അപ്പോ എങ്ങനാ യോഗി സാറേ, വിട്ടുകൊടുക്കുവല്ലേ; യോഗിയുടെ മഠം സ്ഥാപിച്ചത് മുഗളന്മാര്‍ കൊടുത്ത ഭൂമിയിലെന്ന വാര്‍ത്തയില്‍ സോഷ്യല്‍ മീഡിയ
India
അപ്പോ എങ്ങനാ യോഗി സാറേ, വിട്ടുകൊടുക്കുവല്ലേ; യോഗിയുടെ മഠം സ്ഥാപിച്ചത് മുഗളന്മാര്‍ കൊടുത്ത ഭൂമിയിലെന്ന വാര്‍ത്തയില്‍ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th February 2024, 1:20 pm

വാരണാസി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മഠമായ ഗോരഖ്‌നാഥ് മഠം സ്ഥാപിക്കപ്പെട്ടത് മുഗള്‍ രാജാക്കന്മാര്‍ കൊടുത്ത ഭൂമിയില്‍ അവരുടെ അനുവാദത്തോടെയാണെന്ന് കാശി വിശ്വനാഥ ക്ഷേത്രം മുന്‍ മുഖ്യപൂജാരി രാജേന്ദ്ര തിവാരി പറഞ്ഞ വാര്‍ത്തയ്ക്ക് പിന്നാലെ പരിഹാസവുമായി സോഷ്യല്‍ മീഡിയ.

യോഗി സാറേ മഠം നാളെത്തന്നെ വിട്ടുകൊടുക്കുകയല്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. കര്‍സേവയും തല്ലിപ്പൊളിക്കലുമൊന്നും വേണ്ടെന്നും അങ്ങ് കൈമാറിയാല്‍ മതിയെന്നും ചിലര്‍ പറയുന്നു.

ഇത്രയും വലിയൊരു കാര്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച പൂജാരി ലൈഫ് ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടോ എന്നാണ് ചിലരുടെ ട്രോള്‍. അയോധ്യയിലെ ഒരു മഹന്ത് രാം കെ നാം ഡോക്യുമെന്ററിയില്‍ പഴയ കഥയൊക്കെ പറഞ്ഞ് ഒരു വര്‍ഷം കഴിയും മുന്നേ അകാല ചരമമടഞ്ഞിരുന്നു എന്നാണ് ഓര്‍മ്മയെന്നും ചിലര്‍ കുറിച്ചു.

ദാനം തന്നത് തിരിച്ചുചോദിക്കരുതെന്ന് സനാതന ധര്‍മ്മത്തിലുണ്ടെന്നും മഠത്തിനുള്ള സ്ഥലം മുഗള്‍ രാജാക്കന്‍ മാര്‍ കൊടുത്തതാകാന്‍ വഴിയില്ലല്ലോയെന്നും ചോദിച്ച് ട്രോളുവന്നവരുമുണ്ട്.

മറ്റേ പണിക്കര്‍ ചോദിക്കുന്നത് മുഗളന്‍മാര്‍ക്ക് ആര് കൊടുത്തു എന്നായിരിക്കുമെന്നും പൂജാരിയെ തെരഞ്ഞ് ഇ.ഡി പുറപ്പെട്ടു കഴിഞ്ഞെന്നും ട്രോളുകളുണ്ട്.

യോഗി ആദിത്യനാഥിന്റെ മഠം സ്ഥാപിച്ചത് മുഗള്‍ രാജാക്കന്മാര്‍ കൊടുത്ത ഭൂമിയിലാണെന്നും കാശി ക്ഷേത്രം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് ഔറംഗസേബിന്റെ സുബൈദാര്‍ ആയിരുന്ന ജയ്‌സിങ് ആയിരുന്നു എന്ന കാര്യം സംഘപരിവാര്‍ നിങ്ങളോട് പറയില്ലെന്നും എഴുത്തുകാരന്‍ ബിനോജ് നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കാശി വിശ്വനാഥ ക്ഷേത്രം മുന്‍ മുഖ്യപൂജാരി രാജേന്ദ്ര തിവാരി പറയുന്നുണ്ട്.

കാശിയില്‍ തന്നെയുള്ള മറ്റൊരു ക്ഷേത്രമായ ജഗംബാഡിയില്‍ ശിവന്റെ ആരാധനയ്ക്കായി ഭൂമി മുഴുവന്‍ ഔറംഗസേബ് നല്‍കിയതാണെന്നും അവിടെ ശിവന്റെ പൂജ നടത്തണമെന്ന് ഔറംഗസേബ് നല്‍കിയ സമ്മതപത്രത്തില്‍ (പട്ട) വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജഗംബാഡി മഠത്തില്‍ ഔറംഗസേബിന്റെ സമ്മതപത്രം കണ്ടപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ അത് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും തിവാരി ആരോപിച്ചു.

അതേസമയം കാശ് വിശ്വനാഥ കോറിഡോറിന്റെ നിര്‍മ്മാണത്തിനായി നിരവധി ക്ഷേത്രങ്ങളാണ് മോദി സര്‍ക്കാര്‍ തകര്‍ത്തതെന്നും തകര്‍ന്ന ക്ഷേത്രങ്ങളെല്ലാം 500 വര്‍ഷം മുതല്‍ നൂറ്റാണ്ടുകള്‍ വരെ പഴക്കമുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു.

മസ്ജിദ് തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ശിങ്കാര്‍ ഗൗരിയില്‍ ദര്‍ശനത്തിനുള്ള അവകാശം തേടി കോടതിയെ സമീപിച്ച അഞ്ച് വനിതകളും ആര്‍.എസ്.എസുമായി ബന്ധമുള്ളവരാണെന്നും പള്ളിയുടെ മതില്‍ക്കെട്ടിന് പുറത്തുള്ള ശിങ്കാര്‍ ഗൗരിയുടെ വിഗ്രഹത്തില്‍ വര്‍ഷങ്ങളായി പൂജ നടക്കുന്നുണ്ടെന്നും തിവാരി പറഞ്ഞു.

അതിനാല്‍ പൂജ ചെയ്യാന്‍ സ്ത്രീകള്‍ കോടതിയില്‍ പോവുകയും അപഹാസ്യകരമായ ഹരജി കോടതി നിരസിക്കാതിരിക്കുകയും ചെയ്തത് സംഘപരിവാറിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Social Media Trolls on Yogi Adhithyanath Math is constructed on land given by Mughal Emporers