| Friday, 7th July 2023, 11:28 pm

റിപ്പോര്‍ട്ടറിലെ മീറ്റ് ദി എഡിറ്റേഴ്‌സ് ബിഗ് ബോസോ WWE- റെസ്‌ലിങ്ങോ; ചര്‍ച്ചയുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയുമായി ബന്ധപ്പെട്ട് രസകരമായ ചര്‍ച്ചക്ക് തുടക്കമിട്ട് നെറ്റിസണ്‍സ്. ചാനലിന്റെ ടോപ്പ് എഡിറ്റോറിയല്‍ അംഗങ്ങളായ നികേഷ് കുമാര്‍, അരുണ്‍ കുമാര്‍, സ്മൃതി പരുത്തിക്കാട്, ഉണ്ണി ബാലകൃഷ്ണന്‍, സുജയ പാര്‍വതി എന്നിവര്‍ നേതൃത്വം നല്‍കുന്ന പരിപാടിയായ മീറ്റ് ദി എഡിറ്റേഴ്‌സ് ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോക്ക് സമാനമാണെന്നാണ് കണ്ടെന്റ് ക്രിയേറ്റര്‍ സുനിത ദേവദാസ് അഭിപ്രായപ്പെടുന്നത്.

വ്യത്യസ്ത മേഖലയില്‍ അഭിപ്രായമുള്ള ആളുകളെ ഒരു വീടിനുള്ളില്‍ പാര്‍പ്പിച്ചാണ് ബിഗ് ബോസ് നടത്തുന്നത്. അതിന് സമാനമായി വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുള്ള മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ടര്‍ ഉപയോഗപ്പെട്ടുത്തുകയാണെന്നും തന്റെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ പങ്കുവെച്ച വീഡിയിലൂടെ സുനിത പറയുന്നു.

മീറ്റ് ദി എഡിറ്റേഴ്‌സ് WWE-യുടെ റെസ്‌ലിങ്ങ് ഷോക്ക് സമാനമാണെന്നാണ് പി.കെ. ശ്രീകാന്ത് എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. പരിപാടി കൃത്യമായ സ്‌ക്രിപ്റ്റഡ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

‘WWE-യെ പറ്റി ഏറ്റവും കൂടുതല്‍ നടന്ന ചര്‍ച്ച അത് ഒറിജിനല്‍ ആണോ സ്‌ക്രിപ്റ്റഡ് ആണോ എന്നതാകും. അണ്ടര്‍ ടെയ്ക്കര്‍, കെയ്ന്‍, റേയ് മിസ്റ്റീരിയോ എന്നിങ്ങനെ വിവിധ സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകരായി അവരുടെ തല്ലും ദേഷ്യവുമൊക്കെ ഒറിജിനല്‍ ആണെന്ന് സ്ഥാപിക്കാന്‍ നമ്മളൊക്കെ ശ്രമിച്ചു കാണും.
ഇന്ന് ആ സംശയം ആര്‍ക്കും ഉണ്ടാകാന്‍ ഇടയില്ല. വലിയ സൂപ്പര്‍ താരങ്ങള്‍ തന്നെ എങ്ങനെയാണ് ആ റെസ്ലിംഗ് നടത്തുന്നത് എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഓരോ ആഴ്ച്ചയും കാഴ്ചക്കാരുടെ റെസ്‌പോണ്‍സ് മനസിലാക്കി അതിനനുസരിച്ച് സ്‌ക്രിപ്റ്റ് തയ്യാറാക്കുകയാണ് ചെയ്യുന്നത്. തിങ്കളാഴ്ച ഒരു സൂപ്പര്‍ സ്റ്റാര്‍ വിജയിച്ചാല്‍ ഓഡിയന്‍സ് റെസ്‌പോണ്‍സ് നോക്കി വെള്ളിയാഴ്ച.

