'ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാകണം, ആളുകള്‍ കൂവണം, കുറ്റം പറയണം; അപ്പോഴല്ലേ ലൈഫിന് ഒരു രസം'; മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
Daily News
'ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാകണം, ആളുകള്‍ കൂവണം, കുറ്റം പറയണം; അപ്പോഴല്ലേ ലൈഫിന് ഒരു രസം'; മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2017, 9:44 pm

കോഴിക്കോട്: മോഹന്‍ ലാല്‍ ചിത്രമായ വില്ലന്‍ ഇന്ന് തിയ്യറ്ററുകളിലെത്തി. മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രം പക്ഷെ നിരാശപ്പെടുത്തിയെന്നാണ് ആദ്യ ദിവസത്തെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്. സോഷ്യല്‍ മീഡീയയിലും മറ്റും ചിത്രത്തിന് നെഗറ്റീവ് മുതല്‍ സമ്മിശ്ര റിവ്യൂകളാണ് ലഭിച്ചു വരുന്നത്.

ഇതിനിടെ ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞ പ്രസ്താവന വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാലിന്റേതായി ഒരു പ്രമുഖ പത്രത്തില്‍ വന്ന വാക്കുകളാണ് താരത്തിന്റെ മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.


Also Read: വില്ലന്‍: മറ്റൊരു ദുരന്ത നായകന്‍


” ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്കു ചില അപ്‌സ് ആന്‍ഡ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം” എന്നു തുടങ്ങുന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയായിരിക്കന്നത്.

എല്ലാം നല്ലതായി വന്നാല്‍ എന്താണെന്നൊരു രസം. മടുത്തു പോവില്ലെ? ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാകണം, ആളുകള്‍ കൂവണം, കുറ്റം പറയണം ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക് ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ. എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഭാവി മുന്നില്‍ കണ്ട് മോഹന്‍ലാല്‍ നേരത്തെ തന്നെ പറഞ്ഞ വാക്കുകളാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ പറയുന്നത്.