| Friday, 28th July 2017, 9:15 pm

'ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് നടന്നില്ല, പിന്നെയാ...'; അവര്‍ക്കെന്നെ ഇത്തവണയും കൊല്ലാന്‍ കഴിഞ്ഞില്ലെന്ന കുമ്മനത്തിന്റെ പോസ്റ്റിന് ട്രോളന്മാരുടെ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിനെതിരായ ആക്രമണത്തിനു പിന്നാലെ താന്‍ സുരക്ഷിതനാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ട്വീറ്റിന് പൊങ്കാല. സുഹൃത്തുക്കളെ, ഞാന്‍ സുരക്ഷിതനാണ്. അവര്‍ക്ക് ഇത്തവണയും എന്നെ കൊല്ലാന്‍ കഴിഞ്ഞില്ല. ഓരോ ആക്രമണവും നമ്മുടെ പോരാട്ടത്തിന് കരുത്ത് പകരുകയാണ്. എന്നായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്.

ഇതിനെ ട്രോളന്മാര്‍ ഏറ്റെടുക്കുകയായിരുന്നു. പാണ്ടിപ്പട ചിത്രത്തില്‍ പാണ്ടിപ്പടയുടെ തല്ലു കൊണ്ട് കിടക്കുന്ന ഉമാകാന്തനായും ചുരത്തില്‍ മരണത്തെ മുഖാമുഖം കണ്ട സുലൈമാനായും മറ്റുമാണ് കുമ്മനത്തെ ട്രോളന്മാര്‍ ചിത്രീകരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ട്രോളുണ്ട്.


Also Read:  ‘ഇത് ഹറാമാണ്, പാപമായ ഈ ഗെയിം കളിക്കരുത്’; മകനൊപ്പം ചെസ് കളിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെ മതമൗലികവാദികളുടെ ആക്രമണം


അതേസമയം, ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ സിപിഐഎം നേതാവും കൗണ്‍സിലറുമായ ഐപി ബിനു കസ്റ്റഡിയിലായിരുന്നു. ബി.ജെ.പി ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്ത ഐ.പി ബിനു അടക്കമുളളവരെ സി.പി.ഐ.എം സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയടക്കം മൂന്നുപേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന് പിന്നാലെ ഇതിന് നേതൃത്വം നല്‍കിയത് ഐപി ബിനുവും എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു

ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയമാണെന്നും പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ലെന്നും നേരത്തെ കോടിയേരി പറഞ്ഞിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബി.ജെ.പി എതിര്‍ത്തില്ല. കേരളത്തില്‍ ബി.ജെ.പി ആക്രമണം അഴിച്ചുവിടുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍.എസ്.എസിന് ഗൂഢപദ്ധതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ പുറത്തു വന്ന സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ബിനുവടക്കമുള്ളവരെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി തന്നെ മനസിലായിരുന്നു. സംഭവം സമയം നിഷ്‌ക്രിയരായി നോക്കി നിന്ന രണ്ട് പൊലീസുദ്യോസ്ഥരേയും സസ്‌പെന്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more