ISL
'ഇപ്പോള്‍ കളിച്ചത് ആണുങ്ങളുടെ കൂടെയാവും അല്ലേ'; തോല്‍വിക്ക് പിന്നാലെ സന്ദേശ് ജിംഖാനെ ട്രോളി സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Mar 13, 03:19 am
Sunday, 13th March 2022, 8:49 am

ഐ.എസ്.എല്ലിന്റെ രണ്ടാം പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യപാദമത്സരം കഴിഞ്ഞതോടെ എ.ടി.കെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിംഖാനെ ട്രോളി സോഷ്യല്‍ മീഡിയ.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിന് ശേഷം നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്ത അടിസ്ഥാനമാക്കിയാണ് സോഷ്യല്‍ മീഡിയ ജിംഖാനെ എയറില്‍ കേറ്റിയിരിക്കുന്നത്.

‘പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചതുപോലെ’ എന്നായിരുന്നു ജിംഖാന്‍ അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദരാബാദിനോട് 3-1ന് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

‘ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചതുപോലുള്ള ഫീല്‍ അല്ലേ’ ‘ഇനിയും ഇമ്മാതിരി വര്‍ത്തമാനം പറയാന്‍ നില്‍ക്കരുത്’ ‘കര്‍മ ആസ് എ ബൂമറാംഗ്’ ‘സെഡ് ആയോ മോനൂസേ’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ജിംഖനെതിരെ ഉയരുന്നത്.

തന്റെ പരാമര്‍ശത്തില്‍ ജിംഖന്‍ മാപ്പുമായി രംഗത്തെത്തിയിരുന്നെങ്കിലും ആരാധകരുടെ കലി ഇനിയും അടങ്ങിയിട്ടില്ല എന്നാണ് വ്യക്തമാവുന്നത്.

കളിയുടെ ആദ്യസമയങ്ങളില്‍ 1-0 എന്ന നിലയില്‍ മുന്നിട്ടുനിന്ന ശേഷമാണ് എ.ടി.കെ 3-1ലേക്ക് വീണത്.

18ാം മിനിട്ടില്‍ റോയ് കൃഷ്ണയിലൂടെ മുന്നിലെത്തിയ എ.ടി.കെയ്ക്ക് പിന്നീട് ആ കുതിപ്പ്‌ കാത്തുസൂക്ഷിക്കാന്‍ മുന്നേറ്റ നിരയ്‌ക്കോ, ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ നിരയ്‌ക്കോ സാധിച്ചില്ല.

ഹാഫ് ടൈമിന് മുമ്പേയുള്ള ഇഞ്ച്വറി ടൈമിലായിരുന്നു ഹൈദരാബാദിന്റെ സമനില ഗോള്‍ പിറന്നത്. മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ബര്‍ത്യലമു ഒഗ്ബച്ചെയുടെ കാലില്‍ നിന്നുമായിരുന്നു ഗോള്‍ പിറന്നത്.

58 മിനിറ്റില്‍ മുഹമ്മദ് യാസിറും 64 മിനിറ്റില്‍ ഹാവിയര്‍ സിവേറിയോയും ഹൈദരാബാദിനായ വലകുലുക്കിയപ്പോള്‍ ആദ്യ പാദത്തില്‍ എ.ടി.കെ തകര്‍ന്നടിയുകയായിരുന്നു.

മാര്‍ച്ച് 16നാണ് രണ്ടാം പ്ലേ ഓഫ് മത്സരത്തിേെന്റ രണ്ടാം പാദം. മാര്‍ച്ച് 20നാണ് ഫൈനല്‍ പോരാട്ടം.

Content Highlight: Social Media Trolls Sandesh Jinghan After ATK’s Loss against Hyderabad FC