കോഴിക്കോട്: തന്റെ അഭിപ്രായം തുറന്നു പറയുന്നതു പോലെ തന്നെ തന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നയാളാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയ ഉണ്ടാക്കുന്ന തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക്, മകളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ചെറുതും വലുതമായ എല്ലാം പൃഥ്വി ആരാധകരുമായി പങ്കു വെക്കാറുണ്ട്.
എന്നാല്‍ പൃഥ്വിയുടെ രാജകുമാരിയുടെ മുഖം മാത്രം താരം ഇതുവരേയും പുറത്ത് വിട്ടിരുന്നില്ല. അലംകൃതയുടെ ചിത്രങ്ങളില്‍ ഒരിക്കലും അവളുടെ കുഞ്ഞു മുഖം കണ്ടിരുന്നില്ല. സ്വാകാര്യത കണക്കിലെടുത്തായിരുന്നു ഇതുവരേയും മകളുടെ ചിത്രം പുറത്ത് വിടാതിരുന്നത്.
എന്നാല്‍ ഇന്നലെ, അലംകൃതയുടെ പിറന്നാള്‍ ദിവസം പൃഥ്വി ആ പതിവ് തെറ്റിച്ചു. പിറന്നാള്‍ ആശംസകള്‍ക്ക് ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അലംകൃതയുടെ ചിത്രം പൃഥ്വി പോസ്റ്റ് ചെയ്യുകയായിരുന്നു. മകള്‍ക്ക് ഹാപ്പി ബര്‍ത്ത്ഡേ നേരുന്നതിനോടൊപ്പം പൃഥ്വി കുറിച്ചത് ഇങ്ങനെയായിരുന്നു.
“നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്…”
അല്ലി മോളുടെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് പൃഥ്വി ആരാധകര്‍ നല്‍കിയിരിക്കുന്നത്.
“ഒരായിരം ചേട്ടന്മാരുടെ ഒരേ ഒരു ചക്കരമുത്തിന് ഞങ്ങളുടെ അല്ലിമോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്. രാജുവേട്ടാ ഏട്ടനും അഡ്വാന്‍സ് ആയിട്ട് ജന്മദിനാശംസകള്. വീണ്ടും പറയുന്നു അഭിമാനിക്കുന്നു രാജുവേട്ടന്റെ ആരാധകന് ആയതില്‍”. “നിങ്ങള്‍ക്കിത് പ്രഥ്വിരാജിന്റെ മകള്‍….!ഞങ്ങള്‍ക്ക് ഇത് പുതിയകുഞ്ഞാവ…..(എന്ന് സ്വന്തം ട്രോളന്)” എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണം.