപ്പോള്‍ ജാമ്യവും അനുവദിച്ചു. ലോകത്ത് ഏതു ഭരണകൂടവും ഇത്രയൊക്കെയേ ചെയ്യൂ. ഇസ്‌ലാമിക് ഭരണ കൂടങ്ങളും.

നിങ്ങള്‍ക്ക് വേണ്ടി സഹായ ഹസ്തവുമായി ബന്ധുക്കളും സുഹൃത്തുക്കളും ചില രാഷ്ട്രീയ നേതാക്കളും മാത്രമേ വന്നിരിക്കുള്ളൂ. ഈ ഫേസ് ബുക്ക് ജീവികള്‍ക്കൊന്നും ഒരു കാര്യത്തിലും ക്രിയാത്മകമായി ഇടപെടാന്‍ അറിയില്ല. അറിയാമെങ്കിലും അതും അരാജകവാദമാണ്.

ഇതൊന്നും ലഭിക്കാതെ ഇന്ത്യയില്‍ പല രാഷ്ട്രീയ തടവുകാരും മരിച്ചു പോയിട്ടുണ്ട്.

ഈ പോസ്റ്റ് മോഡേര്‍ണിസത്തില്‍ നിന്നൊക്കെ ലോകം വളരെ മുന്‍പോട്ടു പോയി . സല്‍മാന് അത് അറിയാഞ്ഞിട്ടാ.

-12-

ഒ.കെ. സുദേഷ്

സല്‍മാന്‍ ചെയ്തത് ഒരു പൊളിറ്റിക്കല്‍ ആക്ഷനാണെങ്കില്‍ എന്തിനാണ് ഇതെല്ലാം വിശദീകരിയ്ക്കുന്നത്. ചെയ്തികളുടെ റിസള്‍ട്ടും സഹര്‍ഷം അനുഭവിച്ചാല്‍ പോരെ? ദേശീയഗാനം അനവസരത്തിലും അനാവശ്യ സ്ഥലങ്ങളിലും വെയ്ക്കുന്നത് ആര്‍ക്കും അരോചകമാവും. പക്ഷെ രാഷ്ട്രം എന്ന സങ്കല്പം ഒരു യാഥാര്‍ത്ഥ്യമാണ്. അതിന് ഗാനമുണ്ട്; പതാകയുണ്ട്; മഹദ് വ്യക്തികളുടെ ഹേഗിയോഗ്രഫിയുണ്ട്.

ഇതൊക്കെ രാഷ്ട്രം എന്ന ആക്‌സെപ്റ്റന്‍സില്‍ സന്നിഹിതമാണ്. പാസ്‌പോര്‍ട്ട് എന്ന സംഗതി ഉള്ളതെല്ലാം എന്തൊക്കെയോ രാഷ്ട്ര സംവിധാനങ്ങളാണ്. ആ കണ്ടീഷനുകളില്‍ ചിലതിന് നിശ്ശബ്ദ സമ്മതങ്ങളുണ്ടെങ്കില്‍ ചിലതിന് കലമ്പിയ ഒച്ച പുറപ്പെടുവിയ്ക്കുന്ന തിരസ്‌ക്കാരങ്ങളുമുണ്ടായിരിയ്ക്കാം.

