ഇക്കുറി ഐ.പി.എല്ലില്‍ ഏറ്റവും വിവാദമായ മാച്ചുകളില്‍ ഒന്നായിരുന്നു വിരാട് കോഹ്‌ലിയുടെ ആര്‍.സി.ബിയും ഗൗതം ഗംഭീറിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള രണ്ട് പോരാട്ടങ്ങളും. ഞായറാഴ്ച സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെ വറചട്ടിയിലിട്ട് പൊരിച്ചെടുത്ത ആര്‍.സി.ബിക്ക് അഭിനന്ദനങ്ങളുമായി ലഖ്‌നൗ ട്വീറ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.
12 മത്സരങ്ങള്‍ വീതം കളിച്ച ആര്‍.സി.ബിയും ലഖ്‌നൗവും ഐ.പി.എല്‍ എലിമിനേറ്റര്‍ റൗണ്ടില്‍ വീണ്ടും കൊമ്പുകോര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ ജയിച്ചപ്പോള്‍ ഗൗതം ഗംഭീര്‍ ഗ്യാലറിയിലെ ചെമ്പട ആരാധകരോട് മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടില്‍ ആതിഥേയരെ വീഴ്ത്തി കോഹ്‌ലിപ്പട പ്രതികാരവും തീര്‍ത്തു. കണ്ണിന് കണ്ണ്, പല്ലിന് പല്ലെന്ന രീതിയില്‍ കിങ് കോഹ്‌ലി തിരിച്ചും അതേ ആംഗ്യം കാണിച്ച് ഒരേസമയം ഗംഭീറിനേയും ലഖ്‌നൗ ഫാന്‍സിനേയും മതിയാവോളം കളിയാക്കി. കളിക്കിടെ അഫ്ഗാനി പേസര്‍ നവീന്‍ ഉള്‍ ഹഖിനോടും കോഹ്‌ലി കൊമ്പുകോര്‍ത്തതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കി.
അസാധാരണമായി ഈ വാക്‌പോര് കളിക്കളത്തിന് പുറത്തേക്ക് നീളുന്നതിനും ഇക്കുറി ഐ.പി.എല്‍ സാക്ഷ്യം വഹിച്ചു. കനത്ത തുക ഫൈനടപ്പിച്ച് കോഹ്‌ലി, നവീന്‍ ഉള്‍ ഹഖ്, ഗംഭീര്‍ എന്നിവരുടെ വായടപ്പിക്കാനാണ് ഇതിനടയില്‍ ബി.സി.സി.ഐ ശ്രമിച്ചത്.
എന്നാല്‍, കോഹ്‌ലിപ്പടയുടെ ഇന്നലത്തെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ വീണ്ടും ലഖ്‌നൗ-ആര്‍.സി.ബി പോരാട്ടത്തിന് ഐ.പി.എല്‍ വേദിയാകാന്‍ സാധ്യതയുണ്ടെന്ന ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനില പാലിക്കുന്ന സാഹചര്യത്തില്‍, എലിമിനേറ്ററില്‍ ആര് ജയിച്ചാലും സോഷ്യല്‍ മീഡിയ അതാഘോഷിക്കുമെന്ന് ഉറപ്പാണ്.
ആര്‍.സി.ബിയെ അഭിനന്ദിക്കുന്ന ലഖ്‌നൗവിന്റെ ട്വീറ്റിന് താഴെ യഥാര്‍ത്ഥത്തില്‍ കോഹ്‌ലി-ഗംഭീര്‍, കോഹ്‌ലി-നവീന്‍ ഉള്‍ ഹഖ് ഫാന്‍ ഫൈറ്റാണ് നടക്കുന്നത്. മൂവരും എതിര്‍ ടീം ഫാന്‍സിന്റെ ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ട്. ലഖ്‌നൗ ആര്‍.സി.ബിയെ ഭയക്കുന്നുണ്ടെന്നും അവരിപ്പോള്‍ ഡെയ്ഞ്ചര്‍ സോണിലാണെന്നുമാണ് റെഡ് ആര്‍മിയുടെ പരിഹാസം.
ലഖ്‌നൗ ട്വിറ്റര്‍ അഡ്മിനെ ഗംഭീര്‍ ഇന്ന് തീര്‍ത്തുകളയുമെന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, ലഖ്‌നൗവിന്റെ യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ് കാണാനാകുന്നതെന്ന് ഒരു ആര്‍.സി.ബി ഫാന്‍ പോസ്റ്റിന് താഴെ കുറിച്ചു.
നവീന്റെ മാങ്ങയോടുള്ള ആര്‍ത്തി ചെക്കന്‍ തീര്‍ക്കുമെന്നാണ് മറ്റൊരു കോഹ്‌ലി ആരാധകന്റെ ട്വീറ്റ്. അതേസമയം, രണ്ടാമത്തെ എലിമിനേറ്ററില്‍ നമുക്ക് വീണ്ടും കാണാമെന്നാണ് ഒരു ലഖ്‌നൗ ആരാധകന്റെ വെല്ലുവിളി.
CONTENT HIGHLIGHTS: social media war between RCB and LSG