തൃശൂര്‍: ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനും നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി.യതീഷ് ചന്ദ്രയും തമ്മില്‍ നടന്ന വാക്ക് തര്‍ക്കം വന്‍ വിവാദമായിരുന്നു. കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തുകയും രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് ലോക്സഭയില്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ യതീഷ് ചന്ദ്രയുടെ നടപടിയില്‍ അദ്ദേഹത്തിനെതിരെ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നു ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
“കേരളത്തിലെ ബി.ജെ.പി നേതാക്കന്‍മാര്‍ യതീഷ് ചന്ദ്ര ഐ.പി.എസ് കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ദല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട്, ഇപ്പോള്‍ കേന്ദ്രം തൃശൂര്‍ വന്ന് അദ്ദേഹത്തെ കണ്ടു”. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പൊന്‍രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്.
മറ്റ് വാഹനങ്ങള്‍ കടത്തി വിട്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് മന്ത്രി ഉത്തരവാദിയാകുമോ എന്നും എസ്.പി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിക്കും കൂട്ടര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടെ സ്വന്തം കടമകള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന രാധാകൃഷ്ണന്‍ എസ്.പിയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാല്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും എസ്.പി മറുപടി നല്‍കി. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് മന്ത്രിയും സംഘവും സന്നിധാനത്തേക്ക് പോയത്.
ഇതായിരുന്നു ബി.ജെ.പിയെ ചൊടിപ്പിച്ചത്. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലംമാറ്റണമെന്നായിരുന്നു സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ഞങ്ങളോട് മാത്രമെന്തിനാണ് ഇങ്ങനത്തെ കാട്ടുനീതി. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയല്ലേ. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. യതീഷ് ചന്ദ്രക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെയും അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.