പക്ഷെ ആത്യന്തികതയില്‍ രാഷ്ട്രം അതിന്റെ സങ്കുചിതത്വത്തില്‍ വിരചിതമാവും. അതിന്റെ ചില നിര്‍ബ്ബന്ധങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ വേണ്ട പോലെ ഉപദ്രവമഴിച്ച് വിടുവാനും അതിന് സംവിധാനങ്ങളുണ്ട്. അതിന്റെ കണ്ടീഷനുകളില്‍ ചിലതിനെ നിഷേധിയ്ക്കുകയോ തിരസ്‌ക്കരിയ്ക്കുകയോ ചെയ്യുമെങ്കില്‍ അതേ സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ഉപദ്രവങ്ങളെ നേരിടാന്‍ തയ്യാറാണ് എന്നാണ് ശരിയ്ക്കും അര്‍ത്ഥം വരികയും. അങ്ങിനെ നേരിട്ട നിര്‍ഭാഗ്യര്‍ നിരവധിയാണ് ചരിത്രത്തില്‍. അവരെ ചിലര്‍ ഹീറോകള്‍ എന്ന് പറയുന്നു; മറ്റു ചിലര്‍ വിഡ്ഢികള്‍ എന്നും. അതാണ് തിരസ്‌ക്കാരത്തിന്റേയും നിഷേധത്തിന്റേയും രാഷ്ട്രീയവും. അനുഭവിയ്ക്കുക എന്നതാണപ്പോള്‍ സ്വാഭാവികമായ പരിണതിയും. പിന്നെ എന്തിനാണ് വിശദീകരണം?

ഇനിയും ഒന്നേ സല്മാനില്‍ നിന്ന് ആരും പ്രതീക്ഷിയ്ക്കുകയുള്ളു. ദേശീയഗാനത്തെ വേണ്ട പോലെ ഉപചരിയ്ക്കാതിരിയ്ക്കുക. അതില്‍ നിന്ന് പുറപ്പെടുന്ന ബഹളത്തിന്റെ റിസള്‍ട്ടായി വരുന്ന തടങ്കലും കെയ്‌സും കോടതിയും (പൊലീസ് മര്‍ദ്ദനവും ഉള്‍പ്പെടുമെങ്കില്‍ അതും) നേരിടുക. മരിയ്ക്കുന്ന കാലം വരെ ഇതെല്ലാം റിപീറ്റ് ചെയ്യുക. അതൊക്കെയാണ് സല്മാനെ പോലുള്ളവര്‍ക്ക് വിധിയായി വരുന്ന രാഷ്ട്രീയ ജീവിതം.

പക്ഷെ പെട്ടെന്ന് ഒരു ദിനം വീടു വെയ്ക്കാനും കെട്ടാനും അതിന് പറ്റിയ സുരക്ഷിത മണ്ണ് തേടാനും അവരുടെ അനാര്‍ക്കിസം പാകമായി പരുവപ്പെടരുത്. അതിലൊരു പങ്കപ്പാട് വന്നേയ്ക്കും. ഇതിനെ ഇനി പൊലിപ്പിയ്ക്കരുത്. ഇതില്‍ രസാവഹമായും ഊര്‍ജ്ജം പകരുന്നതുമായും ഒന്നുമില്ല. ഒരാളുടെ രാഷ്ട്രീയം മറ്റുള്ളവരുടെ രാഷ്ട്രീയ വഴിനടത്തലല്ല. അവര്‍ക്കുള്ളത് അവരും സീസര്‍ക്കുള്ളത് സീസറും പങ്കു വെച്ച് ജീവിയ്ക്കട്ടെ. ദൈവമാകട്ടെ അതിലും രസികനാണ്. പങ്കേ വേണ്ടാത്തവനാണ്.

-13-

സുദീപ്

എന്തായാലും Salmanന്റെഅറസ്റ്റ് വെറുതെയായില്ല.. നിരീശ്വരവാദിയായ മുസ്‌ലീം എന്ന് കുറേപ്പെര്‍ക്കൊക്കെ ജീവിതത്തില്‍ ആദ്യമായി കേള്‍ക്കാന്‍ അവസരം കിട്ടിയല്ലോ! അഭിനയയിലെ അഖില്‍ കണ്ണനും ഗോപീകൃഷ്ണനും പോലീസിനും നടി പാര്‍വ്വതിക്കും.. അങ്ങനെ അങ്ങനെ നന്ദി ആരോടൊക്കെ ഞാന്‍ ചൊല്ലേണ്ടൂ!!

We use cookies to give you the best possible experience. Learn more