| Thursday, 11th August 2022, 1:44 pm

നെഹ്‌റ ബൗളറാണ് ഹേ... നിങ്ങള്‍ക്ക് ആളെ മാറിപ്പോയി; ചൊറിയാന്‍ പോയി പണി വാങ്ങിച്ച് പാക് കമന്റേറ്റര്‍; തേച്ചൊട്ടിച്ച് സേവാഗ്‌

സ്പോര്‍ട്സ് ഡെസ്‌ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്ഥാന്റെ സൂപ്പര്‍ താരം അര്‍ഷാദ് നദീം സ്വര്‍ണം നേടിയിരുന്നു. ഗെയിംസ് റെക്കോഡ് മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ സ്വര്‍ണനേട്ടം.

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ജാവലിനില്‍ സ്വര്‍ണം നീരജ് ചോപ്രയ്ക്ക് പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന് കോമണ്‍വെല്‍ത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ സ്വര്‍ണനേട്ടത്തില്‍ നീരജ് ഏറെ സന്തോഷിക്കുകയും നദീമിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ബെര്‍മിങ്ഹാമിലെ നദീമിന്റെ വിജയം ഇന്ത്യയെ കുറച്ചുകാണിക്കാനുള്ള ഒരു ടൂളായിട്ടായിരുന്നു പലരും കണ്ടത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ഹീറോയെ നിഷ്പ്രഭനാക്കുന്ന പാകിസ്ഥാനി താരത്തിന്റെ പ്രകടനം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അവരിത് ആഘോഷമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യയെ അടിക്കാനുള്ള വടി തേടിപ്പിടിച്ച്, ആ വടികൊണ്ട് തന്നെ തിരിച്ച് തല്ല് വാങ്ങിയിരിക്കുകയാണ് പാകിസ്ഥാനിലെ പ്രമുഖ കോണ്‍സ്പിറസി തിയറിസ്റ്റും പൊളിറ്റിക്കല്‍ കമന്റേറ്ററുമായ സെയ്ദ് ഹമീദ്. നീരജ് ചോപ്രയെ കൊച്ചാക്കി നദീമിന് അഭിന്ദനമറിയിച്ച അയാള്‍ ഇപ്പോള്‍ എയറിലാണ്.

രണ്ട് കാരണത്താലാണ് സെയ്ദ് ഹമീദ് എയറിയാലിരിക്കുന്നത്. ഒന്നാമത്തേത്, ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്ര പങ്കെടുത്തിരുന്നില്ല. കോമണ്‍വെല്‍ത്തിന് ഒരാഴ്ച മുമ്പ് നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റതോടെയാണ് നീരജിന് കോമണ്‍വെല്‍ത്ത് നഷ്ടപ്പെട്ടത്.

രണ്ടാമത്തെ കാരണമാണ് ഏറ്റവും രസകരം. നീരജ് ചോപ്രയ്ക്ക് പകരം ആശിഷ് നെഹ്‌റയെ ഉദ്ദരിച്ചാണ് സെയ്ദ് ഹമീദ് പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യന്‍ ജാവലിന്‍ സ്‌പെഷ്യലിസ്റ്റിന് പകരം ഇന്ത്യന്‍ പേസറെ കളിയാക്കി ട്വീറ്റ് പങ്കുവെച്ചതോടെയാണ് ഹമീദ് എയറിലായിരിക്കുന്നത്.

ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗ് അടക്കം ഇയാളെ കളിയാക്കി രംഗത്തുവന്നിട്ടുണ്ട്.

‘ആശിഷ് നെഹ്‌റ അടുത്ത യു.കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്,’ എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്.

ഇതിന് പിന്നാലെ നിരവധി ആളുകളും സെയ്ദ് ഹമീദിനെ എയറില്‍ കയറ്റാന്‍ മത്സരിക്കുന്നുണ്ട്.

അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിസില്‍ 90 മീറ്റര്‍ മാര്‍ക്ക് മറികടന്നുകൊണ്ടായിരുന്നു അര്‍ഷാദ് നദീം ജാവലിനില്‍ സ്വര്‍ണം നേടിയത്. നീരജ് ചോപ്ര തന്നെയായിരുന്നു നദീമിന് അഭിനന്ദനവുമായി ആദ്യമെത്തിയതും. തനിക്ക് മറികടക്കാന്‍ സാധിക്കാത്ത 90 മീറ്റര്‍ മാര്‍ക്ക് തന്റെ സുഹൃത്ത് മറികടന്നതിലുള്ള എല്ലാ സന്തോഷവും അതിലുണ്ടായിരുന്നു.

നീരജ് ചോപ്ര സ്വര്‍ണം നേടിയ ടോക്കിയോ ഓളിമ്പിക്‌സില്‍ ആദ്യ മൂന്നിലെത്താന്‍ നദീമിനായിരുന്നില്ല. നീരജ് മെഡല്‍ നേടിയ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും നദീമിന് പോഡിയത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ കോമണ്‍വെല്‍ത്തിലെ ഗെയിംസ് റെക്കോഡ് ഭേദിച്ചാണ് നദീം നീരജിന് ഒത്ത എതിരാളിയായി എത്തിയിരിക്കുന്നത്. ഏതായാലും ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫ്രണ്ട്‌ലി റൈവല്‍റി പോലെ അത്‌ലറ്റിക്‌സിലും അത്തരത്തിലൊരു റൈവല്‍റി പിറവിയെടുക്കുമെന്നുറപ്പാണ്.

Content Highlight: Social Media trolls  Pakistani commentator because he confuses Ashish Nehra with Neeraj Chopra

We use cookies to give you the best possible experience. Learn more