| Monday, 15th November 2021, 5:08 pm

'പാണ്ഡവര്‍ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ആസ്‌ത്രേലിയ!' 'അപ്പോള്‍ മലേഷ്യയോ ഗുരുവേ?!' ശ്രീ ശ്രീ രവിശങ്കറിനെ എയറില്‍ കേറ്റി ട്രോളന്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാണ്ഡവര്‍ തങ്ങളുടെ കാലത്ത് ശക്തമായ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ആസ്ത്രലിയ എന്ന ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. ഭക്തന്‍മാരില്‍ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് രവിശങ്കര്‍ ഇക്കാര്യം പറഞ്ഞത്,

പാണ്ഡവര്‍ തങ്ങളുടെ ശക്തിയേറിയ അസ്ത്രങ്ങളായ ബ്രഹ്മാസ്ത്രം, പശുപതാസ്ത്രം തുടങ്ങിയവ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭക്തന്റെ ചോദ്യം. ഇതിനുത്തരമായാണ് രവിശങ്കര്‍ ഇക്കാര്യം പറഞ്ഞെത്.

ആസ്‌ത്രേലിയയിലായിരുന്നു പാണ്ഡവന്മാര്‍ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ ഉത്തരം. ‘നമ്മുടെ മഹാഭാരതത്തില്‍ അതിനെ അസ്ത്രാലയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് പിന്നീട് ആസ്‌ത്രേലിയ ആയി മാറിയത്,’ അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് ട്രോളന്‍മാര്‍ രവിശങ്കറിനെ എയറില്‍ കയറ്റിയത്. ഇതോടെ ഓരോ രാജ്യങ്ങള്‍ക്കും ‘പൗരാണികമായ’ പല പല നിര്‍വചനങ്ങളാണ് ട്രോളന്‍മാര്‍ നല്‍കുന്നത്.

യുദ്ധം ചെയ്ത് ബോറടിച്ചപ്പോള്‍ പാണ്ഡവര്‍ കപ്പലണ്ടി കൊറിച്ച സ്ഥലാണ് കൊറിയ എന്നും, പകിട കളിയില്‍ ശകുനി പാണ്ഡവന്‍മാര്‍ക്ക് ചെക്ക് പറഞ്ഞ സ്ഥലമാണ് ചെക്ക് റിപ്പബ്ലിക്കെന്നും ട്രോളന്‍മാര്‍ പറയുന്നു.

യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാര്‍ സ്ലോ മോഷനില്‍ നടന്നു (വാക്ക് ചെയ്ത്) വന്ന സ്ഥലം ‘സ്ലോവാക്കിയ’. ദ്രോണര്‍ ഏകലവ്യനോട് ”ദക്ഷിണ താ ഫ്രീക്കാ” എന്ന് പറഞ്ഞ സ്ഥലം, ‘ദക്ഷിണാഫ്രിക്ക’. യുദ്ധത്തിന്റെ തലേന്ന് വെറും മുപ്പത്തഞ്ച് അമ്പ് കിട്ടിയാല്‍ ഞങ്ങള്‍ ജയിക്കും എന്ന് വീമ്പുപറഞ്ഞ ദുര്യോധനനോട് നമുക്ക് ”കാണാടാ” എന്ന് ഭീമന്‍ പറഞ്ഞ സ്ഥലം ‘കാനഡ’ തുടങ്ങിയവയാണ് ഏറെ ചിരിയുണര്‍ത്തുന്ന രാജ്യങ്ങളുടെ പേര് വന്ന വഴികള്‍.

കേരളത്തിലെ പ്രസിദ്ധമായ ‘എടപ്പാളോട്ട’ത്തേയും ട്രോളന്‍മാര്‍ ഒരു രാജ്യവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാണ്ഡവരുടെ കാലത്തെ മിത്രങ്ങള്‍ എടപ്പാളുകാരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച നാട്, ”നോ എടപ്പാള്‍” ആണ് കാലാന്തരത്തില്‍ നേപ്പാള്‍ ആയതെന്നാണ് ട്രോളന്‍മാരുടെ നിര്‍വചനം.

ഏതായാലും രവിശങ്കറിനെ ഇപ്പോഴൊന്നും താഴെയിറക്കണ്ട എന്നാണ് ട്രോളന്‍മാരുടെ നിലപാട്. അവര്‍ ഇപ്പോഴും രാജ്യങ്ങളുടെ ‘പൗരാണികമായ’ പഴയ പേരുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

ഇതാദ്യമായല്ല രവിശങ്കര്‍ ഇത്തരം പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. കര്‍ഷക ആത്മഹത്യകള്‍ക്ക് കരണം ആത്മീയതയുടെ അഭാവമാണെന്നും, ആത്മീയതയ്ക്കായി യോഗ ശീലിക്കണമെന്ന രവിശങ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Social Media trolls Sri Sri Ravisankar

We use cookies to give you the best possible experience. Learn more