എതിര്‍ രാജ്യങ്ങളെ അഭിനന്ദിച്ചതിന് ഷോയിബ് അക്തറിനും മുഹമ്മദ് കൈഫിനും ട്രോള്‍
National
എതിര്‍ രാജ്യങ്ങളെ അഭിനന്ദിച്ചതിന് ഷോയിബ് അക്തറിനും മുഹമ്മദ് കൈഫിനും ട്രോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2018, 10:55 am

ഇന്ത്യയും പാക്കിസ്ഥാനും രണ്ട് കൂറ്റന്‍ ട്വെന്റി ട്വെന്റി വിജയങ്ങളാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ആസ്‌ട്രേലിയയെ പരാജയപ്പെടുത്തി.

രണ്ട് രാജ്യങ്ങളിലേയും ക്രിക്കറ്റ് ആരാധകര്‍ വിജയങ്ങള്‍ ആഘോഷിച്ചപ്പോള്‍, എതിര്‍ രാജ്യങ്ങളെ അനുമോദിച്ചതിന് ക്രൂശിക്കപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫും, മുന്‍ പാക്കിസ്ഥാന്‍ താരമായ ഷോയബ് അക്തറും.

ട്വിറ്ററിലൂടെയാണ് മുഹമ്മദ് കൈഫ് പാക്കിസ്ഥാനെ അനുമോദിച്ചത്. ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഫഖര്‍ സമാനെ അഭിനന്ദിക്കാനും കൈഫ് മറന്നില്ല.

ആസ്‌ട്രേലിയക്കെതിരെ ഫൈനല്‍ ജയിച്ച പാക്കിസ്ഥാന്‍ ടീമിന് അഭിനന്ദനങ്ങള്‍. മികച്ച ഇന്നിങ്ങ്‌സ് പുറത്തെടുത്ത ഫഖര്‍ ഒരു വലിയ താരമാവും. കൈഫ് കുറിച്ചു.



എന്നാല്‍ വലിയ വിമര്‍ശങ്ങളാണ് ഈ ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. പക്കിസ്ഥാന്‍ ജയിച്ചതിന് നിങ്ങള്‍ക്കെതിനാണ് സന്തോഷമെന്നും, നിങ്ങളുടെ പാക്കിസ്ഥാന്‍ സ്‌നേഹം എന്തിനാണെന്നും എന്ന വിധത്തില്‍ പ്രതികരണങ്ങള്‍ വന്നു.




ഇതേ അനുഭവം തന്നെയാണ് ഇന്ത്യന്‍ ടീമിന് വിജയാംശസ നേര്‍ന്ന ഷോയിബ് അക്തറിനും ഉണ്ടായത്. പാക്കിസ്ഥാന്‍ ആസ്‌ട്രേലിയേയും, ഹിന്ദുസ്ഥാന്‍ ഇംഗ്ലണ്ടിനേയും കീഴടക്കിയത് ഏഷ്യന്‍ ടീമുകളുടെ കരുത്ത് കാണിക്കുന്നുവെന്നും, രോഹിത്തിന്റെ ഇന്നിങ്ങ്‌സ് മികച്ചതാണെന്നും എഴുതിയ അക്തറിനെ സോഷ്യല്‍ മീഡിയ വെട്ടുകിളികള്‍ വെറുതെ വിട്ടില്ല.



രോഹിത്തിനേക്കാളും അഭിനന്ദനും ആവശ്യം ഫഖറിനാണെന്നും, ഇന്ത്യയെ അഭിനന്ദിക്കുന്നത് എന്തിനാണെന്നും പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ചോദിക്കുന്നു.




നിലവില്‍ ഇന്ത്യയും പാക്കിസ്താനും ആണ് ഐ.സി.സി റാങ്കില്‍ മുന്നില്‍ നില്‍ക്കുന്നത്. പാക്കിസ്ഥാന് ഒന്നാം സ്ഥാനം ഉള്ളപ്പോള്‍ ഇന്ത്യക്ക് രണ്ടാം റാങ്കാണ്.