അഹമ്മദാബാദ്: ഉത്തര്‍പ്രദേശില്‍ ഒറ്റമുറിയില്‍ അടുത്തടുത്തായി രണ്ട് ടോയ്‌ലറ്റുകള്‍ പണിത നടപടി കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഗൗരദുണ്ട ഗ്രാമത്തില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സാണ് ചര്‍ച്ചയായിരുന്നത്.
ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും വരുന്നുണ്ട്. ‘വികസനത്തിന്റെ യു.പി മോഡല്‍’ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്റര്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
‘ഐകമത്യം മഹാബലം, ചെറിയ ക്ലാസില്‍ കോപ്പി പുസ്തകത്തിലെഴുതി മനപാഠമാക്കിയപ്പോ ഇത്രകണ്ട് നിരീച്ചില്യ,’ എന്നാണ് സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ എഴുതിയത്. ഇതുസംബന്ധിച്ച് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘യോഗിയുടെ ചിത്രം കൂടി വെക്കാമായിരുന്നു, മിണ്ടീം പറഞ്ഞും ഇരിക്കാലോ, ഫേസ് ടു ഫേസ് ടെക്‌നോളജിയാണ്,’ തുടങ്ങിയ കമന്റുകളും ഇതിന് താഴെ വന്നുകൊണ്ടിരിക്കുന്നുണ്ട്.
അതേസമയം, യു.പി സര്‍ക്കാരിന്റെ ‘ഇസ്സത് ഘര്‍’ എന്ന പദ്ധതി പ്രകാരമാണ് ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മിച്ചത്. പത്ത് ലക്ഷം രൂപയോളമാണ് ഇതിന്റെ നിര്‍മാണ ചിലവ്.
അശാസ്ത്രീയമായതും പ്രായോഗികമല്ലാത്തതുമായ ടോയ്‌ലറ്റ് നിര്‍മാണത്തെ പറ്റി അന്വേഷിക്കുമെന്നാണ് ഡിസ്ട്രിക്ട് പഞ്ചായത്ത് രാജ് ഓഫീസര്‍ നമ്രത ശരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
And BJP says no corruption 😀
The photographs of the toilet complex at Gaura Dhundha village in Uttar Pradesh’s Basti district have gone viral on social media.
The toilet complex or Izzat Ghar, as it is called in government terminology, was built at a cost of Rs 10 lakh pic.twitter.com/lpPv7hquFe
ടോയ്‌ലറ്റുകള്‍ക്ക് വാതില്‍ ഇല്ലാത്തതും, തമ്മില്‍ മറയില്ലാത്തതും ഗുരുതര നിര്‍മാണ അപാകതയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.