അയാളെ തോല്‍പ്പിക്കുകയോ മറ്റെന്തെങ്കിലും ട്വിസ്റ്റ് കൊണ്ട് വരാന്‍ ശ്രമിക്കുകയോ ഒക്കെ ചെയ്യും. സൂപ്പര്‍ സ്റ്റാറുകള്‍ തമ്മില്‍ റിങ്ങില്‍ വച്ച് മത്സരത്തിനിടെ എവിടെ ഇടിക്കണം എങ്ങനെ ഇടിക്കണം എന്നൊക്കെ പരസ്പരം മെസേജുകള്‍ കൈ മാറും. ഓരോ മൂവിനും മുന്നേയുള്ള ചില സിഗ്‌നലുകള്‍ പോലുമുണ്ട്, അതൊക്കെ അവര്‍ പഠിച്ചുവെച്ചാണ് റിങ്ങില്‍ എത്തുന്നത്.

കാഴ്ചക്കാര്‍ക്ക് അവര്‍ തമ്മില്‍ നടത്തുന്നത് ചൂടേറിയ ഗുസ്തി മത്സരമാണ്, എന്നാല്‍ റിങ്ങില്‍ അവരൊക്കെ ഒരു കോമണ്‍ ഗോളിന് വേണ്ടി അഭിനയിക്കുകയാണ്. എല്ലാം കഴിഞ്ഞ് പറ്റിച്ചേ എന്ന് മനസില്‍ പറഞ്ഞ് പരസ്പരം കെട്ടി പിടിച്ച് കിട്ടിയ കാശും എണ്ണി വീട്ടില്‍ പോകും.

ഈ സ്ട്രാറ്റജിയാണെന്ന് തോന്നുന്നു പുതിയ റിപ്പോര്‍ട്ടര്‍ ചാനല്‍ സ്വീകരിച്ചിരിക്കുന്നത്. വ്യത്യസ്ത രാഷ്ട്രീയ വിശ്വാസമുണ്ടെന്ന് പറയപ്പെടുന്ന നാലഞ്ച് എഡിറ്റര്‍മാരെ ഒന്നിച്ചിരുത്തുന്നു. തിങ്കളാഴ്ച സുജയ പാര്‍വ്വതി ഡോക്ടര്‍ അരുണ്‍കുമാറിനെ മലര്‍ത്തിയടിക്കുന്നു. അപ്പോഴുള്ള സോഷ്യല്‍ മീഡിയ- പബ്ലിക് റെസ്‌പോണ്‍സ് നോക്കി ബുധനാഴ്ച ഡോ. അരുണ്‍ കുമാര്‍ സുജയയെ കുനിച്ചിടിക്കുന്നു. ഞായറാഴച സുജയയും സ്മൃതി പരുത്തിക്കാടും തമ്മിലുള്ള വാഗ്വാദത്തില്‍ സ്മൃതി ഡോ. അരുണ്‍ കുമാറിനെ ടാഗ് ചെയ്ത് രണ്ടാളും കൂടെ സുജയയെ ഫിനിഷിങ് മൂവിലൂടെ തീര്‍ക്കുന്നു. ഉണ്ണി ബാലകൃഷ്ണനാണ് കോമന്ററി.

ഈ മത്സരത്തിന്റെ റഫറിയായ നികേഷ് കുമാര്‍ ഒടുവില്‍ റിങ്ങില്‍ മൂന്ന് തവണ ടാപ് ചെയ്ത് മത്സരം അവസാനിപ്പിക്കുന്നു. ക്യാമറ ഓഫാക്കി കഴിഞ്ഞാല്‍ എല്ലാരും കൂടെ കെട്ടി പിടിച്ച്, മനസില്‍ ചിരിച്ച് പൈസയും എണ്ണി വീട്ടില്‍ പോകുന്നു,’ പി.കെ. ശ്രീകാന്ത് എഴുതി.

Content Highlight: Social media with discussion  Reporter TV’s  Meet the Editors Bigg Boss or WWE-Wrestling 

We use cookies to give you the best possible experience. Learn more