| Saturday, 31st July 2021, 12:41 pm

'തരുന്ന ബഹുമാനമേ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ'; പൊലീസിനെതിരെ എടാ വിളി ക്യാമ്പയ്‌നുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് കാലത്തുള്ള പൊലീസിന്റെ അനാവശ്യ പരിശോധനയിലും പരുക്കന്‍ പെരുമാറ്റത്തിലും പ്രതിഷേധിച്ച് കേരളാ പൊലീസിനെതിരെ എടാ വിളി ക്യാമ്പയ്‌നുമായി സോഷ്യല്‍ മീഡിയ.

കഴിഞ്ഞദിവസം  പൊലീസുകാരന്റെ ‘എടാ’ വിളിയും അതിനെതിരെ ചില ആളുകളുടെ പ്രതികരണവുമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വീഡിയോ ഏറ്റെടുത്താണ് എടാ വിളി ഹാഷ് ടാഗ് ക്യാമ്പയ്‌നുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഹരീഷ് വാസുദേവനാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

‘പൗരന്മാരെ ‘എടാ’ എന്നു വിളിക്കുന്ന ഏത് പൊലീസുകാരനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ഇനി ‘എടാ’ എന്നേ തിരിച്ചു നമ്മളും വിളിക്കാവൂ അല്ലേ?
തരുന്ന ബഹുമാനമേ ഇവര്‍ക്കൊക്കെ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ.
എത്ര മലയാളികള്‍ തയ്യാറുണ്ട്? ഈ എടാ വിളിക്ക്? #എടാവിളിക്യാമ്പയ്ന്‍,’ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതി.

കൊവിഡ് കാലത്ത് പ്രയാസത്തിലായ ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റത്തിനെതിരെ വലിയ ജനവികാരമുണ്ട്.  വിജനമായ സ്ഥലത്ത് പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് 2,000 രൂപ പൊലീസ് പിഴയിട്ടത് വലിയ വാര്‍ത്തയായിരുന്നു.

കാസര്‍ഗോഡ് കോടോംബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനാണ് പൊലീസ് പിഴയിട്ടത്. വീട്ടിലെത്തിയായിരുന്നു പൊലീസ് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.

കൊല്ലത്ത് ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസ് പിഴയിട്ടത് ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തതും വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Social media with a campaign against the police

We use cookies to give you the best possible experience. Learn more