| Thursday, 23rd May 2019, 7:42 pm

വാതക ദുരന്തത്തിന് ശേഷം ഭോപാലില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണ് പ്രജ്ഞ സിങിന്റെ വിജയം; ബി.ജെ.പി തരംഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രകടന പത്രികയില്‍ തുടങ്ങി പ്രചാരണത്തിലും മറ്റും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലൂന്നി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി, വമ്പിച്ച ഭൂരിപക്ഷവുമായി തുടര്‍ച്ചയായി രണ്ടാം തവണയും ഭരണത്തിലെത്തുന്ന സാഹചര്യം ആക്ഷേപ ഹാസ്യത്തിലൂടെ വിലയിരുത്തുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ബി.ജെ.പിക്ക് തനിച്ച് 300ളം സീറ്റുകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ അധികം.

മോദിയെ നെഹ്‌റു ഭരിക്കാന്‍ സമ്മതിക്കാത്ത അടുത്ത അഞ്ചു വര്‍ഷങ്ങളിലേക്ക് സ്വാഗതം എന്നാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. തങ്ങളുടെ ഭരണപരാജയത്തിന് ആവര്‍ത്തിച്ച് നെഹ്‌റുവിനെ കുറ്റം പറയുന്ന ബി.ജെ.പിയുടെ സ്വഭാവത്തെ പരാമര്‍ശിച്ചായിരുന്നു ഇത്.

വാതക ദുരന്തത്തിന് ശേഷം ഭോപാലില്‍ സംഭവിച്ച് ഏറ്റവും വലിയ ദുരന്തമാണ് പ്രജ്ഞ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് ജയം എന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ ഉപഭോക്താവിന്റെ അഭിപ്രായം. മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയായ പ്രജ്ഞ 3.5ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെ പരാജയപ്പെടുത്തിയത്.

കങ്കണ റണൗട്ടിനെ നായികയാക്കി പ്രജ്ഞ സിങ് താക്കൂറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്ന എന്നായിരുന്നു ട്വിറ്റിറില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു പരിഹാസം.

ജനപ്രിയ വെബ് സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ റഫറന്‍സുകള്‍ ഉപേയാഗിച്ചുള്ള തെരഞ്ഞെടുപ്പ് പോസ്റ്റുകളും ട്വിറ്ററില്‍ സുലഭമാണ്. കേരളത്തിലും, തമിഴ്‌നാട്ടിലും, ആന്ധ്രപ്രദേശിലും ബി.ജെ.പി സമ്പൂര്‍ണ പരാജയമായ സാഹചര്യത്തില്‍ ദക്ഷിണേന്ത്യ സ്വതന്ത്രമായ രാജ്യമായി നിലനില്‍ക്കുമെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു.

ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കൊണ്ടു വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more