| Saturday, 1st June 2024, 8:42 pm

ധ്യാനനിമഗ്നനായി മോദി, കുമ്മോജി ഇട്ട് ചിത്രത്തെ കോമഡിയാക്കി സോഷ്യൽ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച പ്രധാനമന്ത്രിയുടെ ധ്യാനത്തിന്റെ ചിത്രത്തിന് താഴെ കൂട്ടച്ചിരി പരത്തി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് ധ്യാനത്തിന്റെ ചിത്രങ്ങള്‍ ബി.ജെ.പി തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചത്.

ചിത്രത്തിന് താഴെ മണിക്കൂറുകള്‍ കൊണ്ട് ലഭിച്ചത് ആകെ 14,000ത്തിലധികം റിയാക്ഷനുകളാണ്. ഇതില്‍ 12,000ത്തിലധികവും കുമ്മോജികളാണ്. അവസാനഘട്ട തെരഞ്ഞെടുപ്പിനിടെ വിവേകാനന്ദ പാറയില്‍ മോദി ധ്യാനത്തിനിരുന്നത് ഹിന്ദു വോട്ടില്‍ സ്വാധീനം ചെലുത്താനാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ധ്യാന ചിത്രങ്ങള്‍ ചിരിച്ച് തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന്റെ പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെയാണ് മോദി കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനത്തിന് പോയത്.

48 മണിക്കൂര്‍ നീണ്ട ധ്യാനത്തിനൊടുവില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് അവസാനിച്ച് ശനിയാഴ്ച വൈകിട്ടോടെയാണ് മോദി ധ്യാനം അവസാനിപ്പിച്ച് സ്ഥലത്ത് നിന്ന് മടങ്ങിയത്. നേരത്തെ ക്യാമറയുമായി മോദി ധ്യാനിക്കാന്‍ പോകുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു.

ഹിന്ദു വോട്ടുകളില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടി മോദി പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്യുകയാണെന്ന് കാട്ടി തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നായിരുന്നു ആവശ്യം.

Content Highlight: Social media turned Modi’s meditation pictures into comedy

We use cookies to give you the best possible experience. Learn more